എറണാകുളം ജില്ലയുടെ സമഗ്രമായ വികസന ലക്ഷ്യങ്ങൾ മുൻനിർത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചു.
മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി.ഇ.
അബ്ദുൽ ഗഫൂർ എന്നിവരടങ്ങുന്ന നാലംഗ സമിതിയാകും ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ധനകാര്യം, തുറമുഖം, നിയമം എന്നീ വകുപ്പുകൾ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്നത് ജില്ലയുടെ വ്യാവസായിക വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖ നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ, ‘‘തുറമുഖങ്ങളെയും തീരദേശ പാതകളെയും വികസിപ്പിച്ചു കേരളത്തെ വമ്പൻ തുറമുഖ നഗരമാക്കി മാറ്റും’’ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി തുറമുഖത്തെ വിഴിഞ്ഞവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള തീരദേശ ചരക്ക് ഗതാഗതം, സീപ്ലെയിൻ പദ്ധതി, ക്രൂയിസ് ടൂറിസം എന്നിവയ്ക്കാണ് സമിതി മുൻഗണന നൽകുന്നത്.
ആമ്പല്ലൂർ ഇലക്ട്രോണിക് ഹാർഡ്വെയർ പാർക്കിന്റെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ മുൻകൈ എടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ‘‘യുവജനങ്ങൾക്കു തൊഴിൽ ലഭിക്കുക എന്ന ലക്ഷ്യത്തോടെ 2011 ൽ യുഡിഎഫ് സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണിത്.
എന്നാൽ, പിന്നാലെ വന്ന എൽഡിഎഫ് സർക്കാർ തടസ്സങ്ങൾ ഉന്നയിച്ചു പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തടസ്സം നീക്കുന്നതിന് നടപടി സ്വീകരിക്കും.
ഭൂമി ഏറ്റെടുക്കുന്നതിനും തരം മാറ്റുന്നതിനും ഉൾപ്പെടെ സാധ്യമായതെല്ലാം ചെയ്യും’’ എന്ന് അദ്ദേഹം വ്യക്തമാക്കി. മുത്തോലപുരം പഴം-പച്ചക്കറി സംഭരണശാലയുടെ പ്രവർത്തനം പുനരാരംഭിക്കൽ, എക്സൈസ് കടവ് പാലം, തിരുവാങ്കുളം ബൈപാസ് നിർമാണം എന്നിവയും തന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി മെട്രോയുടെ അങ്കമാലിയിലേക്കുള്ള വിപുലീകരണത്തിനാണ് മന്ത്രി റോജി എം. ജോൺ ഊന്നൽ നൽകുന്നത്.
‘‘ആദ്യം വിമാനത്താവളത്തിലേക്കും അവിടെ നിന്ന് അങ്കമാലിയിലേക്കും മെട്രോ ദീർഘിപ്പിക്കാൻ കഴിഞ്ഞാൽ ഗതാഗത സൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകും’’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്കമാലി – കുണ്ടന്നൂർ ബൈപാസ്, സിയാൽ കേന്ദ്രീകൃത എയ്റോ സിറ്റി, മാലിന്യ സംസ്കരണം, തീരദേശ സംരക്ഷണം, മലയോര മേഖലയിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം എന്നിവയും അദ്ദേഹത്തിന്റെ കർമ്മപദ്ധതിയിൽ ഉൾപ്പെടുന്നു.
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന സീപോർട്ട് – എയർപോർട്ട് റോഡ് പൂർത്തീകരണം മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ അടിയന്തരമായി ഏറ്റെടുക്കും.
ഇതിനു പുറമെ 190 എംഎൽഡി ശുദ്ധജല വിപുലീകരണ പദ്ധതി, മെഡിക്കൽ കോളജ് വികസനം, കാൻസർ സെന്ററിന്റെ പ്രവർത്തനം മെച്ചപ്പെടുത്തൽ, സിറ്റി ഗ്യാസ് പദ്ധതിയുടെ വ്യാപനം എന്നിവയിൽ അടിയന്തര ഇടപെടൽ ഉണ്ടാകും. ‘‘ഈ പദ്ധതികൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ശ്രദ്ധയിൽപെടുത്തി നടപടികൾ വേഗത്തിലാക്കും’’ എന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 26 വർഷമായി മുടങ്ങിക്കിടക്കുന്ന സീപോർട്ട് – എയർപോർട്ട് റോഡ് പൂർത്തിയാകുന്നത് കൊച്ചിയുടെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

