ഇലഞ്ഞി ∙ നാട്ടുമാവും മങ്കോസ്റ്റിനുമെല്ലാം തളിരിട്ട് നിൽക്കുന്ന ഇലഞ്ഞി വെളിയത്തുമാലിലെ ഹരിതാഭമായ വീട്ടുമുറ്റത്തേക്ക് മനോരമ സംഘമെത്തുമ്പോൾ തൊട്ടടുത്ത ഫാമിൽ പശുക്കൾക്ക് പുല്ലരിഞ്ഞു നൽകുകയായിരുന്നു മോനു വർഗീസ് മാമ്മൻ. കാർഷിക മേഖലയിൽ പൊന്നുവിളയിക്കുന്നവരെ തേടിയെത്തുന്ന മനോരമ കർഷകശ്രീ അവാർഡ് ഇത്തവണ മകനാണ് ലഭിച്ചതെന്ന വിവരം ടെലിവിഷനിലൂടെ അറിഞ്ഞ വത്സലാമ്മ മകനെ മാറോടണച്ച് കണ്ണുതുടച്ചു.
പിന്നാലെ ഭാര്യ നിസ് എലിസബത്തും മക്കളായ മറിയം റോസും ഒന്നര വയസ്സുകാരൻ നദാനിയേലും പപ്പയെ വാരിപ്പുണർന്നു. സഹോദരിമാരായ മോളു റോസ് മേരി, മിനു ട്രീസ, ആൻമേരി, ഇവരുടെ മക്കളായ അന്ന, ഇവ റോസ്, ഇസ, മിഖായേൽ എന്നിവരും ഓടിയെത്തിയതോടെ സ്നേഹവീട് ചിരിയുടെ കുടചൂടി.
ടിവിയിൽ കർഷകശ്രീ പുരസ്കാര പ്രഖ്യാപനമെത്തിയതിനു പിന്നാലെ വെളിയത്തുമാലിൽ വീട്ടിൽ ആഘോഷത്തിന്റെ നിമിഷങ്ങളായിരുന്നു.
വിവരം അറിഞ്ഞെത്തിയവരെ വീട്ടിലെ തന്നെ ബ്രാൻഡഡ് വിഭവങ്ങളായ കേക്കും ഐസ്ക്രീമും പലഹാരങ്ങളുമെല്ലാം നൽകിയാണ് വരവേറ്റത്. ‘മോനൂസി’ന്റെ വാനില ഐസ്ക്രീം വിളമ്പി മോളു റോസ് പറഞ്ഞു–ഇത് ഞങ്ങളുടെ പുള്ളിപ്പശുവിന്റെ പാലാണ്.
കലർപ്പില്ലാത്ത ഐസ്ക്രീം. കാർഷിക വൃത്തിയിൽ ആഴത്തിൽ വേരോടിയ ഒരു കുടുംബത്തിനുള്ള അംഗീകാരം കൂടിയായി പ്രിയപ്പെട്ട
വക്കച്ചനുള്ള കർഷകശ്രീ പുരസ്കാരം. മനോരമയുടെ അഭിനന്ദനം ബിസിനസ് എഡിറ്റർ എൻ.ജയചന്ദ്രന്റെ നേതൃത്വത്തിൽ ഇലഞ്ഞിയിലെ വീട്ടിലെത്തി കൈമാറി.
മുത്തോലപുരം സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അരീക്കാട്ടേൽ, പഞ്ചായത്തംഗം എം.പി.
ജോസഫ്, സമീപവാസികൾ തുടങ്ങി അഭിനന്ദനങ്ങളുമായി വീട്ടിലേക്ക് പലരുമെത്തി. ഒപ്പം എത്തിയ എൺപത്തിയൊന്നുകാരൻ തുരുത്തിൽ തങ്കപ്പൻ മാധവൻ തന്റെ 3 തലമുറകളായി മോനുവിന്റെ കുടുംബത്തിൽ കാളവണ്ടിയിൽ മുതൽ ജോലി ചെയ്ത കഥ പങ്കിട്ടു.
