മാവേലിക്കര ∙ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ സങ്കീർണതകളെത്തുടർന്നു സ്ത്രീ മരിച്ചു. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.
അണ്ഡാശയ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെ കറ്റാനം ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയിൽ രെജീഷിന്റെ ഭാര്യ ധന്യ (42)യാണു മരിച്ചത്.ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ബോർഡ് രൂപീകരിച്ചു സംഭവം അന്വേഷിക്കാമെന്ന ഉറപ്പിനെത്തുടർന്നാണു സ്ഥിതി ശാന്തമായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
പ്രതിഷേധത്തിനിടെ ഡോക്ടർക്കു നേരെ കയ്യേറ്റശ്രമവും ഉണ്ടായി.താക്കോൽദ്വാര ശസ്ത്രക്രിയയാണു ധന്യയ്ക്കു നിശ്ചയിച്ചിരുന്നത്. ഇതു ചെയ്യുന്നതിനിടെ, ചേർന്നിരുന്ന കുടലുകൾ അകറ്റുമ്പോൾ രക്തസ്രാവം ഉണ്ടായി.
തുടർന്ന് ഓപ്പൺ ശസ്ത്രക്രിയ നടത്തി രക്തസ്രാവം പരിഹരിച്ച ശേഷം മുഴ നീക്കം ചെയ്തു.
അതിനു പിന്നാലെയാണു ധന്യ മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.ഹരിപ്പാട് കുമാരപുരം എരിക്കാവ് പനനിൽക്കുംതോപ്പിൽ (ശശിനിവാസ്) ശശിയുടെയും ഗീതയുടെയും മകളാണ് ധന്യ.
ഭർത്താവ് രെജീഷ് ദുബായിലാണ്. ഇന്നു നാട്ടിലെത്തും.
മകൻ: അഥർവ്.ശസ്ത്രക്രിയയ്ക്കിടെ പിഴവ് പറ്റിയെന്നും വിഡിയോ ദൃശ്യങ്ങൾ നൽകിയില്ലെന്നും ആരോപിച്ചാണു ബന്ധുക്കൾ പ്രതിഷേധിച്ചത്.
വിശദീകരണം നൽകാനെത്തിയ ഡോക്ടർക്കു നേരെ ചിലർ തട്ടിക്കയറി കയ്യേറ്റത്തിനു ശ്രമിച്ചതു സംഘർഷത്തിന് ഇടയാക്കി. ബന്ധുക്കളുടെ പരാതിയിൽ കേസ് എടുത്തെന്നും ചികിത്സയുടെ രേഖകൾ ആശുപത്രി കൈമാറിയിട്ടുണ്ടെന്നും എസ്എച്ച്ഒ സി.ശ്രീജിത് പറഞ്ഞു. എം.എസ്.അരുൺകുമാർ എംഎൽഎ, നഗരസഭാ മുൻ അധ്യക്ഷൻ കെ.ആർ.മുരളീധരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയാണു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചത്.ചികിത്സിച്ച ഡോക്ടറുടെ ഭാഗത്തുനിന്ന് അശ്രദ്ധയോ ചികിത്സാ പിഴവോ ഉണ്ടായിട്ടില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സാ പ്രോട്ടോക്കോൾ പാലിച്ചാണു ശസ്ത്രക്രിയ നടത്തിയത്. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

