കൊച്ചി ∙ യാത്രക്കാരുടെ കുറവുമൂലം ബോൾഗാട്ടി വാട്ടർമെട്രോ അടച്ചു. എന്നാൽ സർവീസ് പൂർണമായും നിർത്തിയിട്ടില്ലെന്നും യാത്രക്കാരുള്ള മുറയ്ക്കു സർവീസുണ്ടെന്നും അധികൃതർ അറിയിച്ചു.
ബോൾഗാട്ടിയിൽ നടക്കുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. കൂടാതെ, ബോൾഗാട്ടി ജെട്ടിയിൽ യാത്രക്കാർ എത്തുമ്പോൾ സെക്യൂരിറ്റി അറിയിക്കും.
അതനുസരിച്ചു വാട്ടർമെട്രോ അവിടെ നിർത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാർ പരിമിതമായതാണ് വാട്ടർ മെട്രോയ്ക്കു തിരിച്ചടിയായത്. സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസാണ് ബോൾഗാട്ടിയിൽ നിർത്തുന്നത്.
യാത്രക്കാരുണ്ടെങ്കിൽ നിർത്തും. കൂടാതെയാണു ചടങ്ങുകളുള്ളപ്പോൾ ആവശ്യക്കാരുണ്ടെങ്കിൽ സർവീസ് നടത്തുന്നത്.
കഴിഞ്ഞദിവസം നടന്ന ചടങ്ങിനോട് അനുബന്ധിച്ചു രാത്രി 12 മണിവരെ സർവീസ് നടത്തിയിരുന്നെന്ന് അധികൃതർ അറിയിച്ചു.
അവധിക്കാലമായതോടെ വാട്ടർ മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. വിഷുദിനത്തിൽ പതിനായിരത്തോളംപേരാണു വാട്ടർ മെട്രോ ഉപയോഗിച്ചത്.
7000–7500 ശരാശരിയുടെ സ്ഥാനത്താണിത്. കടമക്കുടി മെട്രോ ടെർമിനലിന്റെ നിർമാണം ഏറെക്കുറെ അന്തിമഘട്ടത്തിലാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നീങ്ങുന്നതിന് അനുസരിച്ചു ഉദ്ഘാടനത്തിലേക്ക് അടുക്കുകയാണ് ടെർമിനൽ.
വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ടെർമിനലായിരിക്കുമിത്. പാലിയൻതുരുത്ത്, കുമ്പളം ടെർമിനലുകളാണ് പൂർത്തിയാകാനുള്ളത്.
ഇടക്കൊച്ചി ടെർമിനലിനുള്ള ടെൻഡർ ഉടൻ വിളിക്കും. ഇടക്കൊച്ചി സർവീസുംകൂടി പ്രവർത്തനനിരതമാകുന്നതോടെ വാട്ടർ മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനയാണു പ്രതീക്ഷിക്കുന്നത്.
തേവരയിലും വാട്ടർ മെട്രോ എത്തുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കും ഒരുപരിധിവരെ പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ.
മൂന്നു ബോട്ടുകൾക്കൂടിയാണു കൊച്ചിൻ ഷിപ്യാഡിൽ നിന്നു ലഭിക്കാനുള്ളത്. 23 ബോട്ടുകൾക്കായിരുന്നു കരാർ.
ഈ ബോട്ടുകളുംകൂടി ലഭിക്കുന്നതോടെ സർവീസുകളുടെ എണ്ണവുംകൂടും. കാക്കനാട് സർവീസ് ഇൻഫോപാർക്കിലേക്കു നീട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

