അലപ്പുഴ ജില്ലയിലെ ഹരിപ്പാടിൽ നടത്തിയ പ്രത്യേക പരിശോധനയിൽ മയക്കുമരുന്നുമായി രണ്ട് അതിഥി തൊഴിലാളികൾ പൊലീസിന്റെ പിടിയിലായി. ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുനിന്നും 30 ഗ്രാം ഹെറോയിൻ സഹിതം പശ്ചിമ ബംഗാൾ മാൽഡ മജിദ് പൂർ സ്വദേശിയായ ഷെയ്ക്ക് സയ്ഫുൾ (29), മാൽഡ മിറാജ്പ്പൂർ സ്വദേശിയായ മോട്ടിൽ നടപ്പു (27) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്ന് പിടികൂടിയത്.
സംസ്ഥാനത്തിന് പുറത്തുനിന്നും അതിഥി തൊഴിലാളികളുടെ മറവിൽ വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആറുമാസമായി ജില്ലാ ലഹരി വിരുദ്ധ സംഘം ഇവരെ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു.
മുൻപും പലതവണ ഇവർ നാട്ടിൽ പോയി ലഹരിമരുന്ന് കൊണ്ടുവന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊലീസിന്റെ വലയിലാകുന്നത്. ലഹരിവേട്ട
ലക്ഷ്യമാക്കി ജില്ലയിൽ നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസ്ന്റെ നിർദേശപ്രകാരം ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേക ‘തൂഫാൻ ടീം’ രൂപീകരിച്ചാണ് ലഹരിക്കെതിരെയുള്ള നടപടികൾ പുരോഗമിക്കുന്നത്.
വരുംദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്നും ലഹരിവിൽപനക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ ബി, നാർക്കോട്ടിക് സെൽ ഇൻസ്പെക്ടർ ഓഫ് പൊലീസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും, കായംകുളം ഡിവൈഎസ്പി രാജപ്പൻ ടിയുടെ മേൽനോട്ടത്തിൽ ഹരിപ്പാട് ഐ എസ് എച്ച് ഒ വിനോദ്കുമാർ ബി, എസ് ഐ ഉദയകുമാർ, എ എസ് ഐമാരായ ഷിഹാബ്, ഷുക്കൂർ, സിപിഒമാരായ പ്രശാന്ത്, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