കർഷകർ സ്വന്തം ഫാമിലെ പാൽ വിൽപന നടത്തുമ്പോൾ പുതിയ ഉൽപന്നം കണ്ടെത്താൻ ശ്രമിച്ചതാണ് മോനുവിന്റെ പ്രത്യേകത. ഫാമിൽ നിന്നുള്ള ലാഭം പാലിലും മോരിലും നെയ്യിലും ഒതുക്കാതെ മൂല്യ വർധിത ഉൽപന്നങ്ങളെപ്പറ്റിയും മോനു ചിന്തിച്ചു.
അങ്ങിനെയാണ് ഐസ് ക്രീം നിർമാണം തുടങ്ങിയത്.
6 ഫ്ലേവറുകളിൽ തയ്യാറാക്കുന്ന ‘മോനൂസ്’ ഐസ്ക്രീം ഇലഞ്ഞിയിലും പിറവത്തും കൂത്താട്ടുകുളത്തും വൻകിട ബ്രാൻഡുകളുമായി മത്സരിച്ച് മിന്നി നിൽക്കുന്നു.
മാസം ഇതിലൂടെ 60,000 രൂപയോളം വരുമാനം നേടുന്നുണ്ട്. കാർഷിക ഉൽപന്നങ്ങൾ മാത്രമല്ല, മോനുവിന്റെ അമ്മ പരിപാലിക്കുന്ന വിവിധയിനം ചെടികളും വീട്ടുമുറ്റത്തും വരാന്തയിലുമായി വീടിന് അഴകും നൽകുന്നു. പരീക്ഷണങ്ങളിലൂടെ കൃഷിയുടെ ഏറ്റവും ലാഭകരമായ സാഹചര്യത്തിലേക്ക് എത്താൻ മോനുവിന് സാധിച്ചു എന്നതാണ് ശ്രദ്ധേയം.
വിദേശങ്ങളിൽ പോയി ഉണ്ടാക്കുന്ന ലക്ഷങ്ങൾ കൃഷിയിലൂടെ ഇവിടെ ലഭിച്ചാൽ നാട്ടിൽ ജീവിക്കുന്നതിലും വലിയ ഭാഗ്യം വേറെ എന്തുണ്ട് എന്നാണ് മെക്കാനിക്കൽ എൻജിനീയർ കൂടിയായ മോനുവിന്റെ ചോദ്യം.
2001ൽ പിതാവ് മരിച്ച ശേഷമാണ് മോനു പൂർണമായും കൃഷിയിലേക്ക് ഇറങ്ങിയത്. 20 ഏക്കറിൽ നെല്ല്, കൊക്കോ, തെങ്ങ്, ഏത്തവാഴ, കവുങ്ങ്, ജാതി, റബർ എന്നിവയാണ് പ്രധാന കൃഷികൾ. കൃഷിമന്ത്രി പി.
പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.
ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവർ മോനുവിനെ അഭിനന്ദനമറിയിച്ച് വിളിച്ചിരുന്നു.
“പുരസ്കാര നേട്ടം അഭിമാനകരമാണ്.എനിക്കു ലഭിച്ച കർഷകശ്രീ പുരസ്കാരം യുവാക്കൾക്ക് കൃഷിയിലേക്കിറങ്ങാൻ ഊർജമാകുമെങ്കിൽ സന്തോഷം.കഴിഞ്ഞവർഷവും പുരസ്കാരത്തിന് അപേക്ഷിച്ചിരുന്നു.ഇത്തവണ അപ്രതീക്ഷിതമായിരുന്നു പുരസ്കാരം.വീട്ടിലെ എല്ലാവരുടെയും എന്റെ തൊഴിലാളികളുടെയും കൂട്ടായ്മയ്ക്കാണ് അവാർഡ് സമർപ്പിക്കുന്നത്.പ്രഫഷണലായി ഡയറി ഫാം ചെയ്യാൻ ഉപദേശം തന്നത് ഡോ.ഈപ്പൻ ജോണാണ്.വളരെ പ്രഫഷണലായി കൃഷിയെ സമീപിക്കാൻ അതുകൊണ്ട് കഴിഞ്ഞു.”
മോനു വർഗീസ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

