കൊച്ചി ∙ ബ്രഹ്മപുരത്തു ഭാരത് പെട്രോളിയം കോർപറേഷൻ നിർമിച്ച കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് ഇതുവരെ സംസ്കരിച്ചത് 4,100 ടൺ നഗരമാലിന്യം. പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്റെ അളവ് 80–90 ടണ്ണിലേക്ക് ഉയർന്നു.
സിബിജി ഉൽപാദനം ആരംഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ അതു ബിപിസിഎൽ പ്ലാന്റിന്റെ ആവശ്യത്തിനായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.
പ്രതിദിനം 150 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണു പ്ലാന്റിനുള്ളത്. പ്രതിദിനം സംസ്കരിക്കുന്ന മാലിന്യം ഘട്ടംഘട്ടമായി 150 ടണ്ണിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
നിശ്ചിത ഇടവേളകളിലെ അറ്റകുറ്റപ്പണിക്കായി നിലവിൽ പ്ലാന്റിന്റെ പ്രവർത്തനം അൽപദിവസത്തേക്കു നിർത്തി വച്ചിരിക്കുകയാണ്. അടുത്ത ദിവസം പ്രവർത്തനം പുനരാരംഭിക്കും.
നിയമസഭ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപായി ഫെബ്രുവരി 27നാണു ബ്രഹ്മപുരത്തെ സിബിജി പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.
അതിനു മുൻപു തന്നെ പ്ലാന്റ് ട്രയൽ റൺ ആരംഭിച്ചിരുന്നു. 75 ടൺ വീതം ശേഷിയുള്ള 2 ഡൈജസ്റ്ററുകളാണു പ്ലാന്റിലുള്ളത്.
ഈ 2 ഡൈജസ്റ്ററുകളിലും നിലവിൽ ജൈവമാലിന്യം നിറച്ച് ഊർജോൽപാദനം ആരംഭിച്ചിട്ടുണ്ട്.
സിബിജി ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും നിലവിൽ പ്ലാന്റിൽ തന്നെ സുരക്ഷിതമായി കത്തിച്ചു കളയുകയാണു ചെയ്യുന്നത്. ഉൽപാദനം പൂർണ തോതിലേക്ക് എത്തുന്നതോടെ പൈപ്ലൈൻ വഴി സിബിജി ബിപിസിഎല്ലിലേക്ക് എത്തിക്കും.
റിഫൈനറിയിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിനു വേണ്ടിയാണ് ഇത് ഉപയോഗിക്കുക.
150 ടൺ ജൈവമാലിന്യത്തിൽ നിന്ന് 5.6 ടൺ സിബിജിയാണ് ഉൽപാദിപ്പിക്കാൻ കഴിയുക. 100 ടൺ ദ്രാവകരൂപത്തിലുള്ള ജൈവവളവും 28 ടൺ ഖരരൂപത്തിലുള്ള ജൈവ വളവും ഉപോൽപന്നങ്ങളായും ലഭിക്കും.
കൊച്ചി കോർപറേഷനിൽ നിന്നുള്ള ജൈവ മാലിന്യമാണു പ്ലാന്റിൽ സംസ്കരിക്കുന്നത്. മാലിന്യം പ്ലാന്റിലെത്തിക്കാനുള്ള ചെലവ് ഒഴിവാക്കിയാൽ മാലിന്യം സംസ്കരിക്കാൻ കോർപറേഷനു മറ്റു ചെലവില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

