കൊച്ചി ∙ വൈറ്റില മേൽപാലത്തിനു താഴെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തണമെന്നു നിർദേശം. നിലവിൽ സാമൂഹിക വിരുദ്ധരുടെ താവളമായ ഈ ഭാഗം റോഡ് വിസിബിലിറ്റി കുറയ്ക്കാതെയും സുരക്ഷിതമായ രീതിയിലും കുട്ടികളുടെ കളിസ്ഥലം ഉൾപ്പെടെ വികസിപ്പിക്കാനാണു നിർദേശം.
തദ്ദേശ വകുപ്പും കോർപറേഷനും ചേർന്നു തയാറാക്കിയ വൈറ്റില പ്രാദേശിക വികസന പദ്ധതിയിലാണ് (ലോക്കൽ ഏരിയ പ്ലാൻ– ലാപ്) ഈ പ്രധാന നിർദേശമുള്ളത്.
പദ്ധതിയുടെ കരട് രൂപം ഗസറ്റിൽ വിജ്ഞാപനം ചെയ്തു. നിലവിലുള്ള ഭൂമി തന്നെ ജനങ്ങൾക്കു കൂടുതൽ പ്രയോജനകരമായ രീതിയിൽ വിനിയോഗിക്കാനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വൈറ്റില മേൽപാലത്തിനു താഴെ വിശാലമായ സ്ഥലമുണ്ടെങ്കിലും നിലവിൽ അത് ഉപയോഗിക്കാതെ കിടക്കുകയാണ്.
വെയിലും മഴയുമേൽക്കാതെ നിൽക്കാമെന്നതിനാലും ആൾസഞ്ചാരം കുറവായതിനാലും മേൽപാലത്തിനു താഴെയുള്ള പലയിടങ്ങളും സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. വലിയ മൂല്യമുള്ള ഈ സ്ഥലം ക്രിയാത്മകമായ രീതിയിൽ വിനിയോഗിക്കാനാണു ലാപ്പിൽ നിർദേശിച്ചിട്ടുള്ളത്.
മേൽപാലത്തിന്റെ തൂണുകളിൽ വെർട്ടിക്കൽ ഗാർഡനുകളും പ്ലാന്റർ ബോക്സുകളും സ്ഥാപിച്ചു ചെടികൾ വച്ചുപിടിപ്പിച്ചു ഹരിതവൽക്കരിക്കണം.
ചുമരുകളിൽ പ്രാദേശിക സംസ്കാരത്തിന് അനുയോജ്യമായ ഗ്രാഫിറ്റികളും ചുമർചിത്രങ്ങളും വരയ്ക്കാനും നിർദേശിക്കുന്നു.മേൽപാലത്തിനു താഴെയുള്ള ഭാഗത്ത് കുട്ടികളുടെ കളിസ്ഥലം, ചെറുയോഗങ്ങൾ ചേരാനുള്ള ഇടം, ഓപ്പൺ ആർട്ട് ഗാലറി, പ്രദർശനത്തിനുള്ള ഇടം, സ്കേറ്റിങ് യാഡ്, ഗെയിമിങ് ഏരിയ, ചെറിയ കച്ചവട കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കാനും ലാപ്പിന്റെ കരടിൽ നിർദേശിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

