ആലുവ ∙ ആലുവ സ്വദേശിയായ വയോധികനെ വെർച്വൽ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലിം (43) ആണ് എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസിന്റെ പിടിയിലായത്.
കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് വയോധികന് വിളിച്ചത്.
വയോധികന്റെ പേരിൽ മുംബൈയിലെ ഒരു ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും, ആ അക്കൗണ്ടിലേക്ക് ഉത്തരേന്ത്യയിലെ മനുഷ്യക്കടത്തു കേസിലെ പ്രതി 75 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഇതിൽ കേസെടുത്തിട്ടുണ്ടെന്നും കോടതിയുടെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു.
കോടതിയുടെതാണെന്നു പറഞ്ഞ് ഒരു കത്തും കാണിച്ചു. വയോധികനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾ മരവിപ്പിച്ച് സ്വത്തുക്കൾ കണ്ട് കെട്ടുമെന്നും ഭീഷണിപ്പെടുത്തി.
ഈ കേസ് ‘പ്രയോർട്ടി ഇൻവെസ്റ്റിഗേഷൻ’ ആയി പരിഗണിക്കാമെന്നും അതിന്റെ ഭാഗമായി അക്കൗണ്ടുകളിലെ തുക തട്ടിപ്പു സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഭയം കൊണ്ട് സമ്മർദത്തിലായ വയോധികൻ 8 ട്രാൻസാക്ഷനിലൂടെ 1.20 കോടി രൂപ സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചു നൽകുകയായിരുന്നു. സംഭവം തട്ടിപ്പാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി.
ശാസ്ത്രീയ അന്വേഷണത്തിലൂടെ ആലുവ സൈബർ പൊലീസ് സ്റ്റേഷനിലെ ടീം മലപ്പുറത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി കണ്ടെത്തി.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.ആർ.ജഗദീഷ്, എസ്ഐമാരായ എം.അജേഷ്, ടി.കെ.വർഗീസ്, എഎസ്ഐ സലാവുദ്ദീൻ, സീനിയർ സിപിഒ പി.കെ.ദിനേശൻ, സിപിഒ ജെറി കുര്യാക്കോസ് എന്നിവരാണ് ഉണ്ടായിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

