ബെംഗളൂരു ∙ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ എത്തുന്ന ബെംഗളൂരു–എറണാകുളം വന്ദേഭാരത് 630 കിലോമീറ്റർ 8 മണിക്കൂർ 40 മിനിറ്റിൽ പിന്നിടും. 9 സ്റ്റോപ്പുകൾ.
ബംഗാർപേട്ട്, കുപ്പം, തിരുപ്പത്തൂർ വഴിയാണ് സർവീസ്. ഹൊസൂർ, ധർമപുരി, സേലം പാതയിലൂടെയാണെങ്കിൽ ദൂരത്തിൽ കുറവു വരുമെങ്കിലും പാത ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ടില്ല.
2024 ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെ ബെംഗളൂരു കന്റോൺമെന്റ് –എറണാകുളം സ്പെഷലായി ഒരു മാസം ഓടിയ വന്ദേഭാരത് സ്ഥിരമാക്കണമെന്ന മലയാളി കൂട്ടായ്മകളുടെ ആവശ്യമാണ് യാഥാർഥ്യമാകുന്നത്.
സ്പെഷൽ സർവീസ് നടത്തിയപ്പോൾ ഐആർസിടിസിയുടെ വെബ്സൈറ്റിൽ എറണാകുളം–ബെംഗളൂരു സർവീസിന് 105%, ബെംഗളൂരു–എറണാകുളം സർവീസിന് 88% ആയിരുന്നു ടിക്കറ്റ് ഒക്യുപൻസി നിരക്ക്.
നിലവിൽ ഒറ്റ റേക്ക് ഉപയോഗിച്ചാണ് ബുധൻ ഒഴികെ ആഴ്ചയിൽ 6 ദിവസത്തെ സർവീസ്. 8 കോച്ച് ആണ് ആദ്യഘട്ടത്തിൽ ഉണ്ടാകുക.
ഇതിൽ ഏതാണ്ട് 600 പേർക്കും 16 കോച്ചുകളുണ്ടെങ്കിൽ 1200 പേർക്കും യാത്ര ചെയ്യാം. 2 റേക്കുകൾ ലഭ്യമെങ്കിൽ ബെംഗളൂരുവിൽ നിന്നും എറണാകുളത്ത് നിന്നും ഒരേ സമയം ട്രെയിനുകൾക്ക് പുറപ്പെടാനുമാകും.
നിലവിൽ ഇരുന്ന് യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലെ സെക്കൻഡ് സിറ്റിങ്ങിൽ 770 പേർക്കും എസി ചെയർകാറിൽ 90 പേർക്കും സഞ്ചരിക്കാം.
നഗരത്തിൽ 2 സ്റ്റോപ്
പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരുവിലും കൃഷ്ണരാജപുരത്തും (കെആർ പുരത്തും) മാത്രമാണ് നഗരപരിധിയിൽ സ്റ്റോപ്. കെആർ പുരത്ത് 2 മിനിറ്റ് നിർത്തും.
ഇതിനിടയ്ക്കുള്ള ബെംഗളൂരു കന്റോൺമെന്റിൽ സ്റ്റോപ്പില്ല.
തമിഴ്നാട്ടിലേക്കും സൗകര്യപ്രദം
ബെംഗളൂരു–എറണാകുളം വന്ദേഭാരത് കൂടുതൽ ഗുണം ചെയ്യുന്നത് തമിഴ്നാടിനാണെന്ന ആരോപണം ഇതിനിടെ ശക്തമായി. സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുള്ളതിനാൽ ബെംഗളൂരുവിൽ നിന്ന് അവിടേക്ക് പകൽ യാത്ര ചെയ്യുന്നവർക്ക് സൗകര്യപ്രദമാണ്.
ബെംഗളൂരു കന്റോൺമെന്റ്–കോയമ്പത്തൂർ വന്ദേഭാരതിൽ യാത്രക്കാർ കുറഞ്ഞതോടെ അതിന്റെ സമയത്തിൽ ഉൾപ്പെടെ മാറ്റം വരുത്തിയെങ്കിലും വരുമാനം കാര്യമായി മെച്ചപ്പെട്ടില്ല. ഈ ട്രെയിൻ പാലക്കാട് വരെയെങ്കിലും നീട്ടണമെന്ന ആവശ്യത്തിലും റെയിൽവേ തീരുമാനമെടുക്കാൻ വൈകുന്നു.
സമയക്രമം മാറ്റുമോ?
ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെടുന്ന വന്ദേഭാരതിന്റെ സമയക്രമം സൗകര്യപ്രദമല്ലെന്ന് യാത്രക്കാർക്ക് പരാതിയുണ്ട്.
കെഎസ്ആർ സ്റ്റേഷനിലെത്താൻ ഏറെ പേർ ആശ്രയിക്കുന്ന മെട്രോ സർവീസ് 5ന് ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂ. അതിനാൽ സ്വകാര്യ വാഹനങ്ങളെയും വെബ് ടാക്സികളെയും ആശ്രയിച്ച് വേണം സ്റ്റേഷനിലെത്താൻ.
വന്ദേഭാരത് എറണാകുളത്ത് നിന്ന് തിരിച്ച് ബെംഗളൂരുവിലെത്തുന്നത് രാത്രി 11നാണ്. മെട്രോ അവസാന ട്രെയിൻ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്നത് 11നാണ്.
ഇന്റർസിറ്റിക്ക് വേണ്ടത് 10 മണിക്കൂർ 45 മിനിറ്റ്
നിലവിൽ ബെംഗളൂരു–എറണാകുളം റൂട്ടിലെ വേഗമേറിയ പകൽ ട്രെയിനായ ഇന്റർസിറ്റി എക്സ്പ്രസ് 578 കിലോമീറ്റർ ദൂരം 10 മണിക്കൂർ 45 മിനിറ്റ് കൊണ്ടാണ് പിന്നിടുന്നത്.
14 സ്റ്റോപ്പുകളുണ്ട്. ഹൊസൂർ, ധർമപുരി വഴിയായതിനാലാണ് ദൂരം കുറഞ്ഞത്.
രാവിലെ 6.10നു കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ഇന്റർസിറ്റി വൈകിട്ട് 4.55നാണ് എറണാകുളം ജംക്ഷനിലെത്തുന്നത്. എറണാകുളം–കെഎസ്ആർ ബെംഗളൂരു രാവിലെ 9.10നു പുറപ്പെട്ട് രാത്രി 9ന് കെഎസ്ആർ ബെംഗളൂരുവിലെത്തും.
ഇന്റർസിറ്റിക്ക് അടുത്ത മാസം ടിക്കറ്റ് ചാർജ് കുറയും
കെഎസ്ആർ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ എക്സ്പ്രസാകുമ്പോൾ ടിക്കറ്റ് നിരക്ക് കുറയും.
സെക്കൻഡ് സിറ്റിങ്ങിൽ 205 രൂപയും എസി ചെയർകാറിൽ 740 രൂപയുമാണ് പുതിയ നിരക്ക്. നിലവിൽ ഇത് 220 രൂപയും 790 രൂപയുമാണ്.
റിസർവ് ചെയ്യുമ്പോഴുള്ള സൂപ്പർഫാസ്റ്റ് നിരക്കിലാണ് മാറ്റം വരിക. ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറിൽ 55 കിലോമീറ്ററിൽ താഴെയായതിനാലാണ് സൂപ്പർഫാസ്റ്റിൽ നിന്ന് എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റാൻ റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

