കൊച്ചി∙ 75 കിലോഗ്രാം ചന്ദനവുമായി ഇടുക്കി സ്വദേശികളായ 5 പേർ വനംവകുപ്പിന്റെ പിടിയിൽ. ഇരട്ടയാർ പാലമറ്റത്തിൽ വീട്ടിൽ ചാർലി ജോസഫ്, കട്ടപ്പന വാഴപ്പറമ്പിൽ വീട്ടിൽ ശരൺ ശശി, ഇരട്ടയാർ ഈട്ടിക്കൽ വീട്ടിൽ നിഖിൽ സുരേഷ്, രാജാക്കാട് വാഴപ്പറമ്പിൽ വി.എസ്.ഷാജി, തൊടുപുഴ വളവനാട് വീട്ടിൽ അനീഷ് മാത്യു എന്നിവരെയാണു ഇരട്ടയാറിലെ ഒരു വീട്ടിൽ നിന്നു പിടികൂടിയത്. വിപണിയിൽ എട്ടു ലക്ഷത്തോളം വിലമതിക്കുന്ന ചന്ദനമാണു പ്രതികളിൽ നിന്നു പിടിച്ചെടുത്തത്. കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആർ.അതീഷിന്റെ നേതൃത്വത്തിലുള്ള സംഘവും മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ, ഇടുക്കി ഫ്ലൈയിങ് സ്ക്വാഡ്, വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്ന് അതിസാഹസികമായി വീടുവളഞ്ഞാണു പ്രതികളെ പിടിച്ചത്.
വളർത്തുനായയെ അഴിച്ചുവിട്ട് അപായപ്പെടുത്താനും ഉദ്യോഗസ്ഥരെ കായികമായി നേരിടാനുമുള്ള ശ്രമം പ്രതികളിൽ നിന്നുണ്ടായെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ഇടപാടുകാരായി ചമഞ്ഞു പ്രതികളെ ബന്ധപ്പെട്ട
മേക്കപ്പാല സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചന്ദനത്തിന്റെ സാംപിൾ കാണണം എന്ന് ആവശ്യപ്പെട്ടതിനെ തുടർന്നു പ്രതികൾ സാംപിളുമായി ആദ്യം മഴുവന്നൂരിൽ എത്തി. ഉന്നത നിലവാരമുള്ള ചന്ദനമാണെന്നു ബോധ്യപ്പെട്ടതോടെ പ്രതികളുടെ പക്കലുള്ള ചന്ദനം മുഴുവൻ വാങ്ങാൻ തയാറാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ പ്രതികൾ ഉദ്യോഗസ്ഥരെ ഇരട്ടയാറിലെ വീട്ടിലെത്തിച്ചു ചന്ദനം കാട്ടിക്കൊടുത്തു.
മുറിച്ചെടുത്ത ചന്ദനത്തിന്റെ കാതൽ തോൽ കളഞ്ഞു കഷണങ്ങളാക്കി വച്ച നിലയിലായിരുന്നു.
ഇതോടെ സ്ഥലത്തു മുൻകൂട്ടി തമ്പടിച്ചിരുന്ന ഉദ്യോഗസ്ഥർ വീടു വളയുകയും പ്രതികളെ കീഴ്പ്പെടുത്തുകയുമായിരുന്നു. കടത്തിക്കൊണ്ടു വരുന്ന ചന്ദനം ഉപയോഗിച്ചു ശിൽപങ്ങൾ നിർമിക്കുന്ന മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണു പ്രതികളെന്നാണു വനം വകുപ്പിന്റെ നിഗമനം.പ്രതികളിൽ ഷാജി, അനീഷ് എന്നിവർ മുൻപു വീസാ തട്ടിപ്പ്, ലഹരിക്കേസുകളിൽ പ്രതികളായിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

