കൊച്ചി∙ കഥയിൽ നിന്ന് തിരക്കഥയിലേക്കുള്ളത് അളന്നെടുക്കാനാകാത്ത സർഗദൂരമാണെന്നു മഹാരാജാസിന്റെ സർഗപരതയെ സാക്ഷി നിർത്തി സിനിമക്കാർ പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടി. സാഹിത്യ ലോകത്തു ചലനം സൃഷ്ടിച്ച കൃതികൾ സിനിമയിൽ എത്തുമ്പോൾ ബ്ലോക്ക്ബസ്റ്റർ ആകുമെന്ന ധാരണ മിഥ്യയാണെന്നും സംവാദം വ്യക്തമാക്കി.
മലയാള മനോരമ ഹോർത്തൂസ് വായനയുടെ ഭാഗമായി മഹാരാജാസ് കോളജ് ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ‘കഥ ടു തിരക്കഥ’ സംവാദത്തിലാണു കഥയും തിരക്കഥയും സിനിമയിലേക്കുള്ള രൂപപരിണാമങ്ങളും ചർച്ച ചെയ്യപ്പെട്ടത്.
ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ ഉദ്ഘാടനം ചെയ്ത സംവാദത്തിൽ സംവിധായകരായ രഞ്ജിത് ശങ്കർ, എബ്രിഡ് ഷൈൻ, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, നിർമാതാവ് സന്ദീപ് സേനൻ എന്നിവരാണു പങ്കെടുത്തത്. മഹാരാജാസ് കോളജിന്റെ ആദ്യകാല പ്രാഗല്ഭ്യം സാഹിത്യവും പിന്നീടു രാഷ്ട്രീയവും ആയിരുന്നെങ്കിൽ ഏറെക്കാലമായി സിനിമയാണു ക്യാംപസിന്റെ സിരകളിലൂടെ ഒഴുകുന്നതെന്നും അതു മലയാള സിനിമയുടെ ജീവനാഡി തന്നെ ആയി മാറിയിട്ടുണ്ടെന്നും എൻ.എസ്.മാധവൻ പറഞ്ഞു.
ഹിഗ്വിറ്റ എന്തുകൊണ്ട്സിനിമ ആയില്ല?
എൻ.എസ്.മാധവന്റെ എക്കാലത്തെയും മികച്ച കഥ ഹിഗ്വിറ്റ ഇന്നും കഥയായി കത്തിനിൽക്കുന്നതിന്റെ സൗന്ദര്യം ചൂണ്ടിക്കാട്ടി മോഡറേറ്റർ ബിപിൻചന്ദ്രനാണു ചർച്ചയ്ക്കു തുടക്കമിട്ടത്.
മൂന്നു ‘സ’കളാണ് എന്നും മഹാരാജാസിന്റെ ശക്തിയെന്നും സമരം, സാഹിത്യം, സിനിമ എന്നിവയുടെ അധിനിവേശ പ്രദേശമായിരുന്നു ക്യാംപസ് എന്നും എന്നു പൂർവവിദ്യാർഥി കൂടിയായ ബിപിൻ പറഞ്ഞു. വലിയ സാഹിത്യ കൃതികൾ സിനിമയാകുമ്പോൾ വിജയിക്കാറില്ല എന്ന തന്റെ ബോധ്യമാണു ഹിഗ്വിറ്റ സിനിമയാക്കുന്നതിൽ നിന്നു തന്നെ പിന്നോട്ടു വലിച്ചതെന്ന് എൻ.എസ്.മാധവൻ പറഞ്ഞു.
സിനിമയും സാഹിത്യവും സമാന്തര മാധ്യമങ്ങളാണ്.
അവ ഏച്ചുകെട്ടിയാൽ മുഴച്ചു നിൽക്കാനുള്ള സാധ്യത കൂടുതലാണ്. പിന്നെ സ്വാഭാവികമായി ഉള്ള മടിയും പിന്നോട്ടു വലിച്ചു.
ഷോർട്ട് ഫിലിമിന് അപ്പുറത്തേക്കുള്ള സാധ്യതകൾ ഹിഗ്വിറ്റയ്ക്ക് ഉണ്ടെന്നു താൻ വിശ്വസിക്കുന്നില്ലെന്ന് മാധവൻ പറഞ്ഞു. മികച്ച കഥകൾ സിനിമയായി വിജയിക്കുമ്പോൾ ആ കഥകൾ അസ്തമിക്കുമെന്നും സിനിമ പരാജയപ്പെടുമ്പോൾ ആ കഥകൾ വിജയിക്കുമെന്നും സദസ്സിൽ നിന്നൊരാൾ ചൂണ്ടിക്കാട്ടിയതിനോടു പക്ഷേ, സംവിധായകർ വിയോജിച്ചു.
അറിവില്ലായ്മയും സിനിമയാകാം
അറിവില്ലായ്മയിൽ നിന്നുണ്ടായ ചിത്രമാണു തന്റെ ‘പാസഞ്ചർ’ എന്ന സിനിമയെന്നു സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു.
ഈ ചിത്രത്തിന്റെ കഥ പറയാനായി മമ്മൂട്ടിയെ കാണാൻ ചെന്നപ്പോഴുണ്ടായ അനുഭവമാണു തന്നിലെ സംവിധായകന്റെ യാത്രയ്ക്കു തുടക്കമിട്ടതെന്നും രഞ്ജിത് പറഞ്ഞു. ‘കഥ കേട്ട് ഇഷ്ടപ്പെട്ടപ്പോൾ ഇത് ആരെക്കൊണ്ടു സംവിധാനം ചെയ്യിക്കണം എന്നാണു മമ്മൂക്ക ആദ്യം ചോദിച്ചത്. ഇത് ലോകത്ത് ഒരാൾ ചെയ്താലേ ശരിയാകൂ എന്നു മറുപടി പറഞ്ഞു.
