കൊച്ചി∙ മനുഷ്യർ പുസ്തകങ്ങളായി ജീവിതം പറയുന്ന ഹ്യൂമൻ ലൈബ്രറി മനോരമ ഹോർത്തൂസിൽ ‘തുറന്നു’; സാഹിത്യോത്സവങ്ങളുടെ ചരിത്രത്തിൽ പുതിയ അധ്യായവും. 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന ഹോർത്തൂസ് കലാ സാഹിത്യ സാംസ്കാരിക ഉത്സവത്തിലെ ഹ്യൂമൻ ലൈബ്രറിയുടെ തുടക്കമാണ് ഇന്നലെ കൊച്ചി പനമ്പിള്ളി നഗർ ഇടം ആർട്ട് കഫെയിൽ നടന്നത്.
5 മനുഷ്യർ അനുഭവങ്ങളുടെ തീച്ചൂടുള്ള അവരുടെ ജീവിത പുസ്തകങ്ങൾ തുറന്നു വച്ചപ്പോൾ അവ വായിക്കാൻ എത്തിയവരിൽ ഏറെയും കോളജ് വിദ്യാർഥികൾ.
കനൽ വഴികൾ താണ്ടി രാജ്യാന്തര പുരസ്കാരങ്ങൾ വരെ സ്വന്തമാക്കിയ നർത്തകി, ജെൻഡർ ചർച്ചകളിലേക്കു നാടു കടക്കുന്നതിനും എത്രയോ മുൻപു സ്വന്തം വ്യക്തിത്വം തുറന്നു പറഞ്ഞ സംസ്ഥാന സർക്കാരിന്റെ മികച്ച കർഷക, മദ്യമെത്തിച്ച മരണത്തിന്റെ പിടിയിൽ നിന്നു തിരികെ ജീവിതത്തിന്റെ ശ്വാസത്തിലേക്കു യാത്ര ചെയ്ത മനുഷ്യൻ, പറക്കാൻ കാലുകൾ ഉള്ളപ്പോൾ കൈകൾ എന്തിനു വേറെ എന്നു ചിരിയോടെ ചോദിച്ച മിടുക്കി, പരിമിതികളൊന്നും പരിമിതികളല്ലെന്നു തെളിയിച്ച് എവറസ്റ്റിന്റെ മഞ്ഞുതൊട്ട മറ്റൊരുവൻ – ഈ അഞ്ചു പുസ്തകങ്ങളും ഹൃദയം കൊണ്ടു സംസാരിച്ചു, വായനക്കാർ ഹൃദയപൂർവം അതു കേട്ടു.
അടുത്തിരുന്നു ജീവിതം പറഞ്ഞും സംശയങ്ങൾ ചോദിച്ചും സൗഹൃദം പൂവിട്ട
നിമിഷങ്ങൾ. ഒടുവിൽ എല്ലാവർക്കും ഒരേ ഒരു പരാതി മാത്രം, ‘സമയം തികഞ്ഞില്ല.’ ഹ്യൂമൻ ലൈബ്രറി എന്ന ആശയം ആദ്യമായി അനുഭവിച്ചതിന്റെ ആവേശം പങ്കിടുകയായിരുന്നു ‘പുസ്തകങ്ങളും വായനക്കാരും’. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷറീക്ക ഷാം മാർഗനിർദേശങ്ങളുമായി ഒപ്പം നിന്നു.
സാഹിത്യോത്സവങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണു ഹ്യൂമൻ ലൈബ്രറി അരങ്ങേറുന്നത്. ഇനി 27 മുതൽ 30 വരെ സുഭാഷ് പാർക്കിൽ ദിവസവും രാവിലെ 10 മുതൽ 11 വരെ എന്റെ കഥ-ഹോർത്തൂസ് ലിവിങ് ലൈബ്രറി ‘തുറക്കും’.
വരൂ, വ്യത്യസ്ത ജീവിതാനുഭവങ്ങളുടെ ചൂടും ചൂരുമുള്ള ഒട്ടേറെ ‘പുസ്തകങ്ങൾ’ വായിക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

