ആലപ്പുഴ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 1,42,377 വോട്ടർമാർ പുറത്ത്. ഇന്നലെ പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 16,16,561 വോട്ടർമാരാണ് ഉള്ളത്.
എസ്ഐആർ നടപടികൾ ആരംഭിക്കുന്നതിനു മുൻപ് ഈ വർഷം ഒക്ടോബർ 27ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയനുസരിച്ച് ജില്ലയിൽ 17,58,938 വോട്ടർമാർ ഉണ്ടായിരുന്നു. ഇതിൽ നിന്ന് എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകാത്തവരെ ഒഴിവാക്കിയാണു കരടുപട്ടിക പ്രസിദ്ധീകരിച്ചത്.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 142377 പേരിൽ കണ്ടുപിടിക്കാൻ കഴിയാത്തവർ (33771), സ്ഥിരമായി താമസം മാറിയവർ (50839), മരിച്ചവർ ( 46999), രണ്ടു ബൂത്തുകളിൽ വോട്ടുള്ളവർ ( 8237) എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്.
മറ്റു കാരണങ്ങളാൽ ഒഴിവാക്കപ്പെട്ട 2531 പേരുണ്ട്.
ഇവരിൽ പലരും എന്യുമറേഷൻ ഫോം തിരിച്ചേൽപ്പിക്കാത്തവരാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
പരിശോധിക്കാം പരാതി നൽകാം
തിരഞ്ഞെടുപ്പ് കമ്മിഷന്റെ voters.ecl.gov.in വെബ് സൈറ്റിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ceo.kerala.gov.in എന്ന വെബ് സൈറ്റിലും eci net, voter helpline app എന്നീ ആപ്പുകളിലും വോട്ടർ പട്ടിക പരിശോധനയ്ക്കു ലഭ്യമാണ്. പുറത്താക്കിയവരുടെ ബൂത്തു തിരിച്ചുള്ള പട്ടിക ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരുടെ ഓഫിസുകളിലെ നോട്ടിസ് ബോർഡുകളിൽ പ്രദർശിപ്പിക്കും.
എല്ലാവരും പട്ടിക പരിശോധിച്ച് പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നുറപ്പാക്കണമെന്നു കലക്ടർ അറിയിച്ചു. കരടുപട്ടികയുമായി ബന്ധപ്പെട്ട
പരാതികൾ ഇന്നു മുതൽ ജനുവരി 22 വരെ നൽകാം. ജനുവരി 23 മുതൽ ഫെബ്രുവരി 14 വരെ പരാതികളിലുള്ള ഹിയറിങ് നടക്കും.
ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
കരടുപട്ടിക രാഷ്ട്രീയ പാർട്ടികൾക്കു കൈമാറി
എസ്ഐആർ കരടുപട്ടികയുടെ പകർപ്പ് ജില്ലയിലെ രാഷ്്ട്രീയ പാർട്ടി പ്രതിനിധികൾക്കു കൈമാറി. പി.പി.ചിത്തരഞ്ജൻ എംഎൽഎയ്ക്കു പട്ടികയുടെ പകർപ്പ് നൽകി കലക്ടർ അലക്സ് വർഗീസ് ഇതിനു തുടക്കം കുറിച്ചു.
നിയോജക മണ്ഡലം തലത്തിലാണു പാർട്ടി പ്രതിനിധികൾക്കു പട്ടിക കൈമാറുന്നത്. കരടുവോട്ടർ പട്ടിക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു കലക്ടറുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.
പുറത്താകാനിരുന്ന 2271 പേർ കരടുപട്ടികയിൽ കയറി
ജില്ലയിൽ 17ന് പ്രസിദ്ധീകരിച്ച പുറത്താകൽ പട്ടികയിൽ ഉൾപ്പെട്ട
2271 പേർ കരടുപട്ടികയിൽ ഇടംപിടിച്ചു. എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകാൻ ഒരു ദിവസം ബാക്കിനിൽക്കേ 17നാണ് പുറത്താകാൻ സാധ്യതയുള്ളവരുടെ പട്ടിക (എഎസ്ഡി പട്ടിക) പ്രസിദ്ധീകരിച്ചത്.
144648 പേരാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത്. കണ്ടുപിടിക്കാൻ കഴിയാത്തവർ, മരിച്ചവർ, താമസം മാറിയവർ, ഫോം തിരികെ നൽകാത്തവർ എന്നിവരാണു ഈ പട്ടികയിൽ ഉണ്ടായിരുന്നത്. ഫോം തിരിച്ചേൽപ്പിക്കാനുള്ള അവസാന ദിവസമാണ് 18ന് 2271 പേർ പട്ടിക പൂരിപ്പിച്ചു നൽകിയതോടെ പുറത്താകുന്നവരുടെ എണ്ണം 142377 ആയി കുറഞ്ഞു.
കൂടുതൽ പേർ പുറത്തായത് മാവേലിക്കരയിൽ
ജില്ലയിൽ ഏറ്റവും കുടുതൽ പേർ വോട്ടർപട്ടികയിൽ നിന്നു പുറത്തായത് മാവേലിക്കര നിയമസഭാ മണ്ഡലത്തിലാണ്–18212 പേർ. കായംകുളം നിയമസഭാ മണ്ഡലമാണു തൊട്ടുപിന്നിൽ–17729 പേർ.
ഏറ്റവും കുറവ് വോട്ടർമാർ പുറത്തായത് ചേർത്തല മണ്ഡലത്തിലാണ്–12240 പേർ.
ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും വോട്ടർപട്ടികയുടെ വിശദാംശങ്ങൾ ചുവടെ
(ആകെ വോട്ടർമാർ, കരടുപട്ടികയിൽ ഉൾപ്പെട്ടവർ , പട്ടികയിൽ നിന്ന് പുറത്താകുന്നവർ എന്ന ക്രമത്തിൽ)
അരൂർ 198285 183862 14423
ചേർത്തല 211401 199161 12240
ആലപ്പുഴ 198368 181386 16982
അമ്പലപ്പുഴ 176341 158693 17648
കുട്ടനാട് 163872 150189 13683
ഹരിപ്പാട് 192465 178502 13963
കായംകുളം 212047 194318 17729
മാവേലിക്കര 204784 186572 18212
ചെങ്ങന്നൂർ 201375 183378 17497
ആകെ 1758938 16,16,561 142377
കരടുപട്ടിക ഒറ്റ നോട്ടത്തിൽ
ഒക്ടോബർ 27ന് ജില്ലയിലെ ആകെ വോട്ടർമാർ- 17,58,938
കരടുപട്ടികയിൽ ജില്ലയിലെ ആകെ വോട്ടർമാർ- 16,16561
പട്ടികയിൽ നിന്ന് പുറത്തായവർ- 1,42,377
കരടുപട്ടികയിൽ സ്ത്രീകൾ- 837538
കരടുപട്ടികയിൽ പുരുഷന്മാർ- 779007
കരടുപട്ടികയിൽ ട്രാൻസ്ജെൻഡർ- 16
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

