കൊച്ചി ∙ ചേട്ടാ, ഒരു കാലിച്ചായയെന്നു ചോദിച്ചാൽ ചായ കാലിയെന്നു മറുപടി. എൽപിജി ലഭ്യത കുറഞ്ഞതോടെ ചായയും കാപ്പിയും കിട്ടാൻ അത്ര എളുപ്പമല്ലതായി, നഗരത്തിൽ.
ഒട്ടുമിക്ക ഹോട്ടലുകളിലും ചായയടി നിർത്തിവച്ചിരിക്കുന്നു. വെള്ളവും പാലും തിളപ്പിക്കുന്ന സമോവറിനു വലിയ തോതിൽ പാചകവാതകം ആവശ്യമായതിനാലാണ് ഇത്തരമൊരു ചായ പ്രതിസന്ധി രൂപപ്പെട്ടത്.
റസ്റ്ററന്റുകളും ഹോട്ടലുകളും ചായയോട് താൽക്കാലികമായെങ്കിലും ഗുഡ്ബൈ പറഞ്ഞപ്പോൾ പെട്ടുപോയത് ചായക്കടക്കാരാണ്.
ചായക്കടയിൽ ചായയില്ലായെന്ന് പറയുന്നതെങ്ങനെയെന്ന് ഇവർ ചോദിക്കുന്നു. ലഭ്യമായ എൽപിജി സിലിണ്ടർ ഉപയോഗിച്ച് സമോവർ പ്രവർത്തിപ്പിക്കുമ്പോഴും നാളെ എന്താകുമെന്ന ആശങ്ക ഒഴിയുന്നില്ല.
ചില ചായക്കടകൾ ഇപ്പോൾ പൂർണമായി ഇൻഡക്ഷൻ കുക്കറുകളെയാണ് ആശ്രയിക്കുന്നത്.
ചായ ലൈവായി ഉണ്ടാക്കാതെ വീടുകളിൽ നിന്ന് ഉണ്ടാക്കി വരുന്ന വഴിയോര കച്ചവടക്കാരുമുണ്ട്. ഇങ്ങനെയാകുമ്പോൾ മധുരം കുറച്ച്, കടുപ്പം കൂട്ടി എന്നെല്ലാം തുടങ്ങുന്ന ചായ ‘ഡിമാൻഡുകൾ’ നടപ്പാകില്ല.
പാൽചായ കുടിച്ചു ശീലിച്ചവർക്കും പണി കിട്ടുന്നുണ്ട്. പാൽ തിളയ്ക്കാൻ സമയം കൂടുതലെടുക്കുന്നതുകൊണ്ട് കട്ടൻ ചായയും കട്ടൻ കാപ്പിയുമൊക്കെയാണ് ഇപ്പോൾ കൂടുതൽ ഇടങ്ങളിലും.
ചില ഹോട്ടലുകൾ രാവിലെ മാത്രം എന്ന രീതിയിൽ ചായയും കാപ്പിയും നൽകാൻ ശ്രമിക്കുന്നു.
വെള്ളം പോലെ അവശ്യ വസ്തുവല്ലെങ്കിലും ശീലമെന്ന നിലയിൽ ഒരു നേരം ചായയോ കാപ്പിയോ കുടിച്ചില്ലെങ്കിൽ തല വേദനിക്കുന്നവർ വരെ നമുക്കിടയിലുണ്ട്. ചായയും ചർച്ചയുമായി മുന്നേറുന്ന ചായ സംസ്കാരവും സജീവമാണ്.
ചായക്കടക്കാർക്കും ചായപ്രേമികൾക്കും ഇതത്ര നല്ല കാലമല്ല. എത്രയും പെട്ടെന്ന് എൽപിജി സിലിണ്ടർ വിതരണം പഴയനിലയിലായി നഗരത്തിലെ ചായയുടെ പ്രതാപകാലം വീണ്ടെടുക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

