കൊച്ചി∙ ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ യുഡിഎഫ് പ്രതിസന്ധിയിൽ. ഡമ്മി സ്ഥാനാർഥിയെ നിർത്തിയിരുന്നുമില്ല.
ഫലത്തിൽ, ‘സ്വന്തം’ സ്ഥാനാർഥി ഇല്ലാത്ത ഗതികേടിലായി മുന്നണി. നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ കോൺഗ്രസ് നേതാവ് എൽസി ജോർജിന്റെ നാമനിർദേശ പത്രികയാണു തളളിയത്.
നാമനിർദേശം ചെയ്യേണ്ടതു മത്സരിക്കുന്ന ഡിവിഷനിലെ വോട്ടർമാരാകണം എന്ന വ്യവസ്ഥ പാലിക്കാത്തതാണു പത്രിക തള്ളാൻ കാരണമായത്. 3 സെറ്റ് പത്രികകൾ സമർപ്പിച്ചിരുന്നെങ്കിലും നാമനിർദേശം ചെയ്തവർ കടമക്കുടി ഡിവിഷനിലെ താമസക്കാരായിരുന്നില്ല.
സമീപത്തെ വൈപ്പിൻ ഡിവിഷനിൽ പെട്ടവരായിരുന്നു.
യുഡിഎഫിന് അപ്രതീക്ഷിതമായി സ്ഥാനാർഥി ഇല്ലാതായതോടെ, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എൽഡിഎഫ് സ്ഥാനാർഥി മേരി വിൻസന്റും ബിജെപി സ്ഥാനാർഥി രചന പ്രതാപനും തമ്മിൽ നേരിട്ടുള്ള മത്സരത്തിനു സാധ്യത തെളിഞ്ഞു. ഇവർക്കു പുറമേ, അംഗീകരിക്കപ്പെട്ട
മൂന്നാമത്തെ പത്രികയാകട്ടെ, എൽഡിഎഫ് ഡമ്മി സ്ഥാനാർഥിയുടെയാണ്. സ്വന്തം സ്ഥാനാർഥി ഇല്ലാത്ത അവസ്ഥയിൽ യുഡിഎഫ് എന്തു നിലപാടു സ്വീകരിക്കുമെന്നു വ്യക്തമല്ല.
ഉദ്യോഗസ്ഥരുടെ വീഴ്ചയാണു ശരിയായ പത്രിക സമർപ്പിക്കാൻ കഴിയാതിരുന്നതിന്റെ കാരണമെന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ആദ്യം സമർപ്പിച്ച 3 സെറ്റ് പത്രികകളിൽ പിഴവുണ്ടെന്നു വ്യക്തമായതോടെ പുതിയ പത്രിക സമർപ്പിക്കാനായി ഉച്ച കഴിഞ്ഞ് 2.50 നു കലക്ടറേറ്റിൽ എത്തിയെങ്കിലും അകത്തേക്കു കടത്തി വിട്ടില്ല. പത്രിക സമർപ്പണ സമയം അവസാനിച്ച മൂന്നിനു ശേഷമാണു പ്രവേശനം ലഭിച്ചത്. അതുകൊണ്ടാണു പുതുക്കിയ പത്രിക സമർപ്പിക്കാൻ കഴിയാതെ വന്നത്.
2.50 ന് എത്തിയ സ്ഥാനാർഥിക്കു പത്രിക സമർപ്പിക്കാൻ അനുമതി നൽകാതിരുന്നതു ശരിയായ നടപടിയല്ല.
അതുകൊണ്ടാണു കലക്ടർക്ക് അപ്പീൽ നൽകിയത്. സ്ഥാനാർഥികൾ 3 സെറ്റ് പത്രിക സമർപ്പിക്കുന്ന സാഹചര്യത്തിൽ പത്രിക തള്ളപ്പെടാൻ സാധ്യത കുറവായതിനാലാണു ഡമ്മി സ്ഥാനാർഥികളെ വേണ്ടെന്നു വച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പരിധിയിലെ ഏത് വോട്ടർക്കും ഏതു ഡിവിഷനിലേക്കും മത്സരിക്കാമെങ്കിലും നാമനിർദേശകൻ ആ ഡിവിഷനിലെ വോട്ടറായിരിക്കണം എന്നാണ് നിയമമെന്നു കലക്ടർ ജി.പ്രിയങ്ക പറഞ്ഞു.
