അങ്കമാലി ∙ വയലുകളാൽ ചുറ്റപ്പെട്ട ഫലഭൂയിഷ്ഠമായ പ്രദേശമാണ് മഞ്ഞപ്ര.
തട്ടുപാറ, കുറ്റിപ്പാറ, ആനപ്പാറ, തവളപ്പാറ എന്നിങ്ങനെ ‘പാറ’ യിൽ അവസാനിക്കുന്ന സ്ഥലനാമങ്ങളാണ് സമീപപ്രദേശങ്ങളിലുള്ളത്. വടക്കൻ ജില്ലകളിൽ നിന്നു വരുന്ന മലയാറ്റൂർ തീർഥാടകർ എളുപ്പത്തിൽ കടന്നുപോകുന്നതു മഞ്ഞപ്ര വഴിയാണ്. വർഷങ്ങളോളം ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിന്ന മഞ്ഞപ്ര, ത്രിതല പഞ്ചായത്ത് സംവിധാനം വന്നതിൽ പിന്നെ യുഡിഎഫിനെയും എൽഡിഎഫിനെയും മാറിമാറി പിന്തുണയ്ക്കുന്നു.
1995 മുതൽ 2005 വരെയുള്ള രണ്ടു ടേമുകളിലും ഇരുമുന്നണികളും മാറിമാറി ഭരിച്ചു.2005-2010ൽ യുഡിഎഫ് ഭരണത്തിലേറിയെങ്കിലും പകുതി ആകാറായപ്പോൾ ഭരണം പിടിച്ചെടുത്ത എൽഡിഎഫ് അടുത്ത ടേമിൽ ഭരണത്തുടർച്ചയും സ്വന്തമാക്കി.
എന്നാൽ ഒരു സീറ്റു മാത്രം എൽഡിഎഫിനു നൽകിയാണ് അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചടിച്ചത്. വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അടിപതറി.ഒരു സീറ്റിന്റെ വ്യത്യാസത്തിൽ ഭരണം എൽഡിഎഫ് കൊണ്ടുപോയി.
ആകെയുള്ള 13 സീറ്റിൽ എൽഡിഎഫിന് 7 അംഗങ്ങളും യുഡിഎഫിന് 6 അംഗങ്ങളുമാണുള്ളത്. സിപിഎം: 6, സിപിഐ:1, കോൺഗ്രസ്:6 എന്നിങ്ങനെയാണു കക്ഷിനില.
വത്സലകുമാരി വേണു(പ്രസിഡന്റ്, മഞ്ഞപ്ര പഞ്ചായത്ത്)
മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കി.രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ ഡോക്ടറുടെ സേവനം ഏർപ്പെടുത്തി.
പഞ്ചായത്തിന്റെ ചെലവിൽ പ്രത്യേക ഡോക്ടറെ നിയമിച്ചു. കിടപ്പു രോഗികളുടെ വീടുകളിൽ ആഴ്ചയിൽ ഒരിക്കൽ ഡോക്ടർ ഉൾപ്പെടെയുള്ള സംഘം പോയി പരിശോധിച്ചു മരുന്നു നൽകുന്ന സമ്പ്രദായം നടപ്പാക്കി.2.92 കോടി രൂപ ചെലവിൽ വടക്കുംഭാഗം ഷോപ്പിങ് കോംപ്ലക്സ് നിർമാണം തുടങ്ങി.55 ലക്ഷം രൂപ മുടക്കി തവളപ്പാറയിൽ ജനകീയ ആരോഗ്യ കേന്ദ്രം നിർമിച്ചു.
50 ലക്ഷം രൂപ ചെലവിൽ നരിക്കുഴിച്ചിറ പുനരുദ്ധരിച്ചു.30 ലക്ഷം രൂപ മുടക്കി ചക്കുങ്ങചിറയുടെ പുനരുദ്ധാരണം തുടങ്ങി.
7 കുളങ്ങളും ചിറകളും പുനരുദ്ധരിച്ചു.തരിശായ പാടശേഖരങ്ങളിൽ നെൽക്കൃഷി തുടങ്ങി. ലൈഫ് ഭവന പദ്ധതിയിലെ 138 ഗുണഭോക്താക്കളുടെ വീടുപണി പൂർത്തീകരിച്ചു.
