വരാപ്പുഴ ∙ പെരിയാറിൽ കോതാട് – ചേന്നൂർ ഫെറിക്കു സമീപം തീരസംരക്ഷണ ഭിത്തി തകർന്നു. കോതാട് പള്ളിക്കു മുന്നിൽ വാട്ടർ മെട്രോ ബോട്ട് ജെട്ടിക്ക് ഏറ്റെടുത്തിട്ടുള്ള ഭാഗത്തോടു ചേർന്നാണു കഴിഞ്ഞ ദിവസം രാത്രി അപ്രതീക്ഷിതമായി കരിങ്കൽ ഭിത്തി തകർന്നു വലിയ ശബ്ദത്തോടെ പുഴയിലേക്കു പതിച്ചത്.
ഭിത്തിയുടെ അടിവശത്തായി ഏതാനും കരിങ്കല്ലുകൾ കഴിഞ്ഞ പ്രളയ സമയത്ത് തന്നെ ഇളകി മാറിയ നിലയിലായിരുന്നു. ഇതു പുനർനിർമിക്കാൻ വർഷങ്ങളായിട്ടും അധികൃതർ നടപടികൾ സ്വീകരിച്ചില്ല.
കല്ലുകൾ ഇളകി മാറിയ ഭാഗത്തു തന്നെയാണ് ഏതാണ്ട് ഇരുപത് മീറ്ററോളം നീളത്തിൽ കരിങ്കൽ ഭിത്തി പൂർണമായും തകർന്നു പുഴയിലേക്കു പതിച്ചത്. ഭിത്തി തകർന്നതോടെ ഈ ഭാഗത്തു കടവ് ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്.
കോതാട് ചങ്ങാടം കടവിൽ സായാഹ്നങ്ങളിൽ എത്തുന്നവർ ഇൗ ഭിത്തിയിലൂടെ നടക്കുന്നതും കൂട്ടമായി ഇരുന്നു സമയം ചെലവഴിക്കുന്നതും പതിവായിരുന്നു. ചൂണ്ടയിടാൻ എത്തുന്നവരും ഇൗ ഭിത്തിയിലാണ് ഇരിക്കുന്നത്.
അപകടം നടന്ന സമയത്ത് ഇവിടെ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായതായി സമീപത്തു താമസിക്കുന്ന നാട്ടുകാരനായ ഷോബി പനച്ചിത്തറ പറഞ്ഞു.തകർന്ന ഭിത്തിയോടു ചേർന്നുള്ള ബാക്കി ഭാഗവും അപകട നിലയിലാണ്. ഇവിടെ സുരക്ഷ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും തകർന്ന ഭിത്തി പുനർനിർമിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

