സ്വർഗത്തിൽ മാലാഖമാരുണ്ടാക്കുന്ന പുൽക്കൂട് മുഴുവൻ നക്ഷത്രങ്ങൾക്കൊപ്പം പൊട്ടിവീണതുപോലെ നാടെങ്ങും മിന്നിത്തിളങ്ങുന്ന ക്രിസ്മസ് വിപണി. മഞ്ഞണിഞ്ഞു രാവുകൾ..
വെയിലാർന്നു പകലുകൾ… സൂര്യവെളിച്ചം പകർന്നതുപോലെ മഴവിൽ വർണങ്ങളിൽ ക്രിസ്മസ് നക്ഷത്രങ്ങൾ രാത്രിയുടെ കാവൽക്കാരാകുന്ന ഉത്സവപ്രതീതി.അറബിക്കടലും വേമ്പനാടു കായലും തുഴഞ്ഞു കയറി ഒരു മിന്നും തോണി നിറയെ സമ്മാനങ്ങളുമായി കൊച്ചി തീരത്ത് എത്തിയ സാന്താക്ലോസിന്റെ സഞ്ചി അഴിഞ്ഞു വീണതുപോലെ അലങ്കാരങ്ങളുമായി എറണാകുളത്ത് ബ്രോഡ്വേയും മേത്തർ ബസാറും നിറഞ്ഞിട്ട് ആഴ്ചകളായി.
ക്രിസ്മസ് ആദ്യം എത്തുന്നതു ബ്രോഡ്വേയിലേക്കാണെന്നു തോന്നും. കച്ചവടത്തിന്റെയും തിരക്കിന്റെയും ദിവസങ്ങൾ പിന്നീട് മേത്തർ ബസാറിനെ അത്യുന്നതിയിലെത്തിക്കും.
വിരൽനീളമുള്ള ക്രിസ്മസ് ട്രീകൾ മുതൽ ആൾപൊക്കങ്ങൾ താണ്ടുന്ന ക്രിസ്മസ് ട്രീകൾവരെ നിരത്തി കടകൾ വൈവിധ്യങ്ങളുടെ ആകാശം തുറക്കും. പ്ലാസ്റ്റിക്കും പേപ്പറും ഗ്ലോസിയുമെല്ലാം നക്ഷത്രങ്ങളിൽ അരങ്ങു വാഴും.
നാടിനെയും നഗരത്തെയും വെളു വെളുത്ത അരികുകളുമായി ചുവന്നയുടുപ്പ് ഇടീപ്പിച്ചു ക്രിസ്മസ് വന്നെത്തിയതോടെ അലങ്കാര വിളക്കുകളും നക്ഷത്രങ്ങളും മാല ബൾബുകളും എങ്ങും നിറഞ്ഞു. എറണാകുളമാകെ നക്ഷത്രങ്ങളിൽ തുടങ്ങി നക്ഷത്രങ്ങളിൽ അവസാനിക്കുന്നതുപോലെ.
ക്രിസ്മസ് നെറുകയിൽ തൊടുന്നു.
ബത്ലഹമിൽ പിറന്ന ഉണ്ണിയുടെ മംഗളവാർത്തയറിയിച്ചു കാരൾ സംഘങ്ങൾ ഇടവഴികളിലും നടവഴികളിലും പാട്ടുപാടി നീങ്ങുന്നു. രാത്രികൾക്കു കാരളിന്റെ താളം.
പകലുകൾക്കു കേക്കിന്റെ മാധുര്യം.സാന്താക്ലോസിന്റെ ചുവപ്പുതൊപ്പിക്കു മുകളിലിരുന്നു ഒരു പഞ്ഞിക്കുടുക്ക ചിരിച്ച് എത്തിനോക്കുന്നു. ദൂരെ, ദൂരെനിന്നും അവരെത്തുകയാണ്.
മൂന്നു രാജാക്കൻമാർ. മിന്നിത്തിളങ്ങുന്ന നക്ഷത്രത്തിന് പെട്ടെന്നു പ്രഭകൂടികൂടി വരുന്നതുപോലെ.
തിരുപ്പിറവിയുടെ അനുപമ സന്ദേശത്തിനു കാതോർത്തു നഗരം ഉറങ്ങാതെയിരിക്കുകയാണ്. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം… ഭൂമിയിൽ സന്മസ്സുള്ളവർക്കു സമാധാനം.
ഹൃദയത്തിൽ പുതിയൊരു പുൽക്കൂടുമായുള്ള നാടിന്റെ കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം.
പുതിയ പ്രതീക്ഷകൾ അവിടെ പിറക്കുന്നു.ഇരുട്ടിനെ കീറിമുറിച്ചു പാതിരാ കുർബാനയുടെ വെളിച്ചം. ഇരുപത്തിയഞ്ചുദിവസത്തെ നോമ്പ് ആചരണത്തിന്റെ ഒടുക്കം.
ശുദ്ധി ചെയ്ത ഹൃദയത്തിൽ, ഉണ്ണിയേശുവിനെ പരിശുദ്ധിയുടെ തൂവെള്ള തുണിയിൽ സ്വീകരിക്കുന്ന ഭക്തിയുടെ നൈർമല്യം. ത്യാഗങ്ങളുടെ പൂമാലകൾ ചാർത്തി ഉണ്ണിയേശുവിനെ വരവേൽക്കുന്ന സുന്ദര രാത്രി.
ക്രിസ്മസ് വാണിജ്യത്തിന്റെയും ആഘോഷത്തിന്റെയും കാലമാണെന്നു പറയുമ്പോഴും അതിനു മുകളിലും പ്രകാശിക്കുന്ന ഭക്തിയുടെ നക്ഷത്ര പ്രഭയിലാണ് ക്രിസ്മസ് രാത്രിയിലെ തിരുക്കർമങ്ങൾ.
കാരൾ ഗാനാലാപനങ്ങൾ തിരുപ്പിറവി ഗാനങ്ങൾക്കും ശുശ്രൂഷകൾക്കും വഴിമാറും. തിരുപ്പിറവി സന്ദേശങ്ങൾ ദേവാലയങ്ങളിൽ വായിക്കും.
ആനന്ദത്തിന്റെ മുഴക്കങ്ങളിൽ ആശംസയുടെ ഹൃദയച്ചോപ്പ് ചേർത്തുവച്ചു പള്ളി മണികൾ ശബ്ദിക്കും– അപ്പോൾ ഒരായിരം ഹൃദയങ്ങളിൽ ഒരു കുഞ്ഞിപ്പൈതൽ ചിരിക്കും.. ‘മെറി ക്രിസ്മസ്’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