കുടുംബങ്ങൾക്കു സ്ഥലം വാങ്ങി നൽകി. പട്ടികജാതി വിഭാഗത്തിന്റെ താമസസ്ഥലത്തിനു മുകളിലൂടെയുള്ള 11 കെവി ലൈൻ 1.11 കോടി രൂപ ചെലവാക്കി കേബിളാക്കി.
സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഹരിതകർമ സേനയുടെ പ്രവർത്തനം എല്ലാ വീടുകളിലേക്കും വ്യാപിപ്പിച്ചു.
അജൈവ മാലിന്യങ്ങൾ തിരിച്ച് എംസിഎഫിൽ ശേഖരിക്കുന്ന സംവിധാനം ഏർപ്പെടുത്തി. കുടുംബശ്രീ നൂറോളം സംരംഭങ്ങളാണു തുടങ്ങിയത്.
പച്ചത്തുരുത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു. പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കി വഴിവിളക്ക് സ്ഥാപിച്ചു.
പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി.
സിജു ഈരാളി
(മഞ്ഞപ്ര പഞ്ചായത്ത് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ)
എംഎൽഎ, എംപി ഫണ്ടുകൾ ഉപയോഗിച്ചുള്ള വികസനമല്ലാതെ എൽഡിഎഫ് ഭരണസമിതിക്കു കഴിഞ്ഞ 5 വർഷം ഒരു വികസനവും കൊണ്ടുവരാനായില്ല. 2020-21 സാമ്പത്തിക വർഷത്തിൽ 4.80 കോടി രൂപയുടെ റോഡ് മെയിന്റനൻസ് ഗ്രാൻഡ് ലഭിച്ചപ്പോൾ 2025ൽ 1.15 കോടി രൂപ മാത്രമാണ് കിട്ടിയത്.
പദ്ധതിവിഹിതം ചെലവഴിക്കാതെയും രേഖകൾ സമർപ്പിക്കാതെയും എൽഡിഎഫ് ഭരണസമിതി 6.74 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയത് വലിയ ഭരണപരാജയമാണ്. പ്രകടനപത്രികയിൽ പറഞ്ഞ 61 വികസന പദ്ധതികളിൽ ഒന്നും നടപ്പാക്കിയിട്ടില്ല.
മാർക്കറ്റിലെ കച്ചവടക്കാരെ ഒഴിപ്പിച്ച് പുതിയ മാർക്കറ്റിന് തറക്കല്ല് ഇട്ടതല്ലാതെ ഒന്നും ചെയ്യാനായില്ല.
നിത്യോപയോഗ സാധനങ്ങൾക്കു സബ്സിഡി ലഭിക്കുന്ന സൂപ്പർമാർക്കറ്റ് തുറന്നില്ല. മഞ്ഞപ്ര ഗവ.
സ്കൂൾ മുതൽ ചെന്നേക്കാടൻ കവല (സെബിപുരം) വരെ ബൈപാസ് നിർമിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല.എംഎൽഎ 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും എൽഡിഎഫിലെ അഭിപ്രായഭിന്നതകൾ മൂലം ചന്ദ്രപ്പുര കവലയിൽ ഓപ്പൺ എയർ സ്റ്റേഡിയം നിർമിക്കാനായില്ല. യുഡിഎഫ് ഭരണസമിതിയുടെ കാലത്തു നിർമിച്ച 62 വീടുകളും ഉൾപ്പെടുത്തിയാണ് ലൈഫ് പദ്ധതിയിലെ 162 വീടുകളുടെ നേട്ടം പറയുന്നത്.
പൊതുശ്മശാനം, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവ യാഥാർഥ്യമാക്കിയില്ല. ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കാനായില്ല.
മാലിന്യനിർമാർജനത്തിനു നടപടികൾ ഉണ്ടായില്ല.ജനങ്ങൾ ഭരണത്തെ എങ്ങനെ കാണുന്നു. അവരുടെ പ്രതിനിധികളായി 5 പേരുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നു
പി.എ.ദേവസ്സി
(പ്രസിഡന്റ്, സന്തോഷ് ലൈബ്രറി തവളപ്പാറ)
നേട്ടം : ജലസേചന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി നരിക്കുഴി, വലിയചാൽ തുടങ്ങിയ ചിറകളും കുളങ്ങളും സംരക്ഷിക്കുന്നതിനു ശ്രദ്ധ നൽകി.
