കൊച്ചി ∙ സംസ്ഥാനത്തെ ഉയർന്ന അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രി സെൽഷ്യസിൽ റെ. അന്തരീക്ഷത്തിലെ ഈർപ്പം മൂലമാണ് അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇൻഡക്സ്) 50 ഡിഗ്രി സെൽഷ്യസിൽ ഏറെയാകുന്നത്.
ഒരാഴ്ച കൂടി ഈ കാലാവസ്ഥ തുടരാനാണു സാധ്യതയെന്ന് കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് ഡയറക്ടർ ഡോ.എസ്.
അഭിലാഷ് പറഞ്ഞു. കേരളമുൾപ്പെടെ ദക്ഷിണേന്ത്യയുടെ ഉച്ചയിൽ സൂര്യൻ നിൽക്കുന്നതിനാൽ അൾട്രാ വയലറ്റ് രശ്മികൾ കൂടുതലാണ്.
മഴ മേഘങ്ങളുടെ സാന്നിധ്യമില്ലാത്തതും ചൂടു കൂടാൻ കാരണമാണ്.
വടക്കൻ അറബിക്കടലിൽ നിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത 2 ദിവസങ്ങളിൽ സംസ്ഥാനത്ത് വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ ഇന്നും നാളെയും താപനില 37 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരും.
താപനില ഉയരാനുള്ള സാധ്യതയെ തുടർന്ന് എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്.
വേനൽച്ചൂട് പൊള്ളി ഇടുക്കി ഡാമും; ജലനിരപ്പ് താഴുന്നു
തൊടുപുഴ ∙ വേനൽ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,341 അടിയായി കുറഞ്ഞു. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്.
കഴിഞ്ഞ വർഷത്തെക്കാൾ 8.3 അടി വെള്ളം കുറവാണിപ്പോൾ. കെഎസ്ഇബിയുടെ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് കാര്യമായി താഴ്ന്നു.
അണക്കെട്ടുകളിൽ ഇപ്പോൾ 37% വെള്ളമാണു ശേഷിക്കുന്നത്. 2022നു ശേഷം ജലനിരപ്പ് ഇത്രയും കുറയുന്നത് ഇതാദ്യമാണ്.
ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തെ ഒരു ദിവസത്തെ ശരാശരി വൈദ്യുതി ഉപയോഗം 102.01 ദശലക്ഷം യൂണിറ്റായി ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം ഇത് 93.14 ദശലക്ഷം യൂണിറ്റായിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് പ്രതിദിനം 80 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇറക്കുമതി ചെയ്യുന്നുണ്ട്.
കാലവർഷം എത്താൻ ഇനിയും 48 ദിവസം കൂടി വേണമെന്നാണു കണക്കാക്കുന്നത്. അതുവരെ ഉൽപാദനം കാര്യമായി ഉയർത്താതെ പുറത്തുനിന്നു വൈദ്യുതി എത്തിച്ചാൽ മാത്രമേ പ്രതിസന്ധിയില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂവെന്നും അധികൃതർ പറയുന്നു.
കൊടും ചൂട് വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും രക്ഷ ഉറപ്പാക്കണം
വൈപ്പിൻ∙ വേനൽ ചൂട് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും പ്രത്യേക പരിചരണവും കരുതലും നൽകണമെന്ന് മൃഗ സംരക്ഷണ വകുപ്പ്.
പശുക്കൾക്കു മറ്റും ഉൽപാദന ക്ഷമത കുറയുന്നതിനു പുറമേ രോഗങ്ങൾക്കും കടുത്ത ചൂട് കാരണമാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
പശുക്കളുടെ തൊഴുത്തിൽ മുഴുവൻ സമയവും വായു സഞ്ചാരം ഉറപ്പാക്കുകയും കുടിക്കാൻ തണുത്ത ശുദ്ധമായ വെള്ളം മുഴുവൻ സമയവും ലഭ്യമാക്കുകയും വേണം. പശുക്കളുടെ ശരീരത്തിൽ നേരിട്ട് വെള്ളമൊഴിക്കുന്നതിനു പകരം സ്പ്രിംഗ്ലർ, മിസ്റ്റ്, ഷവർ എന്നിവ ഉപയോഗിച്ച് അരമണിക്കൂറിൽ 3 മിനിറ്റ് വീതം തുള്ളി നന നൽകുകയും വശങ്ങളിൽ നിന്നുള്ള ഫാനുകൾ പ്രവർത്തിപ്പിക്കുകയും വേണം.
പൊള്ളുന്ന വെയിലിൽ തുറസ്സായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണം.
ജലാംശം കൂടുതലുള്ള പച്ചപ്പുല്ല്, അസോള, ശീമക്കൊന്ന മുതലായ ഇലത്തീറ്റകൾ ലഭ്യമാക്കണം. ഉമിനീർ ധാരാളം നഷ്ടപ്പെടുന്നത് വഴി ആമാശയത്തിലുണ്ടാകുന്ന അസിഡോസിസ് കുറയ്ക്കാൻ ഒരു കിലോ തീറ്റയിൽ10 ഗ്രാം സോഡിയം ബൈ കാർബണേറ്റ് അഥവാ അപ്പക്കാരം ചേർത്തു നൽകണം.
എരുമകൾക്ക് വിയർപ്പ് ഗ്രന്ഥികൾ കുറവായതിനാൽ മുങ്ങിക്കിടക്കാൻ പാകത്തിലുള്ള വെള്ളം നിറച്ച ടാങ്കുകൾ ഒരുക്കണം.
വളർത്തു പക്ഷികൾക്ക് തണുത്ത വെള്ളം കുടിക്കാനായി ലഭ്യമാക്കണം. വൈറ്റമിൻ സി, ഇലക്ട്രോലൈറ്റ്സ് പ്രോബയോട്ടിക്സ് എന്നിവ കുടിവെള്ളത്തിൽ കൂടി നൽകണം.
വിദേശ ഇനം നായ്ക്കൾ, പൂച്ചകൾ , കിളികൾ എന്നിവയുമായുള്ള യാത്രകൾ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. നേരിട്ട് സൂര്യപ്രകാശം ഏൽപ്പിക്കരുത്.
മൃഗങ്ങളിൽ ശാരീരിക അസ്വസ്ഥത, കിതപ്പ്, തളർച്ച, ഭക്ഷണത്തോടു മടുപ്പ്, ഉയർന്ന ഹൃദയമിടിപ്പ്, പനി, വായിൽ നിന്നും നുരയും പതയും വരിക, നാക്ക് പുറത്തേക്ക് തള്ളിയിടുക, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ വിദഗ്ധ ചികിത്സ തേടണമെന്നും എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ടി.ആർ.ഷെർലി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

