കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് മുനമ്പം ഭൂസംരക്ഷണ സമിതി നേതാവ് പിന്മാറി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി മത്സരിക്കുന്നതിൽ സമിതിക്കുള്ളിൽ എതിർപ്പുയർന്നതോടെയാണ് കൺവീനർ ജോസഫ് ബെന്നി തീരുമാനത്തിൽ നിന്ന് പിന്മാറിയത്.
വൈപ്പിൻ ബ്ലോക് പഞ്ചായത്തിലെ മുനമ്പം ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു ആലോചന. ജോസഫ് ബെന്നി പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസിന്റെ വാർഡ് അംഗം കൂടിയായ ജസ്ന സനലിനെ മുനമ്പം ഡിവിഷനിലെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചു.
മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിട്ടും തങ്ങൾക്ക് ഭൂമിയുടെ റവന്യു അവകാശങ്ങൾ നൽകുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെടുന്നു എന്നാണ് താൻ മത്സരിക്കുന്നതിന് കാരണമായി ജോസഫ് ബെന്നി പറയുന്നത്.
തുടക്കം മുതൽ മുനമ്പം വഖഫ് ഭൂമിയല്ലെന്ന നിലപാടുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമിതിയെ ഒപ്പം നിർത്താനായി ജോസഫ് ബെന്നിയെ സ്ഥാനാർഥിയാക്കുന്നതിന് മുൻകൈ എടുക്കുകയായിരുന്നു എന്നാണ് വിവരം. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് തുടർന്ന് ജോസഫ് ബെന്നിയുമായി ചർച്ചകളും നടത്തിയിരുന്നു.
എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി മത്സരിക്കുന്നതിൽ സമിതിക്കുള്ളിൽ തുടക്കം മുതൽ എതിർപ്പുണ്ടായിരുന്നു. സമിതി രക്ഷാധികാരിയും മുനമ്പം വേളാങ്കണ്ണി മാതാ പള്ളി വികാരിയുമായ ഫാ.
ആന്റണി സേവ്യറും സ്ഥാനാർഥിത്വത്തോട് വിയോജിച്ചതോടെയാണ് ജോസഫ് ബെന്നിയുടെ പിന്മാറ്റം. സമിതിയോട് ആലോചിച്ചല്ല ബെന്നിയുടെ സ്ഥാനാർഥിത്വമെന്നും തങ്ങൾക്ക് യാതൊരു രാഷ്ട്രീയ അജൻഡയുമില്ലെന്നും ഫാ.
ആന്റണി സേവ്യർ വ്യക്തമാക്കിയിരുന്നു. സമിതിയുടെ കൺവീനർ കൂടിയായ ബെന്നി യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ചാൽ അത് മുനമ്പം വിഷയത്തെ ആകെത്തന്നെ രാഷ്ട്രീയമായി മുദ്ര കുത്തുന്നതിന് കാരണാമാകുമെന്നും ആശങ്കകൾ ഉയർന്നതോടെയാണ് പിന്മാറ്റമെന്നാണ് വിവരം.
നേരത്തെ, കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജ്ജുവിനെ മുനമ്പത്ത് എത്തിച്ച് സമരസമിതിയുടെ പിന്തുണ നേടാൻ ബിജെപി ശ്രമം നടത്തിയിരുന്നു. കേന്ദ്രം വഖഫ് ഭേദഗതി നിയമം പാസാക്കിയെങ്കിലും മുനമ്പം പ്രശ്നം പരിഹരിക്കാൻ നിയമവഴി തന്നെ തേടേണ്ടി വരുമെന്നായിരുന്നു റിജ്ജുവിന്റെ വ്യക്തമാക്കിയത്.
ഇതോടെ സമര സമിതിയും ബിജെപിയുമായുള്ള ബന്ധം അധികം മുന്നോട്ടു പോയില്ല. ഇതിനിടെയാണ്, മുനമ്പം വിഷയത്തിൽ ശുപാർശകൾ സമർപ്പിക്കാൻ നിയമിച്ച ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരുടെ നിയമനത്തിൽ ഹൈക്കോടതി വിധി പുറത്തു വരുന്നത്.
നിയമനം ശരിവച്ചതിനൊപ്പം മുനമ്പം വഖഫ് ഭൂമിയല്ലെന്ന് കൂടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചിരുന്നു. തുടർന്ന് ജോസഫ് ബെന്നി അടക്കമുള്ളവർ മന്ത്രി പി.രാജീവിനെ സന്ദർശിക്കുകയും സർക്കാരിന് നന്ദി അറിയിക്കുകയും ചെയ്തു.
എന്നാൽ ഇതിനു ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും ഭൂമിയുടെ റവന്യു അധികാരം ലഭിക്കുന്നതു സംബന്ധിച്ച് നടപടികളാകാത്ത സാഹചര്യത്തിൽ സമ്മർദ തന്ത്രമെന്ന നിലയ്ക്കു കൂടിയാണ് ജോസഫ് ബെന്നിയുടെ സ്ഥാനാർഥിത്വം എന്നായിരുന്നു വിവരം. ബെന്നിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ വഖഫ് സംരക്ഷണ വേദി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

