കൊച്ചിയിലെ ബാർ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം മോഷ്ടിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് നൽകിയതിന് മാനേജർക്ക് നേരെ ആക്രമണം. അയ്യപ്പൻകാവ് മത്തായി മാഞ്ഞൂരാൻ റോഡിലെ വൈസ്രോയ് ബാർ മാനേജർ കെ.ജെ.ഷെൻസനാണ് ക്രൂരമർദനത്തിനിരയായത്.
ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പ്രതിയും മറ്റ് രണ്ടുപേരും ചേർന്ന് ഓഫിസിലേക്കുള്ള പടിക്കെട്ടിൽ വെച്ച് ഷെൻസനെ ചവിട്ടിത്താഴെയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെ.ജെ.ഷെൻസൻ ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെ: 16ന് രാത്രി 10 മണിയോടെ ബാറിലെത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി മേശപ്പുറത്തുണ്ടായിരുന്ന മൊബൈൽ ഫോൺ, പഴ്സ്, ബൈക്കിന്റെ താക്കോൽ എന്നിവ കൈക്കലാക്കിയ ശേഷം ബാറിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുമായി കടന്നുകളയുകയായിരുന്നു.
വാഹന ഉടമയുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ബാറിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുകയും കെ.ജെ.ഷെൻസൻ അത് കൈമാറുകയും ചെയ്തു. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ മുഖ്യപ്രതിയും സുഹൃത്തുക്കളും ഇന്നലെ വൈകിട്ടോടെ ഷെൻസന്റെ ഓഫിസിൽ അതിക്രമിച്ചെത്തുകയായിരുന്നു. തുടർന്ന് “പൊലീസിനു സിസിടിവി കൊടുക്കുമോടാ” എന്ന് ആക്രോശിച്ചുകൊണ്ട് പ്രതി ഷെൻസന്റെ നെഞ്ചിൽ ചവിട്ടി താഴെയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
സംഭവത്തിൽ കേസെടുത്ത നോർത്ത് പൊലീസ് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻതന്നെ പിടികൂടുമെന്നും സെൻട്രൽ എസിപി സിബി ടോം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

