കൊച്ചി∙ രാജ്യം തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ച മൂന്നാമത്തെ ഹൈഡ്രോഗ്രഫിക് സർവേ കപ്പൽ (ലാർജ്), ഐഎൻഎസ് ഇക്ഷക് ഇനി ഇന്ത്യൻ നാവികസേനയുടെ ഭാഗം.നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ.ത്രിപാഠി നാവികാചാരപ്രകാരമുള്ള കമ്മിഷനിങ് ചടങ്ങുകൾക്കു ചുക്കാൻ പിടിച്ചു. സമുദ്രമേഖലകളിലെ സ്വാധീനം വർധിപ്പിക്കാനും വിഭവചൂഷണത്തിനും വാണിജ്യബന്ധങ്ങൾക്കുമായി രാജ്യങ്ങൾ തമ്മിലുള്ള മത്സരം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഇക്ഷകിന്റെ കമ്മിഷനിങ് നിർണായകമാണെന്നു ദിനേഷ് കെ.ത്രിപാഠി പറഞ്ഞു.കപ്പലിന്റെ നിയുക്ത കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ ത്രിഭുവൻ സിങ് കമ്മിഷനിങ് വാറന്റ് വായിച്ചതോടെയാണു ചടങ്ങുകൾക്കു തുടക്കമായത്.തുടർന്ന് കപ്പലിൽ നാവിക പതാക ഉയർത്തിയതോടെ കപ്പൽ ഔദ്യോഗികമായി നാവികസേനയുടെ ഭാഗമായി.
തുടർന്നു കപ്പലിന്റെ നാമഫലകം അഡ്മിറൽ ദിനേഷ് കെ.ത്രിപാഠി അനാഛാദനം ചെയ്തു.
ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന, കൺട്രോളർ ഓഫ് വാർഷിപ് പ്രൊഡക്ഷൻ ആൻഡ് അക്വിസിഷൻ വൈസ് അഡ്മിറൽ രാജാറാം സ്വാമിനാഥൻ, ചീഫ് ഹൈഡ്രോഗ്രഫർ വൈസ് അഡ്മിറൽ ലോചൻ സിങ് പഥാനിയ, ഗാർഡൻറീച് ഷിപ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് സിഎംഡി കമഡോർ പി.ആർ.ഹരി (റിട്ട) എന്നിവർ പ്രസംഗിച്ചു. നാവികസേനയ്ക്കായി കൊൽക്കത്തയിലെ ഗാർഡൻ റീച് ഷിപ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സാണ്( ജിആർഎസ്ഇ) ഇക്ഷക് നിർമിച്ചത്.
യാനങ്ങൾക്കു കടലിലൂടെ അപകടരഹിതമായി സഞ്ചരിക്കാൻ അനിവാര്യമായ ചാർട്ടുകൾ (നാവിഗേഷനൽ മാപ്) സമുദ്ര സർവേ നടത്തി നിർമിക്കുകയാണ് കപ്പലിന്റെ പ്രധാന ദൗത്യം. കപ്പലിന്റെ ചുമതല ദക്ഷിണനാവിക കമാൻഡിനാണ്.
ഐഎൻഎസ് സംശോധകും കൊച്ചിയിലേക്ക്
ഐഎൻഎസ് ഇക്ഷകിനു പിന്നാലെ നാവികസേനയ്ക്കായി കൊൽക്കത്ത ജിആർഎസ്ഇ ഹൈഡ്രോഗ്രഫിക് ഷിപ്(ലാർജ്) ശ്രേണിയിൽ നിർമിക്കുന്ന നാലാമത്തെയും അവസാനത്തെയും കപ്പലും കൊച്ചിയിലേക്ക്.
ഗാർഡൻ റീച് കപ്പൽശാലയിൽ ഐഎൻഎസ് സംശോധക് എന്ന കപ്പലിന്റെ നിർമാണം പൂർത്തിയായതായും മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിനു കീഴിൽ കമ്മിഷൻ ചെയ്യുമെന്നും ജിആർഎസ്ഇ സിഎംഡി കമഡോർ പി.ആർ.ഹരി(റിട്ട) പറഞ്ഞു.2024 ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്ത സന്ധായക്, 2024 ഡിസംബറിൽ കമ്മിഷൻ ചെയ്ത നിർദേശക് എന്നീ കപ്പലുകളാണു ഇതിനു മുൻപു നാവികസേനയുടെ ഭാഗമായത്.വിശാഖപട്ടണത്തെ കിഴക്കൻ നാവിക കമാൻഡിന്റെ ഭാഗമാണിവ. 2435 കോടി രൂപയാണു കപ്പലുകളുടെ മൊത്തം നിർമാണച്ചെലവ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

