തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലൊന്നായ കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ കടുത്ത അവഗണന നേരിടുന്നു.
ദിവസേന യാത്ര ചെയ്യുന്നവരുടെ എണ്ണം എണ്ണായിരത്തിന് മുകളിലെത്തിയിട്ടും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ വികസന പ്രവർത്തനങ്ങളോ ഇവിടെ നടപ്പിലാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പ്രതിവർഷം നാല് കോടി രൂപയോളമാണ് നിലവിൽ ഈ സ്റ്റേഷന്റെ വരുമാനം.
2022–2023 കാലയളവിൽ ഇത് രണ്ടേമുക്കാൽ കോടി രൂപ മാത്രമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പുറമെ കന്യാകുമാരി മേഖലയിൽ നിന്ന് ടെക്നോപാർക്കിൽ ജോലിക്കായി എത്തുന്ന ഒട്ടനവധി പേർ ആശ്രയിക്കുന്ന പ്രധാന സ്റ്റേഷനാണിത്.
നെയ്യാറ്റിൻകര, പാറശാല, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ദിനംപ്രതി നിരവധി യാത്രക്കാർ ഇവിടെയെത്തുന്നുണ്ട്. അതിനാൽ കന്യാകുമാരി ഭാഗത്തേക്ക് സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്ന് ഐടി ജീവനക്കാർ ആവശ്യപ്പെടുന്നു.
സ്റ്റേഷന്റെ പേര് കഴക്കൂട്ടം ഫോർ ടെക്നോപാർക്ക് എന്ന് പുനർനാമകരണം ചെയ്യണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. 2011ൽ അന്നത്തെ ഡിആർഎം രാജേഷ് അഗർവാൾ സ്റ്റേഷന്റെ വികസന സാധ്യതകൾ ചർച്ച ചെയ്യുകയും, ഐടി ഹബ്ബിന്റെ നിലവാരത്തിലേക്ക് സ്റ്റേഷനെ ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നെങ്കിലും പിന്നീട് യാതൊരുവിധ തുടർനടടികളും ഉണ്ടായില്ല.
സ്റ്റേഷനിലേക്ക് എത്തുന്ന റോഡ് വീതികൂട്ടണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ യാത്രക്കാർ കഴക്കൂട്ടം മാർക്കറ്റ് ജംക്ഷൻ വഴിയാണ് സ്റ്റേഷനിലേക്കു എത്തിച്ചേരുന്നത്.
ഈ ഭാഗത്ത് ഇപ്പോൾ ഓട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് യാത്രക്കാരുടെ യാത്രാക്ലേശം ഇരട്ടിയാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

