ആലപ്പുഴ ∙ നാടോടി നൃത്തവേഷത്തിന്റെ ചാരുത പുറമേ തിളങ്ങുമ്പോഴും ഉള്ളിലേക്കു പടർന്ന ദുരിതങ്ങളുടെ നിഴൽ വർഷയുടെ മനസ്സിൽ ഒഴിയുന്നില്ല. ജീവിതത്തിൽ തനിച്ചാകുമെന്ന സ്ഥിതിയെത്തിയപ്പോഴാണു നൃത്താധ്യാപിക ശ്രീലക്ഷ്മി ജയരാജ് മൂന്നര വയസ്സു മുതൽ അറിയുന്ന ഈ പതിനേഴുകാരിയെ ചേർത്തു പിടിച്ചത്.
ഇന്നലെ കലോത്സവ വേദിയിലെത്താൻ ആവശ്യമായ മേക്കപ്പ്, വേഷം, ആഭരണം എല്ലാം അധ്യാപികയുടെയും മേക്കപ്മാൻമാരായ ശ്യാം കുട്ടപ്പന്റെയും ലാലിച്ചന്റെയും കരുതലിന്റെ ഭാഗം. മത്സരത്തിൽ വർഷയ്ക്ക് എ ഗ്രേഡ് തിളക്കം.
അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപം ടിൻഷീറ്റിൽ നിർമിച്ച വാടകവീട്ടിൽ അച്ഛൻ സന്തോഷിനൊപ്പമാണു വർഷയുടെ താമസം.
പക്ഷേ, ആ വീട്ടിൽ സുരക്ഷിതത്വം ചോദ്യമായപ്പോൾ കുറച്ചു നാളുകളായി കഞ്ഞിക്കുഴിയിൽ നൃത്താധ്യാപികയുടെ വീട്ടിലായിരുന്നു താമസം. തെങ്ങുകയറ്റ തൊഴിലാളിയായ സന്തോഷ് തെങ്ങിൽനിന്നു വീണു പരുക്കേറ്റതോടെ ജോലിക്കു പോകുന്നതു കുറഞ്ഞു, ഹൃദ്രോഗി കൂടിയാണ്.
വരുമാനം ചുരുങ്ങിയതോടെ മാസം 3000 രൂപ വാടകപോലും നൽകാനാവാത്ത സ്ഥിതിയിലായി.
ഇപ്പോൾ ആ വീടും ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കു മുൻപ് അമ്മ ഉപേക്ഷിക്കുകയും ചെയ്തു.
ഇതോടെയാണു ശ്രീലക്ഷ്മി, വർഷയുടെ സംരക്ഷണം ഏറ്റെടുത്തത്. മൂന്നര വയസ്സിൽ നൃത്തപഠനം തുടങ്ങിയ വർഷയുടെ കഴിവ് കണ്ട
ശ്രീലക്ഷ്മി ഒരു രൂപ പോലും വാങ്ങാതെയാണു പഠിപ്പിക്കുന്നത്. നൃത്തത്തിൽ മാത്രം ഈ മിടുക്കിയുടെ കഴിവുകൾ ഒതുങ്ങുന്നില്ല, പാട്ടിലും പഠനത്തിലും വർഷ മുൻപന്തിയിലാണ്.
ഗാനമേളകളിൽ പങ്കെടുക്കുമ്പോൾ ലഭിക്കുന്ന ചെറിയ വരുമാനവും സ്കൂളിൽ നിന്നുള്ള സാമ്പത്തിക സഹായവും ചേർത്താണു ചെലവുകൾ കഴിയുന്നത്.
അറവുകാട് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയായ വർഷയുടെ മുന്നിൽ കലോത്സവം കഴിയുന്നതോടെ ചോദ്യങ്ങളുടെ നീണ്ട നിരയാണ്.
ഈ കലോത്സവം കഴിഞ്ഞാൽ മുന്നിൽ എന്ത്? വീടുണ്ടോ? പഠനം തുടരാനാകുമോ? …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

