കൊച്ചി∙ തനിക്കെതിരെയുള്ള പൊലീസ് നടപടിക്കു പിന്നിൽ രാഷ്ട്രീയമാണെന്ന ആരോപണവുമായി നിക്ഷേപത്തട്ടിപ്പു കേസിൽ അറസ്റ്റിലായ ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ്. ഷർഷാദിനെ എറണാകുളം സിജെഎം കോടതി 15 ദിവസത്തേക്കു റിമാൻഡ് ചെയ്തു. സൗത്ത് പൊലീസ് െചന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്ത് ഇന്നലെ പുലർച്ചെയാണു കൊച്ചിയിലെത്തിച്ചത്. ഉച്ച വരെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫിസാണു തന്റെ അറസ്റ്റിനു പിന്നിലെന്നു ഷർഷാദ് പറഞ്ഞു. പരാതിക്കാർക്കു സിപിഎം ബന്ധമുണ്ട്.
ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ ഉടൻ പുറത്തുവിടും.
പുറത്തുവന്ന ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകനെതിരായ പരാതി ഭീഷണിപ്പെടുത്തി ഒതുക്കുന്നതിന്റെ ഭാഗമാണ് അറസ്റ്റെന്നും ഷർഷാദ് ആരോപിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ മാധ്യമങ്ങളോടായിരുന്നു പ്രതികരണം. തനിക്ക് ഉയർന്ന രക്തസമ്മർദമുണ്ടെന്നു അറിയിച്ചതിനെ തുടർന്നു ഷർഷാദിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്നു പരിശോധനകൾക്കു ശേഷം രാത്രിയോടെയാണു കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റിയത്.
ഷർഷാദ് ഡയറക്ടറായ ചെന്നൈയിലെ പെൻഡ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ കമ്പനിയിൽ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്തു നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്.2023ൽ ഷർഷാദ് ഡയറക്ടറായ സ്ഥാപനം കടവന്ത്ര സ്വദേശികളായ രണ്ടുപേരിൽ നിന്ന് 40 ലക്ഷം രൂപ വാങ്ങിയിരുന്നു.ഒരാളിൽ നിന്ന് 30 ലക്ഷവും മറ്റൊരാളിൽ നിന്ന് 10 ലക്ഷവുമാണ് വാങ്ങിയത്. 24% ലാഭവിഹിതം, 5% വാർഷിക റിട്ടേൺ, 5% ഓഹരി പങ്കാളിത്തം എന്നിവയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.
എന്നാൽ, ഇവയിൽ ഒന്നും തന്നെ പാലിക്കപ്പെട്ടില്ലെന്നും നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ആരോപിച്ച് ഇവർ പരാതി നൽകുകയായിരുന്നു.ഷർഷാദിന് പുറമേ കമ്പനി സിഇഒയായ തമിഴ്നാട് സ്വദേശി ശരവണനും കേസിൽ പ്രതിയാണ്.
ശരവണൻ ഉടൻ പിടിയിലാകുമെന്നു പൊലീസ് അറിയിച്ചു. എം.വി.ഗോവിന്ദനും മകനുമെതിരെ ആരോപണങ്ങളുന്നയിച്ചും സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ആവശ്യപ്പെട്ടും ഷർഷാദ് പിബിക്ക് അയച്ച കത്തു വിവാദമായിരുന്നു. ആരോപണങ്ങൾക്കു പിന്നാലെ എം.വി.ഗോവിന്ദൻ, തോമസ് ഐസക് ഉൾപ്പെടെയുള്ളവർ ഷർഷാദിനെതിരെ വക്കീൽ നോട്ടിസയച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

