വീട്ടുമുറ്റത്ത് യാദൃശ്ചികമായി വളർത്തിയ ചെടിയുടെ കായ്കളുടെ ഔഷധമൂല്യം തിരിച്ചറിഞ്ഞ് കർഷകന് മികച്ച വരുമാനം. കൊടോം ബേളൂർ പഞ്ചായത്തിലെ അട്ടേങ്ങാനം കളിച്ചാർവട്ടത്തെ കർഷകനായ യു.മാധവൻ നായർക്കാണ് അപൂർവ്വ അനുഭവം ഉണ്ടായത്.
വീട്ടുമുറ്റത്ത് നട്ടുവളർത്തിയ ചെടിയിൽ കായ്കൾ ഉണ്ടായെങ്കിലും, ഇവ എന്താണെന്ന് തിരിച്ചറിയാത്തതിനാൽ ആദ്യ രണ്ടു വർഷവും ഇവ ഉപയോഗിക്കാതെ കളയുകയാണ് ഉണ്ടായത്. ഒടുവിൽ സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം കായ്കൾ ഉണക്കിയെടുത്ത് പച്ചമരുന്നു വിൽപനശാലയിൽ എത്തിച്ചപ്പോഴാണ് കിലോയ്ക്ക് 1000 രൂപ നിരക്കിൽ വില ലഭിച്ചത്.
ഒരു ബന്ധുവാണ് യു.മാധവൻ നായർക്ക് ഈ ചെടിയുടെ തൈ സമ്മാനമായി നൽകിയത്. കായ്കളുടെ ഫോട്ടോ ക്യാമറയിൽ പകർത്തി ഇന്റർനെറ്റിൽ നടത്തിയ പരിശോധനയിലാണ് ഇത് ഔഷധമൂല്യമേറിയ മഹ്കോട്ട
ദേവ (ശാസ്ത്രനാമം: പലേറിയ മാക്രോകാർപ) പഴമാണെന്ന് തിരിച്ചറിഞ്ഞത്. ചെടിയുടെ ഔഷധ പ്രാധാന്യവും വിപണിമൂല്യവും മനസ്സിലായതോടെ, ഇത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം ഇപ്പോൾ.
മലയോര മേഖലയിൽ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒന്നാണ് ഈ സസ്യം. ഇന്തോനേഷ്യൻ സ്വദേശമായ ഔഷധസസ്യമാണ് മഹ്കോട്ട
ദേവ. ‘ദൈവത്തിന്റെ കിരീടം’ എന്നാണ് ഈ വാക്കിന്റെ അർത്ഥം.
ചൂടുള്ള കാലാവസ്ഥയാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. പച്ചമരുന്നു വിൽപനശാലകളിൽ ഈ പഴത്തിന് വൻ ഡിമാൻഡാണുള്ളത്.
കായ്കൾ പഴുത്തു പാകമാകുമ്പോൾ പറിച്ചെടുത്ത് ചെറു ചീളുകളായി അരിഞ്ഞ് വെയിലത്തുണക്കി വിൽപന നടത്തിയാൽ കിലോയ്ക്ക് 1000 രൂപ വരെ ലഭിക്കും. മൂന്ന് വർഷം പ്രായമായ ഒരു ചെടിയിൽ നിന്ന് വർഷത്തിൽ ഏകദേശം 15 കിലോ വരെ കായ്കൾ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
നട്ട് ഒരു വർഷം മുതൽ ഒന്നര വർഷം കഴിയുമ്പോൾ തന്നെ ചെടികൾ കായ്ച്ചു തുടങ്ങും എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

