കൊച്ചി∙ ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ സുസ്ഥിരത, ട്രേസബിലിറ്റി, ഭക്ഷ്യസുരക്ഷാ നിലവാരങ്ങൾ എന്നിവ നിർണായക ഘടകങ്ങളായി മാറിയ സാഹചര്യത്തിൽ മാർഗരേഖകളും ഭാവി പദ്ധതികളും ചർച്ച ചെയ്യുന്നതിനായി ‘സുസ്ഥിര സുഗന്ധവ്യഞ്ജന മൂല്യ ശൃംഖല സെമിനാർ നടന്നു. ദക്ഷിണേന്ത്യയിലെ നെതർലൻഡ്സ് കോൺസുലേറ്റും വേൾഡ് സ്പൈസ് ഓർഗനൈസേഷനും ചേർന്ന് കൊച്ചിയിലെ ലേ മെറിഡിയനിൽ സംഘടിപ്പിച്ച സെമിനാറിൽ കയറ്റുമതിക്കാർ, കർഷക ഉൽപാദക സംഘടനകൾ, രാജ്യാന്തര ഏജൻസികൾ, സർക്കാർ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ദക്ഷിണേന്ത്യയിലെ നെതർലൻഡ്സ് കോൺസൽ ജനറൽ എവൗട്ട് ഡി വിറ്റ് സെമിനാർ ഉദ്ഘാടനം ചെയ്തു.
ആഗോള നിലവാരം പാലിക്കാൻ ട്രേസബിലിറ്റിയും സർട്ടിഫിക്കേഷനും ഗുണനിലവാരവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘സുസ്ഥിരതയ്ക്ക് കാർഷിക, സംസ്കരണ പരിസ്ഥിതി മാത്രമല്ല അടിസ്ഥാനം.
ന്യായമായ വേതനം, സ്ത്രീകളുടെ പങ്കാളിത്തം, ചെറുകിട കർഷകരുടെ ശാക്തീകരണം എന്നിവയും അതിന്റെ ഭാഗമാണ്,’ എവൗട്ട് ഡി വിറ്റ് പറഞ്ഞു.
180ലേറെ രാജ്യങ്ങളിലേക്ക് 250തിലധികം സുഗന്ധവ്യഞ്ജന ഇനങ്ങളും മൂല്യവർധിത ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്ന് സ്പൈസസ് ബോർഡ് മാർക്കറ്റിങ് ഡയറക്ടർ ബി.എൻ.ഝാ പറഞ്ഞു.
നല്ല കാർഷിക രീതികളും ശുചിത്വ സംസ്കരണ സംവിധാനങ്ങളും കർഷക പരിശീലനവും ശക്തിപ്പെടുത്തുന്നതിൽ സ്പൈസസ് ബോർഡ് ഏറെ മുന്നേറിയതായി അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യൻ വിപണിയിൽ സുസ്ഥിരവും ഗുണമേന്മയുള്ളതുമായ ഉൽപന്നങ്ങൾക്ക് ആവശ്യമേറുകയാണെന്ന് നെതർലൻഡ് വിദേശകാര്യ വകുപ്പിന്റെ ഭാഗമായ ഇറക്കുമതി പ്രചാരണ വിഭാഗത്തിലെ (സിബിഐ) വിദഗ്ധൻ വാർണർ ഔട്ടർവിക് പറഞ്ഞു. നിയമാനുസൃതത, സുതാര്യത, സുസ്ഥിരത എന്നിവയിൽ നേരത്തെ മുതൽ മുടക്കുന്ന കയറ്റുമതിക്കാർക്ക് യൂറോപ്യൻ വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ നെതർലൻഡ്സ് കാർഷിക കൗൺസലർ മാരിയൺ ഫാൻ സ്കൈക് സുഗന്ധ വ്യഞ്ജനേ മേഖലയിൽ കർഷകർ, കമ്പനികൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
മണ്ണിന്റെ ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയുമായി സഹകരണം ഉറപ്പുവരുത്തുമെന്ന് അവർ വ്യക്തമാക്കി. വേൾഡ് സ്പൈസ് ഓർഗനൈസേഷൻ ചെയർമാൻ രാംകുമാർ മേനോൻ, ഉൽപന്നത്തിന്റെ ഗുണമേന്മയ്ക്ക് പുറമേ സുതാര്യത, പരിസ്ഥിതി സ്വാധീനം, തൊഴിൽ സാഹചര്യം, ട്രേസബിലിറ്റി എന്നിവ പരിശോധിക്കാൻ ഇന്ന് ആഗോള തലത്തിലുള്ള നിയമ – സാങ്കേതിക സംവിധാനങ്ങൾ വിശദീകരിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ 35,000ത്തിലധികം കർഷകർ നാഷനൽ സസ്റ്റൈനബിൾ സ്പൈസസ് പ്രോഗ്രാമിന്റെ പദ്ധതിയിൽ പങ്കാളികളാണെന്ന് വേൾഡ് സ്പൈസ് ഓർഗനൈസേഷൻ പ്രോഗ്രാം മാനേജർ മുരളീധര മേനോൻ പറഞ്ഞു.
കാലാവസ്ഥാ പ്രതിരോധ കൃഷി, മണ്ണ്-ജല സംരക്ഷണം, കീടനിയന്ത്രണം, കർഷക പരിശീലനം എന്നിവയ്ക്കാണ് പദ്ധതി പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐഡിഎച്ച് പ്രോഗ്രാം മാനേജർ സൗരഭ് സിൻഹ, സുഗന്ധവ്യഞ്ജന വിതരണ ശൃംഖലയിലെ അപകടസാധ്യതകൾ തിരിച്ചറിയുന്നതും കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾ വിശദീകരിച്ചു.
എൻഎസ്എസ്പി പദ്ധതിയുമായി സഹകരിക്കുന്ന കർഷക ഉൽപാദക സംഘടനകളെ പ്രതിനിധീകരിച്ച് നെഡ്സ്പൈസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഗണപതി, തെലങ്കാനയിലെ പശിദി പന്ത ഫൗണ്ടേഷൻ സി.ഇ.ഒ കൃഷ്ണയ്യ കോടിമല്ല എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

