രാജകുമാരി ∙ കാട്ടാനശല്യത്തിൽ വലഞ്ഞ് മലയോര മേഖല. ചിന്നക്കനാൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകൾ ജനവാസ മേഖലകളിലിറങ്ങി ഏക്കർ കണക്കിന് ഏലക്കൃഷിയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ നശിപ്പിച്ചത്.
സമീപ പഞ്ചായത്തായ ശാന്തൻപാറയിലെ തലക്കുളം, കോരംപാറ, തോണ്ടിമല, പന്നിയാർ, ചൂണ്ടൽ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഏഴിന്റെ ആനക്കൂട്ടം എന്നറിയപ്പെടുന്ന കാട്ടാനകളാണ് ജനവാസ മേഖലയിലും കൃഷിയിടങ്ങളിലുമിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു.
കോരംപാറയിൽ കഴിഞ്ഞ ദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഹൈറേഞ്ചിൽ മാത്രമല്ല മുള്ളരിങ്ങാട് ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിലും കാട്ടാനശല്യം രൂക്ഷമാണ്.
കാട്ടാനക്കണക്കിൽ മുൻപിൽ
അവസാനം നടത്തിയ സർവേയിൽ കേരളത്തിലാകെ 2785 കാട്ടാനകളുണ്ടെന്നാണ് വിവരം.
ഇടുക്കിയിലെ ആനമുടി റിസർവിൽ ഭൂവിസ്തൃതി പരിഗണിക്കുമ്പോൾ ആനകളുടെ എണ്ണം കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. പെരിയാറുൾപ്പെടെയുള്ള വന്യജീവി സങ്കേതങ്ങൾ കാട്ടാനകളുടെ ഇഷ്ടകേന്ദ്രങ്ങളുമാണ്. കേരളത്തിൽ 1000 ചതുരശ്ര കിലോമീറ്ററിലുള്ള കാട്ടാനകളുടെ എണ്ണം 71.6 ആണ്.
താെട്ടുപറകിലുള്ള കർണാടകയിൽ അത് പകുതിയിലും താഴെ 31.3 മാത്രമാണ്.
തമിഴ്നാട്ടിൽ 1000 ചതുരശ്ര കിലോമീറ്ററിനുള്ളിൽ 24 ആനകളാണുള്ളത്. കണക്കുകൾ പ്രകാരം കാട്ടാനകളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളത്തിലാണ് കൂടുതൽ.
എന്നാൽ കാട്ടാനകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവില്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.
ഭക്ഷണം തേടി കൃഷിയിടങ്ങളിൽ
കാട്ടാനയ്ക്ക് ഒരു ദിവസം ശരാശരി 150 മുതൽ 300 കിലോഗ്രാം വരെ ഭക്ഷണവും 40 ലീറ്റർ വെള്ളവും വേണം. ദഹനം കുറവായതിനാൽ ദിവസവും 18 മണിക്കൂർ വരെ ആന ഭക്ഷണം കഴിക്കുമെന്നും വിദഗ്ധർ പറയുന്നു.
വനത്തിൽ ഭക്ഷണവും വെള്ളവും കുറയുമ്പോഴാണ് വനാതിർത്തികളിൽ കാട്ടാനശല്യം രൂക്ഷമാകുന്നത്. ഇതാെഴിവാക്കാൻ ആവശ്യമായ ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽ തന്നെ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് വനം വകുപ്പ് അടുത്തിടെ പുറത്തിറക്കിയ നയസമീപന രേഖയിൽ പറയുന്നത്.
അധിനിവേശ സസ്യങ്ങൾ പിഴുതു മാറ്റുക, വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുക, വനമേഖലയിലെ കുളങ്ങളും ജലസംഭരണികളും അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വനം വകുപ്പ് അവകാശപ്പെടുന്നു. എന്നാൽ ജില്ലയിൽ നിരന്തരം കാട്ടാനകളിറങ്ങുന്ന ജനവാസ മേഖലകളുമായി അതിർത്തി പങ്കിടുന്ന വനമേഖലയിൽ കാര്യമായ പ്രവൃത്തികളാെന്നും നടത്തിയിട്ടില്ല.
ഇതാണ് കാട്ടാന ശല്യം രൂക്ഷമാകാൻ കാരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

