സങ്കീർണമായ നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് പ്രവർത്തിക്കുക എന്നത് സ്റ്റാർട്ടപ്പുകള്‍ക്ക് അത്ര എളുപ്പമല്ല. അത്തരം സാഹചര്യം അനായാസം നേരിടാൻ കമ്പനികളെ സഹായിക്കുകയാണ് ഫാബ്ളോ എഐ.
പുതിയ സംരംഭകരുടെ ഇത്തരം നൂലാമാലകൾ ഏറ്റെടുത്ത് ശരിയാക്കുന്ന ബിസിനസ് ടു ബിസിനസ് സോഫ്ട്വെയർ അസ് എ സർവീസ് (B2B SaaS) മേഖലയിലാണ് ഫാബ്ളോ എഐ പ്രവർത്തിക്കുന്നത്. കോഴിക്കോട് സ്വദേശിയായ 33കാരൻ താരക് ശ്രീധരൻ ജർമൻ പങ്കാളിയായ മാർക്ക് ഗെർലാക്കുമായി ചേർന്ന് സ്ഥാപിച്ച ഫാബ്ളോ എഐ എന്ന ഈ നിർമിതബുദ്ധി സംവിധാനം ആഗോള നിക്ഷേപകരായ, സിംഗപ്പൂരിലെ ആന്റ്ലറിൽനിന്ന് പ്രീ-സീഡ് ഫണ്ടിങ്ങായി 125,000 ഡോളർ നേടി ശ്രദ്ധേയരാകുകയാണിപ്പോൾ.
നൂലാമാലകളില്ല
സിംഗപ്പൂർ ആസ്ഥാനമാക്കിയാണ് ഫാബ്ളോ എഐ പ്രവർത്തിക്കുന്നത്.
ഇന്ത്യയ്ക്ക് പുറമേ യൂറോപ്പ്, യുഎസ്, ആഫ്രിക്ക എന്നിവിടങ്ങളിലുമുണ്ട്. ജീവൻ രക്ഷാ ഉൽപന്നങ്ങൾ വികസിപ്പിക്കുന്ന സ്ഥാപനങ്ങളുടെ സങ്കീർണമായ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഓട്ടമേറ്റ് ചെയ്യാനുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
എത്ര വായിച്ചാലും തീരാത്ത നിർദേശങ്ങൾ, കാലഹരണപ്പെട്ട പ്രവർത്തനങ്ങൾ, നിലവാരം കുറഞ്ഞ രേഖകൾ, ഓഡിറ്റിങ് എളുപ്പമല്ലാത്ത സംവിധാനങ്ങൾ എന്നിവ വലിയ ചെലവിനും പ്രധാന ഉൽപന്നങ്ങൾ പ്രതീക്ഷിക്കുന്ന സമയത്ത് വിപണിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടാകുന്നതിനും കാരണമാകുന്നു.
എന്നാൽ താരകും ഗെർലാക്കും ചേർന്നൊരുക്കിയ ഈ സംരംഭം മികച്ചതും വേഗമേറിയതുമായ പരിശോധനകൾക്കു സഹായിക്കുന്നു.
പുതിയ പദ്ധതികൾ ചുവപ്പുനാടയിൽ കുരുങ്ങുന്നത് ഒഴിവാക്കി, ഗവേഷണത്തിലും കണ്ടുപിടിത്തങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതുവഴി സാധിക്കുന്നു.
മികച്ച ടീം
ആരംഭിച്ച് രണ്ട് മാസത്തിനുള്ളിലാണ് ആന്റ്ലറിൽ നിന്ന് 125,000 ഡോളറിന്റെ മുൻകൂർ സഹായധനം എത്തുന്നത്. ആദ്യ ഇടപാടുകാരുമായി നല്ല ബന്ധം സ്ഥാപിച്ചതും ഞങ്ങളുടെ ആശയത്തോടൊപ്പം സഞ്ചരിക്കാൻ കഴിയുന്ന മികച്ച ടീമിനെ കെട്ടിപ്പടുത്തതുമാണ് ഇത്രയും വലിയൊരു നിക്ഷേപം നേടുന്നതിന് സഹായിച്ചതെന്ന് താരക് പറഞ്ഞു.
ശക്തമായ അടിത്തറയുണ്ടാക്കാനും ഇന്ത്യയിലും യൂറോപ്പിലും ജീവനക്കാരെ നിയമിക്കുന്നതിനും വളർച്ചക്ക് വേഗം കൂട്ടുന്ന പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനും തുക ചെലവഴിക്കും.
യൂറോപ്പിലും യുഎസിലുമായി പ്രവർത്തനം വ്യാപിപ്പിക്കും. പത്തുലക്ഷം ഡോളർ വരെ സമാഹരിച്ച് പ്രീ-സീഡ് റൗണ്ട് പൂർത്തിയാക്കാനും, ആദ്യത്തെ 100 ഉപഭോക്താക്കളെ നേടാനും ഫാബ്ളോ എ.ഐ ലക്ഷ്യമിടുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങിലെ പൂർവ വിദ്യാർഥിയായ താരകിന്, സംരംഭകത്വത്തിലേക്കുള്ള തിരിച്ചുവരവാണ് ഫാബ്ളോ എഐ.
അദ്ദേഹം 2018 ൽ ആരംഭിച്ച ആദ്യ സ്റ്റാർട്ടപ്പ് ഒരു കസ്റ്റമർ ലോയൽറ്റി പ്ലാറ്റ്ഫോം ആയിരുന്നു, അത് പരാജയപ്പെട്ടു. രണ്ട് സംരംഭങ്ങൾക്കിടയിൽ, താരക് ഒൻപത് വർഷം ഐടി മേഖലയിൽ പ്രവർത്തിച്ചു.
മുൻ സംരംഭങ്ങളിൽ നിന്നുള്ള അനുഭവസമ്പത്തും ലൈഫ് സയൻസ് വ്യവസായത്തിൽ ആഴത്തില്‍ അറിവുമുള്ള മാർക്ക് ഗെർലാക്കുമായുള്ള പങ്കാളിത്തം കമ്പനിയുടെ വ്യവസായ സമീപനങ്ങൾ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