അതാരാണ് എന്ന മമ്മൂക്കയുടെ ചോദ്യത്തിന്, ഞാൻ തന്നെ! എന്നായിരുന്നു മറുപടി.
അതു കേട്ട് ഉറക്കെ ചിരിച്ച മമ്മൂക്ക അടുത്ത നിമിഷം ചെയ്തതു നിർമാതാക്കളായ ലിസ്റ്റിനെയും ആന്റോയേയും വിളിച്ചു വരുത്തുകയാണ്.
രഞ്ജിത്തിന്റെ കയ്യിലൊരു നല്ല തിരക്കഥയുണ്ട്. അവൻ തന്നെ സംവിധാനം ചെയ്യും. പക്ഷേ, അതിനുള്ള പരിശീലനം നൽകണം എന്നായിരുന്നു അവരോടുള്ള നിർദേശം.
സിനിമ പഠിക്കാൻ ‘ബിഗ് ബി’യുടെ സെറ്റിലേക്ക് എത്തുന്നത് അങ്ങനെയായിരുന്നു. സിനിമ ഒരു വെല്ലുവിളിയാണെന്ന അഭിപ്രായം തനിക്കില്ല.
സിനിമ സംവിധായകന്റെ മീഡിയമാണെന്നും രഞ്ജിത് പറഞ്ഞു.
സംഭാഷണം വെല്ലുവിളി
തിരക്കഥാകൃത്തിന്റെ ‘എഴുത്തു മിടുക്ക്’ സംഭാഷണം എഴുതുന്നതിലാണെന്ന് എബ്രിഡ് ഷൈൻ പറഞ്ഞു. 1983 എന്ന ചിത്രം ഒരുക്കുമ്പോൾ അതു തിരക്കഥയാക്കാൻ ബിപിൻ ചന്ദ്രന്റെ സഹായം തേടിയതു തനിക്കതിനു കഴിയില്ലെന്ന ആശങ്ക മൂലമാണ്.
സാഹിത്യ കൃതികൾ വായിക്കുമ്പോൾ നമ്മുടെ ഭാവനയുടെ ലോകം കൂടിയാണു തുറക്കുന്നത്. ഒരു കഥാ സന്ദർഭം ഏതു രീതിയിൽ സങ്കൽപിക്കാനും വായനക്കാരനു സ്വാതന്ത്ര്യമുണ്ട്.
എന്നാൽ സിനിമ കൃത്യമായ ബിംബങ്ങൾ പ്രേക്ഷകർക്കു പകരുന്നവയാണ്. അവർ ഒരുമിച്ചു ചിരിക്കുകയും കയ്യടിക്കുകയും സങ്കടപ്പെടുകയുമൊക്കെ ചെയ്യുന്നത് അതു കൊണ്ടാണ്.
സിനിമ അപ്ലൈഡ് ആർട്ട് ആണ്. നല്ല മുതൽ മുടക്കുണ്ട്.
കുറഞ്ഞ സമയത്തിനുള്ളിൽ അതു തിരികെ കിട്ടുകയെന്നതും പ്രധാനമാണെന്നും എബ്രിഡ് പറഞ്ഞു.
നിർമാതാക്കൾ കലാകാരൻമാർ
ഒരു കഥ കേൾക്കുന്ന മാത്രയിൽ തന്നെ, അതിനി ഒരു വരി കഥയായാൽ പോലും അതിൽ സിനിമയുണ്ട് എന്നു തിരിച്ചറിയാനാവുന്ന കലാകാരൻമാരാണ് നിർമാതാക്കൾ എന്നു നിർമാതാവ് സന്ദീപ് സേനൻ പറഞ്ഞു. തിരക്കഥയ്ക്കു ശേഷമാണു നിർമാതാവ് വരുന്നത്.
നിർമാതാവ് പണം മുടക്കാൻ തീരുമാനിക്കുമ്പോഴാകാം ഒരു ചിത്രം യാഥാർഥ്യമാകുന്നത്. എന്നാൽ, പണം മുടക്കുക മാത്രമല്ല നിർമാതാവിന്റെ ദൗത്യം.
‘മാല മോഷ്ടിച്ച ശേഷം അതു വിഴുങ്ങുന്ന കള്ളൻ’ എന്ന വൺലൈൻ കേൾക്കുമ്പോൾ അതിൽ വിസ്മയിപ്പിക്കുന്ന ഒരു സിനിമ ഒളിഞ്ഞിരിക്കുന്നു എന്നു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ പോലെ ഒരു ചിത്രം ഉണ്ടാകുമോ എന്നും സന്ദീപ് ചോദിച്ചു. കലയും കച്ചവടവും കൃത്യമായ അനുപാതങ്ങളിൽ ചേർന്നാണു നല്ല സിനിമയുണ്ടാകുന്നതെന്നും സന്ദീപ് പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ.ജി.എൻ.പ്രകാശ് അധ്യക്ഷത വഹിച്ചു.
ഗവേണിങ് ബോഡി അംഗം ഡോ.എം.എസ്.മുരളി, ഫിലിം ക്ലബ് കൺവീനർ ഡോ. മഞ്ജു വി.മധു, കോളജ് യൂണിയൻ ചെയർമാൻ എം.പി.അഫ്രീദ്, മലയാള മനോരമ ബിസിനസ് എഡിറ്റർ എൻ.ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