യുഡിഎഫ് നേതാക്കളുമായുള്ള വാദപ്രതിവാദത്തിനൊടുവിൽ പത്രിക തള്ളിയതായി കലക്ടർ പ്രഖ്യാപിച്ചു.
പിന്നീടു കലക്ടറുടെ ചേംബറിലെത്തി എൽസി ജോർജും സഹപ്രവർത്തകരും പരാതി ഉന്നയിച്ചെങ്കിലും അംഗീകരിച്ചില്ല.
തള്ളൽ, തള്ളൽ സർവത്ര
∙കളമശേരി നഗരസഭയിൽ 2 വാർഡുകളിലെ എൻഡിഎ സ്ഥാനാർഥികളുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിക്കളഞ്ഞു. ഗ്ലാസ് ഫാക്ടറി നഗർ (1) വാർഡിൽ ദിൽഷ ബിജുവിന്റെയും പൈപ്ലൈൻ വാർഡിൽ (11) പ്രജീല സുരേഷിന്റെയും പത്രികയാണ് തള്ളിപ്പോയത്.
ദിൽഷയുടെ പത്രികയിൽ പിൻതാങ്ങിയ ആൾ മറ്റൊരു വാർഡിലെ വോട്ടറായിരുന്നു എന്നതാണു ന്യൂനതയായി കണ്ടെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ കണക്കുകൾ സമർപ്പിച്ചില്ലെന്നു കാണിച്ചാണ് പ്രജീലയുടെ പത്രിക തള്ളിയത്.
∙ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അമ്പലമേട് ഡിവിഷനിലെ ബിജെപി സ്ഥാനാർഥി കെ.എസ്.
ഗിരിദാസന്റെ നാമനിർദേശ പത്രിക തള്ളി. ജല അതോറിറ്റിയിലെ കോൺട്രാക്ടർ ആയതിനാലാണ് പത്രിക നിരസിച്ചത്.
∙ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 14 മാലിപ്പുറം ഡിവിഷനിൽ 20 ട്വന്റി സ്ഥാനാർഥി സുനിലിന്റെ പത്രിക തള്ളി. പട്ടികജാതി സംവരണമായ ഡിവിഷനിൽ സുനിൽ നൽകിയ ജാതി സർട്ടിഫിക്കറ്റ് വർഷങ്ങളുടെ പഴക്കമുള്ളതായിരുന്നു എന്നതാണു കാരണം.
∙ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകൾ തള്ളി.
ഒന്നാം ഡിവിഷൻ മനയ്ക്കപ്പടിയിലെ സ്ഥാനാർഥി സെറീന ഷാജിയുടെയും, പതിനൊന്നാം ഡിവിഷൻ വരാപ്പുഴയിലെ സ്ഥാനാർഥി ജോൺസൺ പുനത്തിലിന്റെയും പത്രികകളാണ് തള്ളിയത്. ഖാദി ബോർഡിലെ ജീവനക്കാരി ആയിരുന്നതുമായി ബന്ധപ്പെട്ട
വിവരങ്ങൾ സെറീന ഷാജി പത്രികയിൽ രേഖപ്പെടുത്തിയിരുന്നു. ഇതു മത്സരിക്കാനുള്ള അയോഗ്യതയായി കണ്ടാണു പത്രിക നിരസിച്ചത്.
വരാപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജോൺസൺ പുനത്തിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട
കൃത്യമായ വിവരങ്ങളോ, ഈ വിധിക്കെതിരെ സ്റ്റേയോ ഇല്ലാത്തതാണു പത്രിക നിരസിക്കാൻ കാരണമായത്.
∙തൃക്കാക്കര നഗരസഭയിൽ പാട്ടുപുര വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി പ്രവീണ അജിത്തിന്റെയും കണ്ണങ്കേരി വാർഡിലെ സിപിഎം സ്ഥാനാർഥി കെ.കെ.സന്തോഷിന്റെയും നാമനിർദേശ പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളി. തോപ്പിൽ നോർത്ത് വാർഡിലെ ബിജെപി സ്ഥാനാർഥി കെ.കെ.സജയന്റെ പത്രികയും തള്ളി.
പത്രികയിൽ ഒപ്പിടാതിരുന്നതാണ് 3 പേർക്കും വിനയായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

