പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധാന്തരീക്ഷം രാജ്യത്തെ ഷിപ്പിങ് മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലേക്കു തള്ളിയിട്ടിരിക്കുകയാണ്. കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ഒപ്പം ഷിപ്പിങ് ഏജന്റുമാരും കടുത്ത തകർച്ചയുടെ കാലത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇന്ത്യയിൽ നിന്നും വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള മെയിൻ ലൈൻ ചരക്കു കപ്പൽ സർവീസുകൾ തടസ്സപ്പെട്ടതാണ് ഇപ്പോഴത്തെ പ്രധാന തിരിച്ചടി. ഇതിനുപുറമേ ചരക്കുകൂലിയിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
പ്രമുഖ ബഹുരാഷ്ട്ര ഷിപ്പിങ് കമ്പനിയായ സിഎംഎ സിജിഎം പശ്ചിമേഷ്യൻ, ചെങ്കടൽ തുറമുഖങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് പീക് സീസൺ സർചാർജ് എന്ന പേരിൽ 5000 ഡോളറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദീർഘമായ സമുദ്രപാതകൾ തിരഞ്ഞെടുക്കേണ്ടി വരുന്നത് ചരക്കു നീക്കത്തിന്റെ സമയവും ചെലവും ഒരുപോലെ വർധിപ്പിച്ചു.
ദുബായിലെത്താൻ 40 ദിവസം ദുബായിലെ ജബൽ അലി തുറമുഖത്തുനിന്നുള്ള സർവീസുകൾ മുടങ്ങിയതിനെത്തുടർന്ന് നിരവധി കണ്ടെയ്നറുകളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. കൊച്ചിയിൽ നിന്നും അയച്ച കയറ്റുമതി കണ്ടെയ്നറുകൾ ജബൽ അലിയിൽ നിന്നും തിരികെ എത്തുന്നില്ല.
ഡെമറേജ് ഇനത്തിൽ വൻ തുകയാണ് ഷിപ്പിങ് കമ്പനികൾക്ക് ഇപ്പോൾ നഷ്ടപ്പെടുന്നത്. കൃത്യസമയത്ത് സർവീസുകൾ ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.
എല്ലാ ആഴ്ചയും സർവീസുകൾ തുടരണമെങ്കിൽ കൂടുതൽ കപ്പലുകൾ ആവശ്യമാണ്. എന്നാൽ കപ്പലുകൾ വിവിധയിടങ്ങളിൽ കുടുങ്ങിയത് ഈ നീക്കങ്ങളെയും തടസ്സപ്പെടുത്തി.
ജബൽ അലിയിലേക്ക് നേരിട്ട് പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ ഷാർജയിലെ ഖോർ ഫക്കാൻ, അബുദാബിയിലെ ഫുജൈറ, ഒമാനിലെ സുഹ തുറമുഖങ്ങൾ വഴിയാണ് ഇപ്പോൾ ചരക്കുകൾ അയക്കുന്നത്. മുൻകാലങ്ങളിൽ വെറും 5 ദിവസങ്ങൾ കൊണ്ട് ദുബായിൽ എത്തിയിരുന്ന കണ്ടെയ്നറുകൾ ഇന്നത് 30 മുതൽ 40 വരെ ദിവസങ്ങളെടുത്താണ് ലക്ഷ്യസ്ഥാനത്ത് എക്ത്തുചേരുന്നത്.
യുഎസിലേക്കു വൻ നിരക്ക് കൊച്ചി തുറമുഖത്തു നിന്നും നിലവിൽ യുഎസിലേക്കു ഷെഡ്യൂൾ ചെയ്ത സർവീസുകൾ ലഭ്യമല്ല. കൊളംബോയിൽ കണ്ടെയ്നറുകൾ എത്തിച്ചശേഷമാണ് ഇവിടെനിന്നും ട്രാൻസ്ഷിപ്പ് ചെയ്യുന്നത്.
എന്നാൽ കൊളംബോയിൽ നിന്നും യുഎസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം മാസത്തിൽ ഒന്നോ രണ്ടോ ആയി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. പല സർവീസുകളും കൃത്യമായ സമയക്രമമില്ലാതെ (അഡ്ഹോക് കോൾസ്) ആണ് നടക്കുന്നത്.
കപ്പലുകളുടെ ലഭ്യത അനുസരിച്ചാണ് നിലവിലെ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിലേക്കുള്ള ചരക്കുകൂലിയിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുൻപ് കൊളംബോയിൽ നിന്നു പുറപ്പെടുന്ന സർവീസുകൾ 60 ദിവസത്തിനകം തിരിച്ചെത്തുമായിരുന്നുവെങ്കിൽ, ഇപ്പോൾ സർവീസുകൾ ചുരുങ്ങിയതു കാരണം കപ്പലുകൾ മടങ്ങിയെത്താൻ ആറു മാസത്തിലേറെ സമയമെടുക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

