കാലടി∙ കേരളത്തിന്റെ പാരമ്പര്യ കലാനുഷ്ഠാനത്തിന് സമർപ്പിച്ച ജീവിതമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എടനാട് കിഴക്കേ നമ്പ്യാർമഠം സരോജിനി നങ്ങ്യാരമ്മയുടേത്(86). അനുഷ്ഠാന രീതിയിൽ നങ്ങ്യാർക്കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുന്ന ഇവർ ആയിരത്തിലേറെ വേദികളിൽ കലാനൈപുണ്യം പകർന്നാടി.
2016ൽ ഡൽഹിയിൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് രാഷ്ട്രത്തിന്റെ പുരസ്കാരം ഏറ്റുവാങ്ങിയത് ജീവിതത്തിലെ ഏറ്റവും അനർഘ നിമിഷമായി അവർ കരുതിയിരുന്നു.10–ാം വയസ്സിലായിരുന്നു അരങ്ങേറ്റം. അമ്മ അമ്മുക്കുട്ടി നങ്ങ്യാരമ്മ, അമ്മായി കൊച്ചുകുട്ടി നങ്ങ്യാരമ്മ എന്നിവരായിരുന്നു ഗുരുക്കന്മാർ.
ക്ഷേത്രങ്ങൾ തന്നെയായിരുന്നു പ്രധാന അരങ്ങ്.
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലും തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലും എല്ലാ വർഷവും സരോജിനി നങ്ങ്യാരമ്മയുടെ കൂത്തും കൂടിയാട്ടവും നടന്നിരുന്നു.കൂത്ത്, കൂടിയാട്ടം കലാകാരനായിരുന്നു ഭർത്താവ് മാണി പരമേശ്വര ചാക്യാർ. അദ്ദേഹം വർഷങ്ങൾക്ക് മുൻപ് മരിച്ചു.
മക്കളായ നാരായണൻ നമ്പ്യാരും രാമചന്ദ്രൻ നമ്പ്യാരും മിഴാവുമായി അമ്മയ്ക്കൊപ്പം അരങ്ങുകളിൽ ഉണ്ടാകും. കേന്ദ്ര സംഗീത നാടക അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം എന്നിവയുടേത് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ഈ കലാകാരിയെ തേടിയെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

