കാക്കനാട് ∙ റോഡ് അപകട വേളകളിൽ അടിയന്തരമായി ഇടപെട്ട് സന്നദ്ധ സേവനവും രക്ഷാപ്രവർത്തനവും നടത്താൻ ഓട്ടോറിക്ഷ ഡ്രൈവർമാരെ സജ്ജരാക്കുന്ന പദ്ധതിയുമായി മോട്ടർ വാഹന വകുപ്പ്.
എറണാകുളം ആർടിഒയുടെ പരിധിയിലുള്ള ഓട്ടോ സ്റ്റാൻഡുകളിൽ നിന്നു താൽപര്യമുള്ള ഡ്രൈവർമാരെ കണ്ടെത്തി പദ്ധതിയിൽ വൊളന്റിയർമാരാക്കാനാണ് തീരുമാനം. റോഡുകളിൽ സദാസമയവുമുള്ളവരെന്ന പരിഗണനയിലാണ് ഓട്ടോ ഡ്രൈവർമാരെ ഇതിനായി ഉപയോഗിക്കുന്നത്.
അപകടം കണ്ടാൽ ഉടൻ ഇരയായവർക്ക് പ്രഥമ ശുശ്രൂഷ നൽകാനും ആശുപത്രിയിലെത്തിക്കാനുമുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.
അപകടത്തിൽപ്പെട്ടവരെ വാഹനത്തിലേക്ക് കയറ്റുമ്പോൾ അശ്രദ്ധ മൂലം വീണ്ടും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതു പരിഹരിക്കാനാണ് പരുക്കേറ്റവരെ എങ്ങനെ റോഡിൽ നിന്ന് എടുക്കണമെന്നും വാഹനത്തിൽ കയറ്റണമെന്നും പഠിപ്പിക്കുന്നത്.
അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചാൽ കൂടെയുള്ളവർക്ക് പൊല്ലാപ്പുണ്ടാകുന്നുവെന്ന പരാതി വ്യാപകമായുണ്ട്. ഇതു പരിഹരിക്കാനും ഇതോടൊപ്പം നടപടിയെടുക്കുന്നുണ്ട്.
കൊച്ചി നഗരത്തിലും പരിസരങ്ങളിലുമുള്ള ഓട്ടോ സ്റ്റാൻഡുകളിലെ ഡ്രൈവർമാരെയാണ് ഉൾപ്പെടുത്തുന്നത്. പദ്ധതിയിൽ അംഗങ്ങളാക്കാൻ ഓട്ടോ ഡ്രൈവർമാരുടെ വിവര ശേഖരണം മോട്ടർ വാഹന വകുപ്പ് തുടങ്ങി.
സ്റ്റാൻഡുകളിലെത്തി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ വിശദീകരിച്ചു ഡ്രൈവർമാരുടെ താൽപര്യം തേടുന്നത്.
സ്വമേധയ അംഗങ്ങളാകാൻ ക്യുആർ കോഡും പുറത്തിറക്കി. ഈ മാസം അവസാനത്തോടെ പദ്ധതിയുടെ ആദ്യഘട്ടം നടപടികൾ പൂർത്തിയാക്കാനാകുമെന്ന് ആർടിഒ കെ.ആർ.സുരേഷും ജോയിന്റ് ആർടിഒ സി.ഡി.അരുണും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

