യുവതലമുറ സംരംഭകത്വ മേഖലയിലേക്ക് കടന്നുവരണമെന്ന ആഹ്വാനങ്ങൾ സജീവമാണെങ്കിലും, അവയിൽ പലതും പ്രായോഗികതലത്തിൽ വിജയം കാണാറില്ല. എന്നാൽ, വെറും വാക്കുകൾക്കപ്പുറം സ്വന്തം പരിശ്രമം കൊണ്ട് വിജയം വരിച്ചിരിക്കുകയാണ് കുട്ടിക്കാനം മരിയൻ കോളജിലെ എംബിഎ വിദ്യാർഥിനിയായ ഗായത്രി അനിൽകുമാർ.
വെറും പത്തൊൻപതാം വയസ്സിൽ കോട്ടയം മുണ്ടക്കയത്തിനടുത്ത് കരിനിലത്ത് ആരംഭിച്ച ‘ഗൗരി ഗായത്രി കറി പൗഡേഴ്സ്’ ഇന്ന് പ്രതിമാസം 10 ലക്ഷം രൂപ വിറ്റുവരവ് നേടുന്ന വളർച്ചയിലെത്തിനിൽക്കുന്നു. ഇരുപത്തിരണ്ടുകാരിയായ ഈ മിടുക്കി ഇന്ന് ഇരുപതുപേർക്കാണ് തൊഴിൽ നൽകുന്നത്.
ഉൽപ്പാദനവും വിപണനവും മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി തുടങ്ങി ഫിഷ് മസാല, ചിക്കൻ മസാല, ഇറച്ചി മസാല, രസം പൊടി, സാമ്പാർ പൊടി ഉൾപ്പെടെ ഇരുപതിലധികം ഉൽപ്പന്നങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. തമിഴ്നാട്ടിലെ തേനിയിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്.
പാക്കിങ്ങും വിൽപനയും മുണ്ടക്കയം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കേരളത്തിൽ കറിപൗഡർ നിർമ്മാണ യൂണിറ്റുകൾ ഏറെയുണ്ടെങ്കിലും, തികച്ചും സാധാരണമായ ഈ സംരംഭത്തെ വേറിട്ടതാക്കി മാറ്റിയതാണ് ഗായത്രിയുടെ വിജയരഹസ്യം.
തുടക്കം അൻപതിനായിരം രൂപയിൽ പഠനത്തിൽ അതീവ മിടുക്കിയായിരുന്ന ഗായത്രി 99% മാർക്കോടെയാണ് സിബിഎസ്സി സിലബസിൽ പ്ലസ്ടു വിജയിച്ചത്. ബി.കോമിന് ചേരാൻ പിതാവ് ആവശ്യപ്പെട്ടെങ്കിലും ബി.ബി.എ തിരഞ്ഞെടുക്കുകയായിരുന്നു.
കുട്ടിക്കാനം മരിയൻ കോളജിൽ പഠിക്കുമ്പോൾ ചെയ്യേണ്ടിവന്ന ഒരു പ്രോജക്ട് അസൈൻമെന്റാണ് കറിപൗഡർ സംരംഭത്തിലേക്ക് വഴിതെളിച്ചത്. എഫ്.എം.സി.ജി ഉൽപ്പന്നങ്ങളെക്കുറിച്ച് പഠിച്ചപ്പോൾ, ഓരോ അടുക്കളയിലും ഒഴിവാക്കാനാവാത്ത ഒന്നാണ് കറിപൗഡറുകൾ എന്ന് തിരിച്ചറിഞ്ഞു.
മുളകിനേക്കാൾ കുറഞ്ഞ വിലയ്ക്ക് എങ്ങനെ മുളകുപൊടി വിൽക്കാനാകും എന്ന ചിന്തയാണ് സ്വന്തമായി ഒരു യൂണിറ്റ് തുടങ്ങാൻ പ്രേരിപ്പിച്ചത്. തുടർന്ന് 2020-23 കാലഘട്ടത്തിൽ ബി.ബി.എ പഠനത്തോടൊപ്പം 50,000 രൂപ മുതൽമുടക്കിൽ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിച്ചു.
കോവിഡ് കാലമായതിനാൽ വലിയ നിയന്ത്രണങ്ങൾ ഇല്ലാതിരുന്നത് സഹായകരമായി. പ്രാരംഭഘട്ടത്തിൽ വലിയ മെഷിനറികളൊന്നും വാങ്ങിയിരുന്നില്ല.
പിന്നീട് പി.എം.എഫ്.എം.ഇ പദ്ധതിയിൽ നിന്ന് 10 ലക്ഷം രൂപ വായ്പ എടുത്തു. ഇതിൽ 35% സബ്സിഡിയും ലഭിച്ചു.
മൂന്ന് വാനുകൾ ഉൾപ്പെടെ 50 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഇപ്പോൾ ഈ സംരംഭത്തിലുള്ളത്. ഉൽപ്പാദന പ്ലാന്റിൽ പത്തുപേരും പാക്കിങ്, സെയിൽസ് വിഭാഗങ്ങളിലായി പത്തുപേരും ജോലി ചെയ്യുന്നു.
ബിസിനസിൽ പിതാവ് അനിൽകുമാറിന്റെ അനുഭവസമ്പത്ത് വലിയ പിന്തുണയാണെന്ന് ഗായത്രി വ്യക്തമാക്കുന്നു. കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ ഹോം അപ്ലയൻസ് ഷോപ്പ് പൂട്ടിപ്പോയെങ്കിലും, ആ അനുഭവപാഠങ്ങൾ ഉൾക്കൊണ്ടാണ് മകളുടെ സംരംഭത്തിന്റെ മേൽനോട്ടം വഹിക്കുന്നതെന്ന് അനിൽകുമാർ പറയുന്നു.
നിലവിൽ മായമില്ലാത്ത കോഫി പൗഡർ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗായത്രി. 10 ലക്ഷം രൂപ നിക്ഷേപത്തിലായിരിക്കും ഈ പുതിയ പദ്ധതി.
അമ്മയും ഒൻപതാം ക്ലാസുകാരിയായ സഹോദറിയും അടങ്ങുന്നതാണ് കുടുംബം. മത്സരത്തെ നേരിടാനുള്ള തന്ത്രങ്ങൾ വിപണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കാൻ കൃത്യമായ ഗുണനിലവാരമാണ് പാലിക്കുന്നത്.
കർഷകരിൽ നിന്ന് നേരിട്ടാണ് മുളകും മല്ലിയും സംഭരിക്കുന്നത്. വിലകുറഞ്ഞ സ്പ്ലിറ്റ് മല്ലിയോ ഡേർട്ട് മല്ലിയോ ഉപയോഗിക്കാതെ ടോപ് ഗ്രേഡ് ഉരുളൻ മല്ലി മാത്രമാണ് വാങ്ങുന്നത്.
കൃത്രിമ കളറുകളോ പ്രിസർവേറ്റീവുകളോ ചേർക്കാതെ ജി.എസ്.ടി, ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത്. സൂപ്പർമാർക്കറ്റുകളിലേക്കും ഹോട്ടലുകളിലേക്കും നേരിട്ടാണ് വിതരണം.
വിലാസം: ഗായത്രി അനിൽകുമാർ, ഗൗരി ഗായത്രി പൗഡേഴ്സ്, കരിനിലം, മുണ്ടക്കയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