കോട്ടം : സാംസ്കാരിക സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും ഭരണസമിതിക്കു കഴിഞ്ഞിട്ടില്ല.
വി.വി.കുമാരൻ
(സെക്രട്ടറി കെപിഎംഎസ് അങ്കമാലി യൂണിയൻ)
നേട്ടം : മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ ഡോക്ടറുടെ സേവനം ഏർപ്പെടുത്തി. തവളപ്പാറയിൽ ജനകീയ ആരോഗ്യ കേന്ദ്രം നിർമിച്ചു.പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി.
കോട്ടം : പട്ടികജാതി,വർഗ ഫണ്ടുകൾ വേണ്ട രീതിയിൽ വിനിയോഗിക്കാതെ ലാപ്സാക്കി.
പൊതു ശ്മശാനം, യാഥാർഥ്യമായില്ല. മാർക്കറ്റ് നിർമാണം പൂർത്തീകരിച്ചില്ല.
പട്ടിക ജാതി,വർഗ വിഭാഗങ്ങൾക്ക് ഒരു കമ്യൂണിറ്റി ഹാൾ അനുവദിച്ചില്ല. റോഡുകളുടെ വശങ്ങളും ഓടകളും വൃത്തിയാക്കിയില്ല.
എ.കെ.പവിത്രൻ
(റിട്ട.
തഹസിൽദാർ) നേട്ടം : ലൈഫ് പദ്ധതിയിൽ ഭൂരിഭാഗം വീടുകളുടെയും പൂർത്തീകരണവും തവളപ്പാറയിൽ ആരോഗ്യകേന്ദ്രം ആരംഭിച്ചതും നേട്ടമായി. മഞ്ഞപ്ര ആരോഗ്യകേന്ദ്രത്തിൽ വൈകിട്ട് 6 വരെ ഒപി പ്രവർത്തനം,വനിതാ വികസന കേന്ദ്രം, ഫിറ്റ്നസ് സെന്റർ, ജെബിഎസ് വികസനം, നരിക്കുഴിച്ചിറ വികസനം എന്നിവയും മികവായി.
കോട്ടം : പൊതു ശ്മശാനം, ചന്ദ്രപ്പുര ഓപ്പൺ എയർ സ്റ്റേഡിയം, പൊതു ശുചിമുറി എന്നിവ യാഥാർഥ്യമായില്ല. ആനാട്ടാംകുഴി ജലസേചനപദ്ധതി എങ്ങുമെത്തിയില്ല.
വടക്കുംഭാഗത്ത് പൊതു മാർക്കറ്റ് നിർമാണം തുടങ്ങിയെങ്കിലും പൂർത്തീകരിക്കാനായില്ല.
ടി.ഐശ്വര്യ
(യുവ കവയിത്രി)
നേട്ടം : ഹരിത കർമസേനയുടെ പ്രവർത്തനം, വിഷമുക്ത പച്ചക്കറിക്കൃഷിക്ക് സൗകര്യം ഒരുക്കിയതും ആശുപത്രിയിൽ ഡോക്ടറുടെ സേവനം വൈകിട്ട് 6 വരെ ആക്കിയതും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഗർഭിണികളുടെയും ആരോഗ്യ കാര്യങ്ങളിൽ ആശാവർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും പ്രവർത്തനമികവുമൊക്കെ അഭിനന്ദനാർഹമാണ്. കോട്ടം : ചന്ദ്രപ്പുര ജംക്ഷനിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ട്രാഫിക് സിഗ്നൽ ഏർപ്പെടുത്തിയില്ല.
ശുചിമുറി സൗകര്യങ്ങളും കുറവാണ്.
സി.ഒ.പൗലോസ്
(റിട്ട.ഡപ്യൂട്ടി ഡവലപ്മെന്റ് കമ്മിഷനർ)
നേട്ടം : പാലിേയേറ്റീവ് സംവിധാനം കിടപ്പുരോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസമാണ്.ആഴ്ചയിൽ 2 ദിവസമുള്ള ഈ സംവിധാനത്തിന്റെ ദിവസങ്ങൾ കൂട്ടണം. കോട്ടം : സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കിയില്ല.
ആശുപത്രി, സിനിമ തിയറ്റർ ഉൾപ്പെടെയുള്ള ഇടങ്ങളിലേക്കു പോകുന്നതിന് യാത്രാദുരിതമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

