കാക്കനാട്∙ കലക്ടറേറ്റ് റോഡ് സ്വകാര്യ ബസുകളുടെ പിടിയിലമരുന്നു. ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യേണ്ട
ബസുകൾ റോഡ് ‘സ്റ്റാൻഡാ’യി പ്രഖ്യാപിച്ച് അവിടെ കെട്ടിക്കിടക്കുകയാണ്. കലക്ടറേറ്റിനും ജില്ലാ പഞ്ചായത്തിനും ഇടയിലുള്ള തിരക്കേറിയ റോഡാണു ബസുകൾ സ്വയം സ്റ്റാൻഡാക്കി മാറ്റിയിരിക്കുന്നത്.
മറ്റു വാഹനങ്ങൾക്കും കാൽനടക്കാർക്കും ഇതു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പലപ്പോഴും ഇവിടെ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് തൊട്ടടുത്ത സിവിൽ ലൈൻ റോഡിലേക്കും സീപോർട്ട് എയർപോർട്ട് റോഡിലേക്കും വ്യാപിക്കുകയും ചെയ്യുന്നു.
യാത്രക്കാരുടെ സൗകര്യാർഥം രണ്ടോ മൂന്നോ ബസുകൾ ഇവിടെ പാർക്ക് ചെയ്യാമെന്ന നിർദേശം മുതലാക്കിയാണു ഏഴും എട്ടും ചിലപ്പോൾ അതിൽ കൂടുതലും ബസുകൾ ഒരേസമയം ഇവിടം താവളമാക്കുന്നത്.
ഇവിടെ നിന്ന് 300 മീറ്റർ മാറിയാണ് ബസ് സ്റ്റാൻഡെന്നതിനാൽ കലക്ടറേറ്റിലെത്തുന്നവരുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ ഇവിടെ നിന്നു പുറപ്പെടണമെന്ന നിർദേശം നടപ്പാക്കിയത്. സ്റ്റാൻഡിൽ നിന്നു പുറപ്പെടുമ്പോൾ രണ്ടു ബസുകൾ ഒരേ സമയം ഈ റോഡിൽ ഏതാനും മിനിറ്റ് നിർത്തിയിടാൻ നേരത്തേ ആർടിഎ അനുമതി നൽകിയിരുന്നു.
എണ്ണം പാലിക്കാതെ റോഡിൽ നിരനിരയായി ബസുകൾ നിറയുമ്പോൾ നടു റോഡിലേക്കു കയറ്റിയും ബസുകൾ പാർക്ക് ചെയ്യേണ്ടി വരുന്നു.
കഴിഞ്ഞ വർഷം രാഷ്ട്രീയപാർട്ടി യുവജന സംഘടനകൾ സമരം ചെയ്തപ്പോൾ പൊലീസും മോട്ടർ വാഹന വകുപ്പും ചേർന്നു ഇവിടത്തെ ബസ് പാർക്കിങ് നിയന്ത്രിച്ചതാണ്. ഏതാനും ദിവസം ഇതു പാലിക്കപ്പെട്ടു.
ഇപ്പോൾ പഴയപടിയായി. നിലവിലെ ബസ് സ്റ്റാൻഡ് കലക്ടറേറ്റിനോടു കുറച്ചു കൂടി അടുപ്പിച്ച് ആധുനിക ബസ് ടെർമിനൽ സ്ഥാപിക്കാനുള്ള പദ്ധതി നഗരസഭ തയാറാക്കിയിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല.
ജില്ലാ ഭരണ കേന്ദ്രം എന്നതിനു പുറമേ സ്മാർട്സിറ്റി, ഇൻഫോപാർക്ക്, പ്രത്യേക സാമ്പത്തിക മേഖല തുടങ്ങിയ വൻകിട പദ്ധതികളുടെ ആസ്ഥാനമെന്ന നിലയ്ക്കും ചേർന്ന ബസ് ടെർമിനലാണ് രൂപകൽപന ചെയ്തിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

