മാള ∙ കുരുവിലശേരി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന ജൂനിയർ ക്ലാർക്ക് ആത്തപ്പിള്ളി ഡോജോ ഡേവിസിനെ (41) കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടക്കാനായി എത്തിയ ഇയാളെ പൊലീസ് പുറപ്പെടുവിച്ച തിരച്ചിൽ നോട്ടിസ് പ്രകാരം വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയും വിവരം ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടി.
കോടതി റിമാൻഡ് ചെയ്തു. കുരുവിലശേരി സഹകരണ ബാങ്കിൽ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ വ്യാജ രേഖയുണ്ടാക്കി 2.97 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് കേസ്.
മുൻ ബാങ്ക് പ്രസിഡന്റായിരുന്ന എ.ആർ.രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ ബാങ്ക് സെക്രട്ടറി നെരേപറമ്പൻ നിക്സൺ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നു. ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒളിവിലായവർക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു.
ഇതറിയാതെയാണ് ഡോജോ ഡേവിസ് വിമാനത്താവളത്തിലെത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ഉല്ലാസ് കുമാർ, മാള എസ്എച്ച്ഒ വി.സജിൻ ശശി, ക്രൈംബ്രാഞ്ച് എസ്ഐ പി.എം.ബെനഡിക്റ്റ്, ജിഎസ്ഐമാരായ ടി.ആർ.രാജേഷ്, റാഫി, ഷിൽജ, ഷനിദ, രാജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. വർഷങ്ങളായി കോൺഗ്രസിനാണ് ബാങ്കിന്റെ ഭരണച്ചുമതല.
ഒളിവിൽ കഴിയുന്ന മുൻ പ്രസിഡന്റ് എ.ആർ.രാധാകൃഷ്ണൻ അടക്കമുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

