കാക്കനാട്∙ വാഹനം വിറ്റെങ്കിലും, വാങ്ങിയവർ പേരു മാറ്റാത്തതിനാൽ പിഴയിനത്തിൽ വൻ തുക നഷ്ടപ്പെട്ടു ഒട്ടേറെ ഉടമകൾ. മൊബൈൽ ഫോണിൽ എത്തിയ സന്ദേശം കണ്ട് ആർടിഒ എൻഫോഴ്സ്മെന്റ് ഓഫിസിൽ അദാലത്തിനെത്തിയപ്പോഴാണ് തങ്ങൾ നേരത്തേ വിറ്റ വാഹനങ്ങൾ പേരു മാറ്റിയിട്ടില്ലെന്നു പല ഉടമകളും അറിയുന്നത്.
4 വർഷം മുൻപ് വിറ്റ ബൈക്കിന്റെ പേരിൽ 9 കേസുകളിൽ പിഴ അടയ്ക്കേണ്ടി വന്നു എളമക്കര സ്വദേശിക്ക്. ബൈക്ക് വാങ്ങിയ ആളെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.
ഹെൽമറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചതിനാണ് 9 കേസുകളും.
വിറ്റ വാഹനത്തിന്റെ പേരിൽ ഒന്നും രണ്ടും കേസുകൾക്ക് പിഴ അടച്ചവരുമുണ്ട്. വാഹനം കൈമാറിയാൽ വിൽക്കുന്നയാൾ മുൻകയ്യെടുത്ത് ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉടമസ്ഥാവകാശം മാറാത്ത വാഹനങ്ങൾ കേസുകളിൽ ഉൾപ്പെടുമ്പോൾ വാങ്ങിയവർ ഒഴിഞ്ഞു മാറിയാൽ ആർസി ഉടമ കുടുങ്ങും. ഒട്ടേറെ തവണ വഴിയിലെ ക്യാമറകൾ തങ്ങളുടെ വാഹനത്തെ കുരുക്കിയതറിയാത്ത ഉടമകൾ ഇന്നലെയും അദാലത്തിലെത്തി പിഴ അടച്ചു.
പല തവണകളിലായി നിയമ ലംഘനത്തിന് കേസുകളും വൻ തുക പിഴയും ചുമത്തപ്പെടുന്നുണ്ടെങ്കിലും പല വാഹന ഉടമകളും ഇക്കാര്യം അറിയുന്നില്ല.
മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിയമ ലംഘനത്തിന്റെ ചിത്രം സഹിതം ബോധ്യപ്പെടുത്തുമ്പോഴാണ് പലരും കേസിന്റെ കാര്യം അറിയുന്നത്. ഒന്നോ രണ്ടോ ചെറിയ കേസ് പ്രതീക്ഷിച്ചെത്തിയവർക്ക് നാലും അഞ്ചും നിയമ ലംഘനങ്ങൾക്ക് പിഴ അടയ്ക്കേണ്ടി വന്നു.
ഇന്നലെ മാത്രം അദാലത്തിൽ 732 കേസുകൾ തീർപ്പാക്കി. 36 ലക്ഷം രൂപ പിഴയിനത്തിൽ പിരിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

