മൂവാറ്റുപുഴ∙ ഫ്ലാറ്റിന്റെ ബീമിനുള്ളിലെ വലയിൽ കുടുങ്ങി ദിവസങ്ങളോളം മരണവെപ്രാളം അനുഭവിച്ച രണ്ട് വെള്ളിമൂങ്ങകൾക്ക് ഒടുവിൽ മോചനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉപദേശങ്ങൾ നൽകി മടങ്ങിയപ്പോൾ, ജീവൻ പണയപ്പെടുത്തി സാഹസികമായി മൂങ്ങകളെ രക്ഷപ്പെടുത്തിയത് മൃഗസ്നേഹികളുടെ സംഘടനയായ മൂവാറ്റുപുഴ ദയ പ്രവർത്തകർ.കാക്കനാട് കോൺഫിഡന്റ് ക്യാപ്പല്ലാ ഫ്ലാറ്റിന്റെ മുകൾഭാഗത്തെ ബീമിനുള്ളിലെ സുരക്ഷാ വലയിലാണു മൂങ്ങകൾ കുടുങ്ങിയത്.
പുറത്തേക്കു പറക്കാൻ വഴിയില്ലാതെ ദിവസങ്ങളോളം അവ അവിടെ കഴിഞ്ഞു. ഇതിനിടെ വിസ്മയിപ്പിക്കുന്ന മറ്റൊരു കാഴ്ചയ്ക്കും ഫ്ലാറ്റ് നിവാസികൾ സാക്ഷ്യം വഹിച്ചു.
പുറത്തുള്ള മറ്റു മൂങ്ങകൾ വലയ്ക്കുള്ളിലൂടെ കുടുങ്ങിക്കിടക്കുന്നവർക്ക് രാത്രി ഭക്ഷണം എത്തിച്ചു നൽകുന്നുണ്ടായിരുന്നു.
മൂങ്ങകളെ രക്ഷിക്കാൻ ഫ്ലാറ്റ് നിവാസികൾ വനംവകുപ്പിനെ സമീപിച്ചെങ്കിലും നിങ്ങൾ തന്നെ പിടിച്ച് രാത്രി പുറത്തുവിടൂ എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് എറണാകുളം അസിസ്റ്റന്റ് കൺസർവേറ്റീവ് ഓഫ് ഫോറസ്റ്റ് (എസിഎഫ്) ഇടപെട്ടതിനെത്തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയെങ്കിലും താഴെ നിന്ന് മുകളിലേക്ക് നോക്കി ചില ഉപദേശങ്ങൾ നൽകിയതല്ലാതെ പ്രായോഗികമായി ഒന്നും ചെയ്യാതെ മടങ്ങുകയായിരുന്നു.
വനംവകുപ്പ് കൈവിട്ടതോടെ ദൗത്യം ദയ പ്രവർത്തകരായ അമ്പിളി പുരയ്ക്കലും വിഷ്ണു വിശ്വനാഥും ഏറ്റെടുത്തു.
20 അടി ഉയരത്തിൽ, ഒരാൾക്ക് മാത്രം നിൽക്കാൻ കഴിയുന്ന ചെറിയ പാരപ്പറ്റിൽ കയറി ദയയുടെ പ്രവർത്തകനായ വിഷ്ണു അതീവ സാഹസികമായാണ് നെറ്റുകൾ മുറിച്ചു മാറ്റിയത്. വഴി തെളിഞ്ഞതോടെ ആദ്യത്തെ മൂങ്ങ പറന്നുയർന്നു.
രണ്ടാമൻ പറന്നുയർന്ന ഉടനെ പരുന്തിന്റെ ആക്രമണത്തിന് ഇരയായി.
പരുന്തിൽ നിന്ന് രക്ഷപ്പെടാൻ അടുത്തുള്ള കെട്ടിടത്തിന്റെ ഭിത്തിയിൽ തൂങ്ങിക്കിടന്ന മൂങ്ങയെ ദയ പ്രവർത്തകർ തന്ത്രപരമായി കൈക്കുള്ളിലാക്കി. സന്ധ്യയായതോടെ സുരക്ഷിതമായ വനമേഖലയിൽ മൂങ്ങയെ തുറന്നുവിട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

