നിർമിതബുദ്ധി ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ രംഗത്ത് രാജ്യത്തെ പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി. ആഗോള യാത്രാ വ്യവസായ മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് ഐബിഎസ് സോഫ്റ്റ്വെയർ ഗ്രൂപ്പ് രൂപീകരിച്ച നാവിക് ടെക്നോളജിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇൻഫോപാർക്ക് ഫേസ് ഒന്നിലെ ഐബിഎസ് ടവറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്താകമാനം നിലവിൽ വിജ്ഞാന വിസ്ഫോടനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങൾക്കുമുള്ള ഉപാധിയായി നിർമിതബുദ്ധി മാറിക്കൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫിസിൽ എഐ ഡാഷ് ബോർഡ് സംവിധാനം ഉപയോഗിച്ച് നിക്ഷേപ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തുതുടങ്ങിയിട്ടുണ്ട്. ഈ ദശകത്തിന്റെ അവസാനത്തോടെ മനുഷ്യബുദ്ധിയോട് കിടപിടിക്കുന്ന നിലയിലേക്ക് നിർമിതബുദ്ധി വളരുമെന്നാണ് ആഗോളതലത്തിലെ വിദഗ്ധരുടെ വിലയിരുത്തൽ.
സാങ്കേതികമേഖലയിലെ ഈ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ പഠനവിധേയമാക്കാൻ സർക്കാർ ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിച്ചിട്ടുണ്ട്. ഇവിടെ ചുമതലയേറ്റ വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതിയിലും കരിക്കുലത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം സർക്കാരും സമൂഹവും ഒരേപോലെ മാറേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഐടി വ്യവസായ മേഖലയുടെ അടുത്ത ഘട്ടത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലായാണ് ‘നാവിക്’ കമ്പനിയുടെ തുടക്കമെന്ന് ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ.മാത്യൂസ് പറഞ്ഞു.
ചടങ്ങിൽ ഐബിഎസ് സോഫ്റ്റ് വെയർ സിഇഒ സൊമിത് ഗോയൽ, നാവിക് ടെക്നോളജി പ്രസിഡന്റ് മോയിസുർ റഹ്മാൻ, എപിഎഎക്സ് പാർട്നർ ഇന്ത്യ മേധാവി ഹർജോത് ദാലിവാൾ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

