ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പെരുമ്പളം പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകാതെ അനിശ്ചിതത്വത്തിൽ തുടരുന്നു. മാർച്ച് 7-ന് ഉദ്ഘാടനം നിർവഹിച്ച പാലത്തിലെ പല പ്രധാന പ്രവൃത്തികളും ഇനിയും പൂർത്തീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് പ്രവൃത്തികൾ വേഗത്തിലാക്കി ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാൽ, രണ്ട് മാസം പിന്നിട്ടിട്ടും ആദ്യഘട്ട
ടാറിങ് ഭാഗികമായി മാത്രമാണ് പൂർത്തിയായത്. പാലത്തിലും അപ്രോച്ച് റോഡിലും രണ്ടാം ഘട്ട
ടാറിങ് ഇനിയും ആരംഭിച്ചിട്ടില്ല. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെച്ച അവസ്ഥയിലാണ്.
തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിലും വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, തുടർനടപടികൾ എങ്ങുമെത്തിയിട്ടില്ല.
കൂടാതെ, പാലത്തിലെ അനധികൃത പാർക്കിങ്ങും കച്ചവടവും മറ്റൊരു വലിയ പ്രശ്നമായി തുടരുകയാണ്. ഇത് ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാലത്തിലും കായലിലും തള്ളുന്നതിലേക്ക് നയിക്കുന്നുണ്ട്.
രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്ന പരാതിയും ശക്തമാണ്. യാത്രാ സൗകര്യങ്ങളുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്.
പെരുമ്പളത്തുനിന്ന് എറണാകുളം, കോട്ടയം ജില്ലകളിലേക്ക് പ്രഖ്യാപിച്ച കെഎസ്ആർടിസി ബസ് സർവീസ് ഉദ്ഘാടന ദിവസത്തെ ഫ്ലാഗ് ഓഫിന് ശേഷം ഇതുവരെ ആരംഭിച്ചിട്ടില്ല. ടാറിങ് പൂർത്തിയായ ശേഷം മാത്രമേ ബസ് സർവീസ് പുനരാരംഭിക്കൂ എന്നാണ് അധികൃതരുടെ നിലപാട്.
അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമാണം നിലയ്ക്കാൻ കാരണമെന്ന് കരാറുകാർ വിശദീകരിക്കുന്നു. റോഡ് നിർമാണ യന്ത്രങ്ങളും നിർമാണ സാമഗ്രികളും പാലത്തിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നത് രാത്രികാലങ്ങളിൽ വലിയ അപകട
ഭീഷണിയാണ് ഉയർത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

