ദേശീയപാത 66ൽ പനമ്പിക്കുന്ന് സെന്റർ ഭാഗത്ത് അർധരാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിന് കാരണം റോഡിൽ അലക്ഷ്യമായി നിർത്തിയിട്ട ലോറിയാണെന്നാണ് പ്രാഥമിക ആരോപണം.
ഇന്നലെ രാത്രി 12 മണിയോടെയാണ് ഗുരുവായൂർ ഭാഗത്തുനിന്നു വന്ന കാർ നിർത്തിയിട്ട ലോറിയിലിടിച്ച് വലിയ അപകടമുണ്ടായത്.
അനധികൃതമായി മൂന്നു ലോറികൾ ഈ സമയം റോഡിൽ പാർക്ക് ചെയ്തിരുന്നുവെന്നും, അപകടത്തിനു പിന്നാലെ ഇതിൽ രണ്ടു ലോറികളുമായി ഡ്രൈവർമാർ സ്ഥലം വിട്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ഈ അപകടത്തിൽ കാറിലുണ്ടായിരുന്ന 5 പേർ സംഭവസ്ഥലത്തു തന്നെ ജീവൻ വെടിഞ്ഞു.
മരിച്ചവരിൽ 5 പേരെയും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിണ്ടിഗൽ എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ് ഇവർ.
റോഡിൽ യാതൊരുവിധ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. കൃത്യമായ സിഗ്നലുകൾ നൽകിയില്ലെങ്കിൽ ദീർഘദൂര വാഹനങ്ങളുടെ ഡ്രൈവർമാർക്ക് അത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
ഇവിടെ പലപ്പോഴും ലോറികൾ റോഡിൽ നിർത്തിയിടാറുണ്ടെന്നും, സമാനമായ രീതിയിൽ നേരത്തെയും ഇവിടെ അപകടങ്ങൾ നടന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ഹാസ്യനടനും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന കൊല്ലം സുധിയുടെ ജീവനെടുത്തതും കയ്പമംഗലത്തുണ്ടായ സമാനമായ വാഹനാപകടത്തിലാണെന്നും നാട്ടുകാർ ഓർമിപ്പിച്ചു.
സംഭവത്തിൽ ലോറി നിർത്തിയിട്ടതിൽ ഗുരുതരമായ അനാസ്ഥയുണ്ടെങ്കിൽ അത് കർശനമായി പരിശോധിക്കുമെന്ന് മന്ത്രി ഒ.ജെ.ജനീഷ് കുമാർ വ്യക്തമാക്കി. “ദാരുണമായ സംഭവമാണ് നടന്നത്.
ലോറി നിർത്തിയിട്ടത് അപകടകരമായ സാഹചര്യത്തിലാണെന്നാണ് അറിഞ്ഞത്. അക്കാര്യം പരിശോധിക്കും.
മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ പരിശോധിക്കും.
ഹൈവേയിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്ന് ഹൈവേ അതോറിറ്റിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ലോറി നിർത്തിയിട്ടത് മുന്നറിയിപ്പുള്ള ഭാഗാണോ എന്നതില്‍ വ്യക്തതയില്ല.
അത് പരിശോധിച്ച് നടപടിയെടുക്കും” – മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

