വടകര താലൂക്കിലെ ചോമ്പാലയിൽ ദേശീയപാത 66-ന്റെ ഭാഗമായി പുതിയ ടോൾ പ്ലാസ വരുന്നു. എന്നാൽ നാട്ടുകാരുടെ ആശങ്കകൾക്ക് യാതൊരുവിധ പരിഹാരവും കാണാതെയാണ് ഈ നടപടി.
ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ ദേശീയപാതയിൽ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. വടകര മേഖലയിലെ നിർമാണ പ്രവൃത്തികൾ അപൂർണ്ണമായി നിൽക്കെ ടോൾ പിരിക്കാൻ നടത്തുന്ന നീക്കത്തിനെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
മാഹി–തലശ്ശേരി ബൈപാസിൽ നിലവിൽ കൊളശ്ശേരിയിലാണ് ടോൾ പ്ലാസ പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ ഈ പ്ലാസ കല്യാശ്ശേരിയിലേക്ക് മാറ്റാനാണ് അധികൃതർ ശ്രമിക്കുന്നത്.
ചോമ്പാലയിൽ റോഡിന് ഇരുവശത്തുമായി നിശ്ചിത അകലത്തിലാണ് പ്ലാസയുടെ നിർമാണം പുരോഗമിക്കുന്നത്. വടകര മേഖലയിൽ പാലോളിപ്പാലത്തിന് ശേഷം നിർമാണ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ് നടക്കുന്നത്.
നാദാപുരംറോഡ് ഭാഗത്തും മുക്കാളിയിലും മാത്രമാണ് ഇപ്പോൾ പുതിയ പാതയിലൂടെ വാഹനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കുന്നത്. മറ്റിടങ്ങളിൽ ഉയരപ്പാത ഉൾപ്പെടെയുള്ള പ്രധാന നിർമ്മാണങ്ങൾ ഇനി ആരംഭിക്കാനേയുള്ളൂ.
ഇതിനിടയിലാണ് തിടുക്കത്തിൽ ടോൾ പിരിക്കാനുള്ള നീക്കം നടക്കുന്നത്. നിയമപ്രകാരം രണ്ട് ടോൾ പ്ലാസകൾ തമ്മിൽ കുറഞ്ഞത് 60 കിലോമീറ്റർ അകലം വേണമെന്നാണ് നിബന്ധന.
എന്നാൽ കൈനാട്ടി മുതൽ ചോമ്പാല വരെ 10 കിലോമീറ്ററിൽ താഴെ മാത്രമാണ് ദൂരം എന്നത് ശ്രദ്ധേയമാണ്. ടോൾ പ്ലാസ വരുന്ന ചോമ്പാലയിൽ ഇതുവരെ സർവീസ് റോഡ് നിർമിച്ചിട്ടില്ല.
പ്ലാസയ്ക്ക് ആവശ്യമായ ട്രാക്കുകൾ പണിതു കഴിഞ്ഞെങ്കിലും സർവീസ് റോഡിന് ആവശ്യമായ സ്ഥലം പോലുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇതിനോടകം ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടുണ്ട്.
പ്രദേശത്തെ ജനപ്രതിനിധികളായ എംപിയും എംഎൽഎയും ഇടപെട്ട് ദേശീയപാത പ്രോജക്ട് ഡയറക്ടറുമായി ചർച്ചകൾ നടത്തിയിരുന്നു. പ്ലാസ വരുന്ന ഭാഗത്ത് സർവീസ് റോഡിന് പകരം വീതി കുറഞ്ഞ സ്ലിപ് റോഡ് നിർമിക്കാമെന്നായിരുന്നു അന്ന് നൽകിയ ഉറപ്പ്.
എന്നാൽ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് ദേശീയപാത കർമസമിതി ജില്ലാ കൺവീനർ എ.ടി.മഹേഷ് വ്യക്തമാക്കി. ദേശീയപാതയോട് ചേർന്ന് ആകെ 88 വീടുകളാണുള്ളത്.
കിഴക്ക് ഭാഗത്ത് റെയിൽവേ ലൈൻ കൂടി കടന്നുപോകുന്നതിനാൽ ഇവിടത്തെ താമസക്കാർ കത്രിക പൂട്ടിലകപ്പെട്ട അവസ്ഥയിലാണ്.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സമീപത്തെ ഇടറോഡുകളിൽ നിന്നും ദേശീയപാതയിലേക്ക് വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ പ്രവേശിക്കാൻ കഴിയാത്ത ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

