കൊച്ചി ∙ ഫ്രാൻസിലെ ആൻസി തടാക തീരത്തെ ഫെസ്റ്റിവൽ സ്ക്രീനിൽ കഥ പറഞ്ഞിരിക്കുന്ന മധു(മിത)വും കൊച്ചുമകൾ ആമിയും തെളിയുമ്പോൾ, പ്രേക്ഷകർ കേൾക്കുക മലയാളത്തിന്റെ മധുരശബ്ദം. സ്ത്രീകളുടെ അടിച്ചമർത്തപ്പെട്ട
ആഗ്രഹങ്ങളും പാതിവഴിയിൽ നഷ്ടമാകുന്ന സ്വപ്നങ്ങളും മുത്തശ്ശിക്കഥയുടെ ഈണത്തിൽ രാജ്യാന്തര വേദിയിലെത്തുമ്പോൾ, തന്റെ ബിരുദാനന്തര ബിരുദ പ്രോജക്ടിന് ആഗോളശ്രദ്ധ ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് കൊച്ചി സ്വദേശിയായ ബി. കല്യാണി.
അഹമ്മദാബാദ് നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ഡിസൈനിലെ മാസ്റ്റേഴ്സ് പഠനത്തിന്റെ ഭാഗമായി കല്യാണി ഒരുക്കിയ ‘മരീചിക, ദ് മിറാജ് ഓഫ് എ ഡ്രീം’ എന്ന ചിത്രമാണ് ആനിമേഷൻ സിനിമയുടെ ഓസ്കർ എന്നറിയപ്പെടുന്ന ആൻസി ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
‘‘രണ്ടു വർഷമെടുത്താണ് ചിത്രം ഒരുക്കിയത്. സ്ക്രിപ്റ്റ് തയാറാക്കാൻ ഒരു വർഷമെടുത്തു.
കൈകൊണ്ടു വരച്ചതും ഡിജിറ്റലായി വരച്ചതുമായ ചിത്രങ്ങൾ ഒരുമിച്ചു ചേർത്താണ് 13. 4 മിനിറ്റുള്ള സിനിമ പൂർത്തിയാക്കിയത്’’, കല്യാണി പറഞ്ഞു.
സ്ക്രിപ്റ്റ് എഴുതാൻ ഒരു വർഷമെടുത്തെങ്കിലും സിനിമയുടെ ആശയം എന്തായിരിക്കണമെന്നതിൽ കല്യാണിക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല.
‘‘ചുറ്റിലുമുള്ള സ്ത്രീകളുടെ ജീവിതമാണ് എനിക്കു താൽപര്യമുള്ള കഥാപരിസരം. സ്വപ്നങ്ങളുണ്ടായിട്ടും നേടാകാനാകാതെ പോയ ഒരുപാടു സ്ത്രീകളുണ്ടല്ലോ.
ഞാനുമൊരു സ്ത്രീയായതു കൊണ്ടാകാം അത്തരം കഥകളും അനുഭവങ്ങളും എഴുതാൻ കുറെക്കൂടെ എളുപ്പമുണ്ടെന്നു തോന്നി.’’, കല്യാണി പറയുന്നു.
പേപ്പറിൽ വരച്ച രണ്ടായിരത്തോളം വാട്ടർ കളർ ചിത്രങ്ങളും ഐപാഡിൽ വരച്ച മൂവായിരത്തോളം ഫ്രെയിമുകളും ചേർത്താണ് ‘മരീചിക’ ഒരുക്കിയത്. കോട്ടയത്തെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്യൂട്ടാണ് ശബ്ദസങ്കലനം.
പ്രധാന കഥാപാത്രങ്ങളായ മധുമിതയ്ക്കായി കെപിഎസി ലീലയും കൊച്ചുമകൾ ആമിയുടെ കുട്ടിക്കാലത്തിനു ഗംഗയും ശബ്ദംനൽകി. മുതിർന്ന ആമിയുടെ ശബ്ദം കല്യാണിയുടേതാണ്.
ചിത്രകാരൻ സി.ഭാഗ്യനാഥിന്റെയും പോർട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിലെ കലാധ്യാപിക കെ.എസ്.
ജയശ്രീയുടെയും മകളാണ് കല്യാണി. ‘‘കുട്ടിക്കാലം മുതൽ ചിത്രങ്ങളുടെ ഇടയിലായതുകൊണ്ട് എനിക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.
കണ്ണൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഫാഷൻ കമ്മ്യൂണിക്കേഷനിലായിരുന്നു (നിഫ്റ്റ്) ബിരുദം. നിഫ്റ്റിലെ അവസാന വർഷ പ്രോജക്ടായി ‘ഫ്ലൈയിങ് ടു യു’ എന്ന ആനിമേഷൻ ചിത്രമാണ് ചെയ്തത്.
അതു കോവിഡ് കാലമാണ്. യുട്യൂബ് നോക്കി പഠിച്ചാണ് അതൊരുക്കിയത്.
അതോടെ ആത്മവിശ്വാസമായി. ആനിമേഷൻ തന്നെയാണ് എന്റെ മേഖലയെന്ന് തീരുമാനിച്ചു’’
ആൻസി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ അരങ്ങേറുന്ന ജൂണിലാണ് അവാർഡ് നിർണയം നടക്കുക.
പുരസ്കാരത്തിനപ്പുറം ആഗോളവേദികളിലെ കൂടുതൽ അംഗീകാരങ്ങളിലേക്കുള്ള കല്യാണിയുടെ യാത്രയുടെ തുടക്കമാകുമിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

