പള്ളിക്കുന്ന്, തട്ടാത്തിക്കാനം
പീരുമേട് ∙ ഇടവേളയ്ക്കു ശേഷം ജനവാസ മേഖലകളിൽ കാട്ടാന എത്തി. വ്യാഴാഴ്ച രാത്രി പള്ളിക്കുന്നിലും തട്ടാത്തിക്കാനത്തും ഇറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താൻ കഴിഞ്ഞിട്ടില്ല. തട്ടാത്തിക്കാനത്ത് യൂക്കാലി പ്ലാന്റേഷനിൽ എത്തിയ ആന ദേശീയപാത മുറിച്ചു കടന്നാണ് തട്ടാത്തിക്കാനത്ത് എത്തിയത്.
ഇവിടെ പ്രദേശവാസികളുടെ പുരയിടങ്ങളിൽ കയറി വാഴ, തെങ്ങ് എന്നിവ നശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ മലയോര ഹൈവേയിൽ പള്ളിക്കുന്ന് ഗവ. എൽപി സ്കൂളിന് സമീപം കാണപ്പെട്ട
ആന പിന്നീട് തേയിലക്കാട്ടിലേക്ക് നീങ്ങി. വനപാലകരുടെ സംഘം സ്ഥലത്ത് തുടരുകയാണ്.
വനംവകുപ്പ് നടപടികൾ സ്വീകരിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ പീരുമേട് ആർആർടി ഓഫിസ് പടിക്കൽ കുത്തിയിരിപ്പു സമരം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ, അഴുത സ്റ്റോക്ക് പഞ്ചായത്തംഗം നിക്സൺ ജോർജ് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ യോഗത്തിൽ അഡ്വ.
സിറിയക് തോമസ്, റോബിൻ കാരക്കാട്ട്, ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് എന്നിവർ പ്രസംഗിച്ചു. രണ്ട് ആർആർടി യൂണിറ്റുകളുടെ നേതൃത്വത്തിൽ ആനയെ തുരത്താൻ രാത്രിയിലും ശ്രമം തുടരുമെന്ന് വനംവകുപ്പ് എരുമേലി റേഞ്ച് ഓഫിസർ പറഞ്ഞു.
സോളർ വേലി നിർമാണം തുടങ്ങിയതായും യുദ്ധകാലടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കുമെന്നും ചൂണ്ടിക്കാട്ടി വനം വകുപ്പ് ജനപ്രതിനിധികളായ നിക്സൺ ജോർജ്, മനോജ് രാജൻ എന്നിവർക്കു കത്ത് നൽകി.
കൂട്ടാർ
നെടുങ്കണ്ടം ∙ കൂട്ടാറിലെ ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി. കൂട്ടാർ – കുഴിക്കണ്ടം റോഡിന് സമീപം തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് ഇന്നലെ ഉച്ചയോടെ കാട്ടുപോത്തിനെ കണ്ടത്.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
അതിർത്തി വനമേഖലയിൽനിന്നു കൂട്ടംതെറ്റി വന്നതാകാം എന്നാണ് നിഗമനം. കാട്ടുപോത്തിനെ കണ്ടെത്തി വനമേഖലയിലേക്ക് തുരത്താനാണ് നീക്കം.
ജനവാസ മേഖലയായ ഇവിടെ ആദ്യമായാണ് കാട്ടുപോത്തിറങ്ങുന്നത്. കാട്ടുപന്നി ശല്യത്തിന് പിന്നാലെ കാട്ടുപോത്തും മേഖലയിലെത്തിയത് ആശങ്ക പരത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

