കാക്കനാട് ∙ സർവീസ് നിർത്തിവയ്ക്കൽ ഉൾപ്പെടെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന വിധത്തിൽ നിയമലംഘനം നടത്തിയ നാൽപതോളം സ്വകാര്യ ബസുകൾക്കെതിരെ നടപടിക്ക് റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി. കൊച്ചി നഗരത്തിലും ഗോശ്രീമേഖലയിലും സർവീസ് മുടക്കിയ ബസുകളും കഴിഞ്ഞ വർഷം അവസാനം കാക്കനാട് റൂട്ടിൽ മിന്നൽ പണിമുടക്ക് നടത്തിയ ബസുകളും നടപടി പട്ടികയിലുണ്ട്.
പെർമിറ്റ് വ്യവസ്ഥ ലംഘിച്ചതിന് എതിരെയാകും ബസുകൾക്കെതിരെയുള്ള നടപടി.
കലക്ടർ ജി.പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) യോഗം നടപടിക്ക് മുന്നോടിയായുള്ള വാദപ്രതിവാദങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പു തിരക്കും പെരുമാറ്റച്ചട്ടവും മൂലം ഇതു സംബന്ധിച്ച ശിക്ഷാനടപടികൾ പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്നില്ല.
ആർടിഎ അംഗങ്ങളായ റൂറൽ പൊലീസ് മേധാവി, ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാകും കലക്ടർ നടപടി കൈക്കൊള്ളുക.
കാക്കനാട് റൂട്ടിൽ കഴിഞ്ഞ വർഷം നവംബർ 3നാണ് സ്വകാര്യ ബസുകൾ അപ്രഖ്യാപിത പണിമുടക്ക് നടത്തിയത്. മുൻകൂർ നോട്ടിസ് ഇല്ലാതെ യാത്രക്കാരെ വലച്ചു പണിമുടക്കു നടത്തിയ ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യണമെന്ന മോട്ടർ വാഹന വകുപ്പിന്റെ ശുപാർശയാണ് ആർടിഎ യോഗം പരിഗണിച്ചത്.
കാക്കനാട് സ്റ്റാൻഡിലും പരിസരങ്ങളിലും മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പരിശോധനക്കെത്തിയപ്പോഴുണ്ടായ തർക്കത്തെ തുടർന്നാണ് അന്നു ജീവനക്കാർ സ്വകാര്യ ബസ് സർവീസ് നിർത്തി വച്ചത്.
ബസുടമകളും ഇതിനു പിന്തുണ പ്രഖ്യാപിച്ചു. പൊലീസും യാത്രക്കാരും അഭ്യർഥിച്ചിട്ടും സർവീസ് നടത്താൻ ബസുകൾ തയാറായില്ല.
ട്രിപ്പ് മുടക്കുന്നുവെന്ന് ആക്ഷേപമുള്ള ബസുകൾക്കെതിരെയും, ലൈസൻസ് യൂണിഫോമും ഇല്ലാത്ത കണ്ടക്ടർമാർക്കെതിരെയും നടപടിയെടുക്കാനെത്തിയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുമായാണ് അന്ന് ബസ് ജീവനക്കാർ ബഹളം സൃഷ്ടിച്ചതും പണിമുടക്കിനു വഴിയൊരുങ്ങിയതും.
കൊച്ചി നഗരത്തിലും ഗോശ്രീ മേഖലയിലും ഉൾപ്പെടെ സർവീസ് നിർത്തിവച്ച ഏതാനും സ്വകാര്യ ബസുകൾക്കെതിരെയുള്ള നടപടികളും റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പരിഗണനയിലുണ്ട്. പെർമിറ്റ് സസ്പെൻഡ് ചെയ്യുക, പിഴ ഈടാക്കുക തുടങ്ങിയ നടപടികളാണ് ആർടിഎയുടെ ഭാഗത്ത് നിന്നുണ്ടാകാൻ സാധ്യത.
അടുത്ത ആർടിഎ യോഗത്തിനു മുൻപ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

