കേരളത്തിന്റെ ടൂറിസം ഭൂപടത്തിലും കായിക ചരിത്രത്തിലും സമാനതകളില്ലാത്ത സ്ഥാനമുള്ള വള്ളംകളി മത്സരങ്ങളെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള ചർച്ചകൾ സജീവമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഓണക്കാല പാക്കേജുകളിൽ വള്ളംകളിക്ക് പ്രധാന പങ്കുണ്ടെങ്കിലും, വള്ളംകളി മത്സരങ്ങളുടെ ലോകകപ്പായ നെഹ്റുട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
താൽക്കാലികമായി നിർമിക്കുന്ന വിഐപി ഗാലറികളും സൗകര്യക്കുറവുള്ള പവിലിയനുകളുമായി ഒറ്റദിവസത്തെ ചടങ്ങായി ഈ മഹോത്സവം ചുരുങ്ങുന്നുവെന്നതാണ് പ്രധാന വിമർശനം. രാജ്യാന്തര നിലവാരമുള്ള സ്ഥിരം പവിലിയൻ, വിപുലമായ പ്രചാരണം, സർക്കാർ ഗ്രാന്റുകളെ മാത്രം ആശ്രയിക്കാതെ സ്വന്തം വരുമാനം കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ എന്നിവ നടപ്പാക്കണമെന്ന് സംഘാടകരും വിദഗ്ധരും ആവശ്യപ്പെടുന്നു.
പുന്നമടക്കായലിലെ നെഹ്റു ഐലൻഡ് വർഷം മുഴുവൻ സജീവമാക്കുന്ന പദ്ധതികളും ചർച്ചയിലുണ്ട്. ഇവിടെ ആകർഷകമായ സ്ഥിരം പവിലിയൻ നിർമിക്കുകയും കരയിൽ നിന്നും ഇവിടേക്ക് ഒരു നടപ്പാലം യാഥാർത്ഥ്യമാക്കുകയും ചെയ്താൽ സഞ്ചാരികൾക്ക് ഏതുസമയത്തും പ്രയോജനപ്പെടുത്താം.
കുട്ടനാടൻ രുചികൾ ആസ്വദിക്കാനുള്ള റസ്റ്ററന്റും വള്ളംകളിയുടെ ചരിത്രം പറയുന്ന മ്യൂസിയവും ഇവിടെ ആരംഭിച്ചാൽ എൻടിബിആർ സൊസൈറ്റിക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനാകും. തിരുവനന്തപുരത്തെ ഓണം വാരാഘോഷ മാതൃകയിൽ ആലപ്പുഴ നഗരത്തിലും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത് ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകും.
ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും സാമ്പത്തികമായി സ്വയംപര്യാപ്തത നേടാൻ നെഹ്റു ട്രോഫിക്ക് സാധിച്ചിട്ടില്ല. സർക്കാർ ഗ്രാന്റിനെയാണ് ഇപ്പോഴും പ്രധാനമായും ആശ്രയിക്കുന്നത്.
സ്പോൺസർഷിപ്പിലൂടെയും ഐപിഎൽ മാതൃകയിൽ ബോട്ടുക്ലബുകൾക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിലൂടെയും സാമ്പത്തിക ഭദ്രത കൈവരിക്കാനാകും. ഇതിനായി ആറുമാസം മുമ്പേ തയാറെടുപ്പുകൾ തുടങ്ങണമെന്നും ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യണമെന്നും വിവിധ കോണുകളിൽ നിന്ന് നിർദ്ദേശങ്ങൾ ഉയർന്നിട്ടുണ്ട്.
വെബ്സൈറ്റ് നവീകരിച്ച് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. ഇത്തവണത്തെ നെഹ്റു ട്രോഫിയുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.
വള്ളങ്ങളുടെ അവസാനഘട്ട പരിശീലനം കാണാൻ കാണികൾക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായി ട്രാക്ക് നേരത്തെ തയാറാക്കുമെന്ന് കലക്ടർ ഷാജി വി.നായർ അറിയിച്ചു.
ഒരാഴ്ച നീളുന്ന ഉത്സവമായി വള്ളംകളിയെ മാറ്റാനാണ് സംഘാടകസമിതിയുടെ തീരുമാനം. മത്സരങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 19ന് നടക്കുന്ന വഞ്ചിപ്പാട്ട് മത്സരത്തിനുള്ള റജിസ്ട്രേഷൻ ഓഗസ്റ്റ് 1 മുതൽ 15 വരെ നടക്കും.
വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി വിവിധ വിഭാഗങ്ങളിലാണ് മത്സരം. ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിലെ ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ നേരിട്ടെത്തി പേര് റജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: **0477- 2252212**.
കൂടാതെ, വഞ്ചിപ്പാട്ട് മത്സരത്തിന് വിധികർത്താക്കളാകാൻ ആഗ്രഹിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി ഓഗസ്റ്റ് 8 ആണ്.
ബയോഡേറ്റ സഹിതം നേരിട്ടോ തപാൽ വഴിയോ ഇമെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. ഇ-മെയിൽ വിലാസം: [email protected].
വള്ളംകളിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കലക്ടറേറ്റിൽ തയാറാക്കിയ പബ്ലിസിറ്റി കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം കലക്ടർ ഷാജി വി.നായർ നിർവഹിച്ചു. ചിത്രരചന, ഫെയ്സ് പെയിന്റിങ്, കമന്ററി മത്സരം, വിവിധ പ്രദർശനങ്ങൾ എന്നിവയും നെഹ്റുട്രോഫി പ്രയാണവും ഇത്തവണത്തെ പ്രത്യേകതകളായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

