കൊല്ലം ജില്ലയിലെ കുണ്ടറ പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി ചാടിപ്പോയതായി റിപ്പോർട്ട്. എഴുകോൺ പുത്തൻനട സ്വദേശിയായ വൈജേഷ് (23) ആണ് കരുതൽ തടങ്കലിൽ നിന്ന് രക്ഷപ്പെട്ടത്.
ലോക്കപ്പ് പൂട്ടാൻ ജീവനക്കാർക്ക് സംഭവിച്ച വീഴ്ചയാണ് പ്രതിക്ക് തുണയായത്. രണ്ടു ദിവസം മുൻപ് നാന്തിരിക്കലെ ഒരു വീട്ടിൽ നിന്ന് വയറിങ് സാമഗ്രികൾ മോഷ്ടിച്ച കേസിലാണ് വൈജേഷിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വീട്ടുകാർ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിലാണ് വൈജേഷിലേക്ക് സംശയം നീണ്ടത്. നാന്തിരിക്കലിലെ പവർ ടൂൾസ് കടയിൽ നിന്ന് വയറിങ്, പ്ലംബിങ് സാമഗ്രികൾ മുറിക്കുന്ന ഉപകരണങ്ങൾ വൈജേഷ് വാടകയ്ക്കെടുത്തതായി പിന്നീട് വ്യക്തമായി.
ചൊവ്വാഴ്ച രാത്രി ഈ ഉപകരണങ്ങൾ തിരിച്ചു കൊടുക്കാൻ വൈജേഷ് എത്തിയപ്പോൾ വീട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് ശേഷം കുണ്ടറ സ്റ്റേഷനിൽ എത്തിക്കുകയുമാണുണ്ടായത്.
സ്റ്റേഷനിൽ എത്തിച്ച വൈജേഷിനെ ലോക്കപ്പിൽ അടച്ചെങ്കിലും, വാതിൽ പൂട്ടാൻ പൊലീസുകാർ മറന്നുപോയതായി പിന്നീട് കണ്ടെത്തി. പുലർച്ചെ 1:30 ഓടെ പാറാവുകാരന്റെ കണ്ണ് വെട്ടിച്ച് വൈജേഷ് ലോക്കപ്പ് തുറന്ന് പുറത്തിറങ്ങി ഓടുകയായിരുന്നു.
കുറച്ചു സമയം കഴിഞ്ഞ് ലോക്കപ്പിലേക്ക് നോക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
സംഭവസമയം സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ആള് കുറവായിരുന്നതും പ്രതിക്ക് രക്ഷപ്പെടാൻ സൗകര്യമായി മാറി. ഒളിവിൽ പോയ വൈജേഷിനായുള്ള തിരച്ചിൽ കുണ്ടറ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

