ആലപ്പുഴയിലെ ദേശീയപാതയിൽ അശ്രദ്ധമായി കൂട്ടിയിട്ടിരിക്കുന്ന മൺകൂനകൾ യാത്രികർക്ക് വലിയ ഭീഷണിയാകുന്നു. യാതൊരുവിധ മുന്നറിയിപ്പ് സംവിധാനങ്ങളുമില്ലാതെ റോഡിൽ കിടക്കുന്ന ഈ മൺകൂനകൾ വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കലവൂരിൽ ദേശീയപാതയുടെ മേൽപാതയിലെ മൺകൂനയിൽ തട്ടി കാർ തലകീഴായി മറിയുകയും ഡ്രൈവർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഈ മൺകൂനകൾ ഇതുവരെ നീക്കം ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണും അവശിഷ്ടങ്ങളും കലവൂരിൽ മേൽപാതയുടെ രണ്ട് ഭാഗങ്ങളിലുമാണ് കൂട്ടിയിട്ടിരിക്കുന്നത്. അപായ നാടയും (കോഷൻ ടേപ്) ഒരു ചെറിയ ബാരിക്കേഡും മാത്രമാണ് സുരക്ഷയ്ക്കായി ഇവിടെയുള്ളത്.
രാത്രിയിൽ ആവശ്യത്തിന് തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ ദൂരെ നിന്നു വരുന്ന വാഹനങ്ങൾക്ക് ഇത് കാണാൻ സാധിക്കുന്നില്ല. വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് മൺകൂനയും മറ്റും കാണാനാകുക.
കഴിഞ്ഞ ദിവസം രാത്രി കാർ അപകടമുണ്ടായത് ഈ സാഹചര്യത്തിലാണ്. ജില്ലയിൽ ദേശീയപാത നിർമാണം നടക്കുന്ന പല ഇടങ്ങളിലും ഇത്തരത്തിൽ കൃത്യമായ മുന്നറിയിപ്പോ സുരക്ഷയോ ഒരുക്കിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
സർവീസ് റോഡുകളിൽ നിന്ന് മേൽപാതയിലേക്കും തിരിച്ചും ഗതാഗതം തിരിച്ചുവിടുന്നതിന്റെ ബോർഡുകൾ അടുത്തതെത്തിയാൽ മാത്രമാണ് പലയിടങ്ങളിലും അറിയാൻ സാധിക്കുക. പലയിടത്തും മണ്ണും കമ്പികളും മറ്റു സാമഗ്രികളും അലക്ഷ്യമായി കിടക്കുന്നതും കാണാം.
കൃപാസനം ജംക്ഷനു സമീപം ഗതാഗതം വഴിതിരിച്ചു വിടുന്ന ബോർഡുകൾക്കു മുന്നിൽ പോലും മല പോലെ മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ ഇടിച്ചുകയറി അപകടമുണ്ടായാൽ പിന്നിൽ വരുന്ന വാഹനങ്ങളും അപകടത്തിൽപെടുമെന്ന് ഉറപ്പാണ്.
കൂടാതെ, കൃപാസനം ജംക്ഷന് സമീപം വാഹനങ്ങൾ അനധികൃതമായി ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നതും വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർക്ക് സൃഷ്ടിക്കുന്നത്. മേൽപാതയിൽ നിന്ന് ഇവിടേക്കെത്തുമ്പോൾ റോഡിന്റെ വീതി വളരെയധികം കുറയും.
ഇരുവശത്തുമുള്ള പാർക്കിങ്ങും കച്ചവടങ്ങളും കൂടിയാകുമ്പോൾ വലിയ ഗതാഗതക്കുരുക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. തൃശൂരിൽ കഴിഞ്ഞ 4ന് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാത മേഖലയുടെ സുരക്ഷ പരിശോധിക്കാൻ പ്രത്യേക ടാസ്ക്ഫോഴ്സ് പരിശോധന നടത്തിയിരുന്നു.
ഇതേത്തുടർന്ന് ദേശീയപാതയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചെങ്കിലും നിർമാണ ജോലികളുടെ ഭാഗമായി പുതുതായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പൂർണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല. കൃത്യമായ സുരക്ഷാ സംവിധാനങ്ങളും ബോർഡുകളും സ്ഥാപിക്കാനും രാത്രി പ്രകാശ സംവിധാനങ്ങൾ ഒരുക്കാനും അടിയന്തര നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

