കൊച്ചി∙ പ്രിയദർശിനി ബസിലെ യാത്രക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും ഉന്നയിച്ചതു സ്വയംവിമർശനവും സംസ്ഥാനത്തെ ദാരിദ്ര്യത്തെക്കുറിച്ചുള്ള യാഥാർഥ്യവുമെന്നു ഗതാഗത വകുപ്പു മന്ത്രി സി.പി. ജോൺ.
താൻ ആരെയും ഒരു വിധത്തിലും അധിക്ഷേപിച്ചിട്ടില്ല. ദാരിദ്ര്യം അഭിനയിക്കുന്നു എന്നു പറഞ്ഞിട്ടില്ല.
ബസ് കാശുപോലും കൊടുക്കാനില്ലാത്ത ലക്ഷക്കണക്കിന് ആളുകൾ കേരളത്തിലുണ്ടെന്ന യാഥാർഥ്യത്തിലേക്കാണു താൻ വിരൽ ചൂണ്ടിയതെന്നും സി.പി. ജോൺ വ്യക്തമാക്കി.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൗജന്യ നിരക്കുള്ള ബസിൽ ആളുകൾ തിക്കിത്തിരക്കി കയറുന്നു, കാശില്ലാത്ത സ്ത്രീകൾ കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ വിടുകയും അസുഖം വരുമ്പോൾ പണമില്ലാത്തതിനാൽ സർക്കാർ ആശുപത്രി വരാന്തയിൽ കിടക്കുകയും ചെയ്യുന്നുവെന്ന മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്.
എന്നാൽ താൻ പറഞ്ഞത് തെറ്റിദ്ധരിച്ചതാവാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ‘‘പ്രിയദർശിനി ബസ് പദ്ധതിയുടെ വിജയം സർക്കാരിന്റെ വിജയമല്ല, മറിച്ച് ഇവിടെ നിലനിൽക്കുന്ന കടുപ്പമേറിയ ദാരിദ്ര്യത്തിന്റെ പ്രതിഫലനമാണ്.
ദാരിദ്ര്യം പൂർണമായി എടുത്തുകളഞ്ഞു എന്നാണു കഴിഞ്ഞ സർക്കാർ അവകാശപ്പെട്ടത്. എന്നാൽ ബസ് കൂലി പോലും നൽകാൻ പണമില്ലാതെ ദാരിദ്യ ദുഃഖമനുഭവിക്കുന്നവരാണ് ഈ ബസുകളിൽ യാത്ര ചെയ്യുന്നത്.
അവരെ സഹായിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സമാനമായി നിർബന്ധിത സാഹചര്യങ്ങൾ മൂലമാണു ജനങ്ങൾ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്.
കയ്യിൽ പണമില്ലാത്തതിനാലാണ് ഇത്തരക്കാർക്ക് സർക്കാർ ആശുപത്രികളുടെ വരാന്തയിൽ കിടക്കേണ്ടി വരുന്നത്. അതേസമയം, സൗജന്യ വിദ്യാഭ്യാസം നൽകുന്ന സർക്കാർ സ്കൂളുകൾ ഒഴിവാക്കി മക്കളെ സ്വകാര്യ സ്കൂളുകളിലും ട്യൂഷനും വിടാൻ രക്ഷിതാക്കൾ ശ്രമിക്കുന്നതു തങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യത്തിൽനിന്ന് മക്കളെങ്കിലും രക്ഷപെടണമെന്ന ആഗ്രഹം കൊണ്ടാണ്.
അതുകൊണ്ട് പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുഗതാഗതം എന്നീ മൂന്ന് മേഖലകൾക്കും പ്രാധാന്യം നൽകേണ്ടതുണ്ട് എന്നാണ് പറഞ്ഞത്’’ – സി.പി. ജോൺ വിശദീകരിച്ചു.
ഇവിടത്തെ സാധാരണക്കാരുടെ താൽപര്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കുന്നതിൽ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിനു വീഴ്ച പറ്റി എന്ന സ്വയംവിമർശനമാണു നടത്തിയത്. രാഹുൽ ഗാന്ധിയാണ് ഇത്രയും വലിയൊരു പ്രശ്നം ചൂണ്ടിക്കാണിച്ചത്.
സ്കൂളുകളുടെ നിലവാരം ഉയർത്തി കുട്ടികൾ കുറയുന്ന സാഹചര്യം മാറ്റണം. പ്രിയദർശിനി പദ്ധതിയിൽനിന്നു പിന്നോട്ടില്ലെന്നും സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

