കൊച്ചി ∙ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി ക്ലീനിങ് കലണ്ടർ 15 ദിവസത്തിനകം തയാറാക്കും. ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ കലക്ടർ ജി.
പ്രിയങ്കയാണു നിർദേശം നൽകിയത്.
നഗരത്തിലെ കനാലുകളും ഓടകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണു ക്ലീനിങ് കലണ്ടർ നടപ്പാക്കുന്നത്. ഓരോ കനാലുകളും എപ്പോൾ, ആര്, എത്ര സമയം വൃത്തിയാക്കുന്നു എന്നതുൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ കലണ്ടറിൽ രേഖപ്പെടുത്തണം.
റോഡുകളിൽ നിന്ന് ഓടകളിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതാണ് എംജി റോഡിലെ വെള്ളക്കെട്ടിനു പ്രധാന കാരണമെന്നു യോഗം വിലയിരുത്തി.
ഓടകളിലേക്കു വെള്ളം പോകുന്ന പൈപ്പുകളുടെ വ്യാസം 100 മില്ലിമീറ്റർ മാത്രമാണ്.
ഇത് അപര്യാപ്തമായതിനാൽ ഇൻലെറ്റുകളുടെ വലുപ്പം കൂട്ടാനും യോഗത്തിൽ നിർദേശിച്ചു.
റോഡ് പണിയുടെ ഭാഗമായി ഓടകളിലേക്കു വീണ കോൺക്രീറ്റ് അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നു മരാമത്തു വിഭാഗം ഉറപ്പു നൽകി. റെയിൽവേ കൾവർട്ടുകൾ വഴി പ്ലാസ്റ്റിക് മാലിന്യം കനാലുകളിലേക്ക് ഒഴുകിയെത്തുന്നതു തടയാനായി ട്രാഷ് ബൂമുകൾ സ്ഥാപിക്കാൻ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തി.
റെയിൽവേയുടെ ഭാഗത്തെ മാലിന്യങ്ങൾ നീക്കുന്നതിനുള്ള ചെലവ് റെയിൽവേയിൽ നിന്ന് ഈടാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
വെള്ളക്കെട്ട് രൂക്ഷമാകുന്ന സ്ഥലങ്ങളിൽ വെള്ളം പമ്പ് ചെയ്തു നീക്കാനായി ഡീവാട്ടറിങ് പമ്പുകൾ എവിടെയെല്ലാം സ്ഥാപിക്കണമെന്നു കണ്ടെത്താനായി 28നു സംയുക്ത പരിശോധന നടത്തും.
അടിയന്തര ഘട്ടങ്ങളിൽ പമ്പുകൾ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ പൊലീസ് സഹായം ഉറപ്പാക്കും. മുല്ലശേരി കനാൽ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാനും യോഗത്തിൽ നിർദേശമുയർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

