ബസ് ഓടിക്കുന്നതുകൊണ്ടുമാത്രം റോഡിന്റെ തമ്പുരാനാണ് ഡ്രൈവർ എന്നർഥമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുന്നതും അടുത്തിടെ ബസ് ജീവനക്കാരൻ റോഡിൽ വഴിതടഞ്ഞു അതിക്രമം കാണിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
റോഡ് സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ദേശീയപാതയിൽ എട്ടോളം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയ കോടതി, അശ്രദ്ധമൂലം എത്രയധികം അപകടങ്ങളാണ് ഉണ്ടാകുന്നതെന്ന് ചോദിച്ചു.
ഭാരവാഹനങ്ങൾ നിരത്തിലിറങ്ങേണ്ടത് അത്യാവശ്യമാണ്, എന്നാൽ അതുകൊണ്ട് മറ്റുള്ളവരെ കൊല്ലാനോ പരുക്കേൽപ്പിക്കാനോ ഡ്രൈവർമാർക്ക് അവകാശമുണ്ടെന്ന് അർഥമില്ലെന്നും കോടതി നിരീക്ഷിച്ചു. ബസ് ഡ്രൈവർമാരെ ഉപദ്രവിക്കാനല്ല ഇത്തരം നിരീക്ഷണങ്ങളെന്നും, എന്നാൽ കുട്ടികളും മുതിർന്നവരുമടക്കം എല്ലാവരും സുരക്ഷിതമായി സ്വന്തം വീടുകളിൽ തിരിച്ചെത്തണമെന്നും റോഡുകൾ കൊലക്കളങ്ങളായി മാറരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
സമയം പാലിക്കണമെന്ന കാരണം പറഞ്ഞ് ഭാരവാഹനങ്ങൾ റോഡിൽ തന്നിഷ്ടപ്രകാരമാണ് സഞ്ചരിക്കുന്നത്. സാധാരണക്കാർക്ക് റോഡിലൂടെ നടക്കാനോ കാറോടിക്കാനോ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇടതുവശത്തുകൂടി മാത്രം വാഹനങ്ങൾ ഓടിക്കണമെന്ന നിർദേശം നിലനിൽക്കെ, സ്വകാര്യ ബസുകൾക്ക് എങ്ങനെയാണ് ഓവർടേക്ക് ചെയ്യാൻ സാധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. നഗരത്തിലെ യഥാർത്ഥ പ്രശ്നം അമിതവേഗമല്ല, മറിച്ച് അശ്രദ്ധയാണെന്നും കോടതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജൂലൈയിൽ അസിസ്റ്റന്റ് കമ്മിഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം അടക്കമുള്ള സംവിധാനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് കോടതി ആരാഞ്ഞു.
ബസ് ജീവനക്കാർക്ക് പൊലീസ് വെരിഫിക്കേഷനും സ്വഭാവ സർട്ടിഫിക്കറ്റും നിർബന്ധമാക്കുമെന്ന് അറിയിച്ചിരുന്നതിന്റെയും, നിയമലംഘനങ്ങൾ അറിയിക്കാൻ വാട്സാപ്പ് നമ്പർ ബസുകളിൽ പതിക്കുമെന്ന് പറഞ്ഞിരുന്നതിന്റെയും നിലവിലെ സ്ഥിതി എന്താണെന്നും കോടതി ചോദ്യം ചെയ്തു. അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോർട്ടിൽ പരാമർശിച്ച കാര്യങ്ങൾ കർശനമായി നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
നഗരത്തിലെ റോഡുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്ന വേളയിലാണ് ഈ സുപ്രധാന പരാമർശങ്ങൾ ഉണ്ടായത്.
ഇതിനിടയിൽ, സർവീസിനിടയിൽ ക്ലീനറുമായി വഴക്കുണ്ടാക്കി സ്വകാര്യ ബസ് നടുറോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. തൃശൂർ സ്വദേശിയായ എൽ.എം.രജീഷ് എന്ന ഡ്രൈവറുടെ ലൈസൻസാണ് കാക്കനാട് ആർ.ടി.ഒ മൂമാസത്തേക്ക് റദ്ദാക്കിയത്.
കളമശേരി– തേവര റൂട്ടിൽ സർവീസ് നടത്തുന്ന ‘കൃതിക’ ബസിലെ ജീവനക്കാർ തമ്മിൽ ഇടപ്പള്ളി ജങ്ഷനിൽവെച്ചാണ് രണ്ട് ദിവസം മുൻപ് വഴക്കുണ്ടായത്. തർക്കം രൂക്ഷമായതോടെ ഡ്രൈവർ ബസ് വഴിയിലുപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.
മറ്റ് ജീവനക്കാർക്ക് വണ്ടി ഓടിക്കാൻ അറിയാത്തതിനാൽ ബസ് അവിടെനിന്ന് മാറ്റാനും സാധിച്ചില്ല. തുടർന്ന് പൊലീസെത്തി ബസ് നീക്കം ചെയ്ത് കസ്റ്റഡിയിൽ എടുക്കുകയും ഡ്രൈവറെ കണ്ടെത്തുകയും ചെയ്തു.
മറ്റൊരു ഡ്രൈവറെത്തിയാണ് പിന്നീട് സർവീസ് പുനരാരംഭിച്ചത്. സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് കേസെടുക്കുകയും ഡ്രൈവർ വിശദീകരണം നൽകുകയും ചെയ്തെങ്കിലും, അത് തൃപ്തികരമല്ലെന്ന് കണ്ടാണ് ആർ.ടി.ഒ കെ.ആർ.സുരേഷ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ബസിനെതിരെ സ്വീകരിക്കേണ്ട തുടർ നടപടികൾ ആർ.ടി.എ ബോർഡ് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

